'കുട്ടി സംഘങ്ങളും' പിളരുന്നു... നടപടിക്ക് വിധേയരായവര്‍ ഇന്നു യോഗം ചേരും
മുജാഹിദ് യുവജന വിഭാഗമായ ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്.എം), വിദ്യാര്‍ഥി സംഘടനയായ മുജാഹിദ് സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് (എം.എസ്.എം) എന്നിവയുടെ സംസ്ഥാന സമിതികളാണ് പിരിച്ചുവിട്ടത്. പകരം പൂര്‍ണമായി നേതൃത്വത്തിന്‍െറ വരുതിയിലുള്ളവരെ ഉള്‍പ്പെടുത്തി താല്‍കാലിക കമ്മിറ്റികള്‍ക്ക് രൂപംനല്‍കി. ചില അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.
10 വര്‍ഷത്തിനുശേഷം മുജാഹിദ് സംഘടന മറ്റൊരു പിളര്‍പ്പിലേക്ക് നീങ്ങുന്നതായാണ് സൂചന. 2002ല്‍ അന്നത്തെ ഐ.എസ്.എം കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് മുജാഹിദ് മടവൂര്‍ വിഭാഗം പിറന്നത്. അന്ന് ഐ.എസ്.എമ്മിനെതിരെ മാത്രമാണ് നടപടിയെങ്കില്‍ ഇന്ന് വിദ്യാര്‍ഥി വിഭാഗവും നടപടിക്ക് വിധേയമായി. വനിതാവിഭാഗമായ മുജാഹിദ് ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്മെന്‍റിനെതിരെയും(എം. ജി.എം) നടപടി വരുമെന്നാണറിയുന്നത്.
മുജാഹിദ് പണ്ഡിതസഭയുടെ (കെ.ജെ.യു) നിര്‍വാഹക സമിതി അംഗമായിരുന്ന സകരിയ്യ സ്വലാഹിയുടെ നിലപാടുകളെച്ചൊല്ലിയാണ് കെ.എന്‍.എമ്മില്‍ പുതിയ വിഭാഗീയത ഉയര്‍ന്നത്. സകരിയ്യ സ്വലാഹി ജിന്നുകളോട് സഹായംതേടാമെന്ന് പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ്് ഔദ്യാഗിക നേതൃത്വത്തിന്‍െറ ആക്ഷേപം.ടിയാന്റെ നിലപാടിനോടൊപ്പം നില്‍ക്കുന്നവരെന്നാക്ഷേപിച്ച് കുറച്ചുകാലമായി ഐ.എസ്.എമ്മിലെയും എം.എസ്.എമ്മിലെയും നേതാക്കള്‍ക്കെതിരെ നേതൃത്വം ഭ്രഷ്ട്കല്‍പിച്ചുവരുകയായിരുന്നു.
കെ.എന്‍.എം നേതൃത്വത്തിലെ ഒരു വിഭാഗവും സംശയത്തിന്‍െറ നിഴലിലായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 27 മുതല്‍ 30 വരെ രാമനാട്ടുകര അഴിഞ്ഞിലത്തു നടന്ന കെ.എന്‍.എം സംസ്ഥാന സമ്മേളനത്തില്‍ വേദി കൊടുക്കാതെ ഇവരിലേറെപ്പേരെയും അകറ്റിനിര്‍ത്തിയിരുന്നു. സമ്മേളനം കഴിഞ്ഞതോടെയാണ് പരസ്യമായ നടപടിക്ക് നേതൃത്വം ധൈര്യംകാട്ടിയത്. ടി.കെ. അഷ്റഫ് (പ്രസി), കെ. സജ്ജാദ് (ജന. സെക്ര), ഷെഹീദ് ഏലങ്കോട് (ട്രഷ), അഡ്വ. ഹബീബുറഹ്മാന്‍, ഡോ. കെ. ഷഹ്ദാദ്, ഹംസ മദീനി (വൈ. പ്രസിഡന്‍റുമാര്‍), അബ്ദുല്ല ഫാസില്‍, അബ്ദുല്‍ ഖാദിര്‍ പറവണ്ണ, അന്‍വര്‍ സ്വലാഹി, റഷീദ് കൊടക്കാട് (സെക്രട്ടറിമാര്‍) എന്നിവര്‍ ഭാരവാഹികളായ ഐ.എസ്.എം സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചുവിടപ്പെട്ടത്.
