ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ജൂണ്‍ 15, 16 തീയതികളില്‍ നടത്തിയ 5,7, 10, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് 25ന് 11മണിക്ക് 115 ഡിവിഷന് കേന്ദ്രങ്ങളില്‍ 'സേ' പരീക്ഷ നടക്കും. അഞ്ചാംതരത്തില്‍ 318 വിദ്യാര്‍ഥികളും ഏഴാംതരത്തില്‍ 127 വിദ്യാര്‍ഥികളും പത്താം തരത്തില്‍ 23 വിദ്യാര്‍ഥികളും പ്ലസ്ടു ക്ലാസില്‍ 11 വിദ്യാര്‍ഥികളും പരീക്ഷയ്ക്കിരിക്കും. പരീക്ഷ സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി 115 സൂപ്പര്‍വൈസര്‍മാരെ നിയമിച്ച് പരിശീലനം നല്‍കിയതായി പരീക്ഷാബോര്‍ഡ് ചെയര്മാന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് അറിയിച്ചു.