ന്യൂഡല്‍ഹി: ഹജ്ജ് നയത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹജ്ജ് നയത്തില്‍ ഇടപെടുന്നതിനായി ജമാഅത്തെ ഇസ്‌ലാമി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജമാഅത്തെ ഇസ്‌ലാമി മതസംഘടനയല്ലെന്നും രാഷ്ട്രീയ സംഘടനയാണെന്നും കോടതി പറഞ്ഞു. മതപരമായ കാര്യങ്ങളില്‍ ഇടപെടുന്ന സംഘടനകള്‍ക്ക് പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ഇളവുകളും നല്‍കി ഹജ്ജിനുള്ള സൗകര്യം നല്‍കണമെന്നായിരുന്നു ജമാഅത്തെ ഇസ്‌ലാമി ഹരജിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആവശ്യം എതിര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും അതിനാല്‍ ഹജ്ജ് നിയമവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്നും വാദിച്ചു. ഈ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സഊദിയില്‍ ദീര്‍ഘകാല താമസം ഒരുക്കുന്നതില്‍ അഴിമതിയും നിക്ഷിപ്ത താത്പര്യവുമുണ്ടാകാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഇക്കാര്യങ്ങള്‍ക്കായുള്ള സമിതി ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് സര്‍ക്കാരേതര അംഗങ്ങളെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. താമസ സൗകര്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് സര്‍ക്കാര്‍ അംഗങ്ങള്‍ മാത്രമുള്ള ബില്‍ഡിങ് കമ്മിറ്റിയേയാണ്. എന്നാല്‍ കമ്മിറ്റിയില്‍ സര്‍ക്കാര്‍ അംഗങ്ങള്‍ മാത്രമാണെങ്കില്‍ അഴിമതിയും നിക്ഷിപ്ത താല്‍പര്യങ്ങളുമുണ്ടാകുമെന്ന് നിരീക്ഷിച്ച കോടതി കമ്മിറ്റി പുന:സംഘടിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.