ഇവരിലൊരാളെയും കഴിഞ്ഞ കെ.എന്‍.എം സംസ്ഥാന സമ്മേളന വേദിയിക്കേ് അടുപ്പിച്ചിട്ടില്ല. യുവജന സമ്മേളനത്തില്‍ ഐ.എസ്.എം ജനറല്‍ സെക്രട്ടറി കെ. സജ്ജാദ് സ്വാഗതവും ട്രഷറര്‍ ഷെഹീദ് ഏലങ്കോട് അധ്യക്ഷതയും വഹിക്കുമെന്ന് നോട്ടീസില്‍ പറഞ്ഞുവെങ്കിലും സ്വാഗതവും അധ്യക്ഷനുമില്ലാതെയാണ് യുവജനസമ്മേളനം നടത്തിയത്.
പിരിച്ചുവിടപ്പെട്ട എം.എസ്.എം കമ്മിറ്റി ഭാരവാഹികള്‍ ഡോ. കെ. മുഹമ്മദ് ഷഹീര്‍ (പ്രസി), താജുദ്ദീന്‍ സ്വലാഹി (ജന. സെക്ര), മുബീന്‍ കൊടിയത്തൂര്‍ (ട്രഷ), ബഷീര്‍സ്വലാഹി, ഡോ. സലാഹുദ്ദീന്‍, ബരീര്‍ അസ്ലം (വൈ. പ്രസി), ഇര്‍ഫാന്‍ സ്വലാഹി, ത്വല്‍ഹത്ത് സ്വലാഹി, പ്രിംറോസ് (സെക്ര) എന്നിവരാണ്.
നേതൃത്വത്തിന്‍െറ നിലപാടിന് വ്യത്യസ്തമായി നിലകൊള്ളുന്നുവെന്നാരോപിച്ച് സംഘടനാ നേതൃത്വത്തില്‍ പ്രമുഖ പ്രഭാഷകരായ ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡന്‍റ് സെയ്ദ് മുഹമ്മദ് ഷാക്കിര്‍, മുന്‍സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹാരിസ് ബിന്‍ സലീം, മറ്റു നേതാക്കളായ ഡോ. മുഹമ്മദ് റഫീഖ്, ജൗഹര്‍ അയനിക്കോട്, ഫൈസല്‍ മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ അന്‍സാരി, നബീല്‍ രണ്ടത്താണി,അബ്ദുല്‍ഹഖ് സുല്ലമി, പി.എന്‍. അബ്ദുല്ലത്തീഫ് മദനി, അബ്ദുല്‍ഖാദര്‍ പറവണ്ണ തുടങ്ങിയവര്‍ക്കൊന്നും കഴിഞ്ഞ സമ്മേളനത്തില്‍ അവസരം നല്‍കിയിരുന്നില്ല.
മാത്രവുമല്ല, സമവായത്തിന്‍െറ ശൈലിയില്‍ സമ്മേളനത്തില്‍ സംസാരിച്ച ഹുസൈന്‍ സലഫിയെ നേതൃത്വം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിന്‍െറ തുടര്‍ച്ചയായാണ് പുതിയനടപടികള്‍. ഹുസൈന്‍ സലഫിക്കെതിരെയും വൈകാതെ നടപടിയുണ്ടാവുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ നടപടിക്ക് വിധേയരായവര്‍ ഇന്ന് പ്രത്യേകം യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുമെന്നാണറിയുന്നത്.(അവ. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍))