മലയാള സര്വകലാശാലയില് അറബിമലയാളത്തിന് പഠന കേന്ദ്രം അനുവദിക്കണം; ഹാദിയ

തിരൂരങ്ങാടി: മലയാള ഭാഷയുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ച മലയാള സര്‍വകലാശാല യില്‍ അറബി മലയാളത്തിന് പഠന കേന്ദ്രം അനുവദിക്കണമെന്ന് ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ആവശ്യപ്പെട്ടു. മലയാളത്തില്‍ ലിപിയും വ്യാകരണവും ഉണ്ടാകുന്നതിന് മുന്‍പേ കേരളത്തില്‍ രൂപം കൊണ്ട അറബി മലയാളത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും യാതൊരു പരിഗണനയും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാറിന് കീഴില്‍ അറബിമലയാളത്തെ സംരക്ഷിക്കുന്ന തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മലയാള സര്‍വകലാശാലയില്‍ അറബി മലയാളത്തിനായി പ്രത്യേക പഠന കേന്ദ്രം അനുവദിക്കണമെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ഹാദിയ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ഫൈസല്‍ ഹുദവി തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, അന്‍വര്‍ സാദാത്ത് ഹുദവി, റഫീഖ് ഹുദവി കാട്ടുമുണ്ട. പി.കെ നാസര്‍ ഹുദവി കൈപ്പുറം, ഡോ. ജാബിര്‍ ഹുദവി, ജഅ്ഫര്‍ ഹുദവി കുളത്തൂര്‍, ജാബിര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.