തജ്‌രിബ; ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്‍വഹിച്ചു | മഹല്ല്തല മതശാക്തീകരണ പദ്ധതിയുമായി SKSSF

മലപ്പുറം : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി ആവിഷ്‌ക്കരിച്ച തജ്‌രിബ മഹല്ല് തല മത ശാക്തീകരണ പദ്ധതിയുടെ പ്രഖ്യാപനം പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പദ്ധതിയുടെ വിജയത്തിനായി മഹല്ലുകമ്മറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് തങ്ങള്‍ പറഞ്ഞു. കാസര്‍കോഡ്, കണ്ണൂര്‍ , കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, വയനാട്, നീലഗിരി ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന 100 മഹല്ലുകളിലാണ് പ്രഥമ ഘട്ടത്തില്‍ പദ്ധതി നടപ്പില്‍ വരുത്തുക. മഹല്ല് സര്‍വേ, ഗൃഹ സന്ദര്‍ശനം, ലീഡേഴ്‌സ് മീറ്റ്, കുരുന്നുകൂട്ടം, ടീനേജേഴ്‌സ് കാമ്പസ്, യൂത്ത് മീറ്റ്, വനിതാസംഗമം തുടങ്ങിയ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി മഹല്ലുകളില്‍ നടക്കുന്നത്. സമ്പൂര്‍ണ്ണ പരിശീലനം നേടിയ നാലംഗ ടീമാണ് മതശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. താല്‍പര്യമുള്ള മഹല്ലുകള്‍ക്ക് സെപ്തംബര്‍ 15 നകം അപേക്ഷിക്കാവുന്നതാണ്. ചടങ്ങില്‍ റശീദ് ഫൈസി വെള്ളായിക്കോട് ആധ്യക്ഷം വഹിച്ചു. റാജിഹ് അലി ശാഹാബ് തങ്ങള്‍ , ആസിഫ് ദാരിമി പുളിക്കല്‍ , റിയാസ് പാപ്ലശ്ശേരി, സി പി ബാസിത് ചെമ്പ്ര, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, സയ്യിദ് ഫാരിസ് തങ്ങള്‍ മേല്‍മുറി, മുഹമ്മദ് റാഫി മുണ്ടം പറമ്പ് സംബന്ധിച്ചു.
- twalabastate wing / C.P. Bashith