ബാബരി: തകര്‍ക്കപ്പെട്ട മസ്ജിദ്; തീരാ സങ്കടങ്ങള്‍

ഇന്ന് ഡിസംബര്‍ 6. തോഡ്‌ദോ, തോഡ്‌ദോ (പൊളിച്ചോ, പൊളിച്ചോ) എന്ന് ആക്രോശിച്ച് വര്‍ഗ്ഗീയ രാക്ഷസര്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ നെറുകെയില്‍ തൃശൂലം കുത്തിയിറക്കി രാജ്യത്തെ കളങ്കപ്പെടുത്തിയ കറുത്ത ദിനം.
ഇന്ത്യന്‍ വാസ്തു വിദ്യയുടെ ഉത്തമ കലാരൂപവും മുസ്‌ലിം സമൂഹത്തിന്റെ അഭിമാന ഗോപുരവുമായി നിലകൊണ്ട വിശുദ്ധ ഭവനം- ബാബരി മസ്ജിദ്, കാവി ഭീകരര്‍ തച്ചുതകര്‍ത്തിട്ട് ഇരുപതാണ്ട് തികയുകയാണ്.
അനുയോജ്യവും പ്രാവര്‍ത്തികവുമായ ഒരു പരിഹാരം സ്വപ്‌നം മാത്രമായി ഇന്നും അവശേഷിക്കുന്നു. ഓരോ സര്‍ക്കാറുകളും മാറിവരുമ്പോഴും നീതി പീഠത്തില്‍ നിന്ന് വിധികള്‍ വരുമ്പോഴും പ്രതീക്ഷയോടെയും പ്രത്യാശയോടെയും ജനാധിപത്യ മതേതര വിശ്വാസികള്‍ കാത് കൂര്‍പ്പിക്കുന്നു.
പക്ഷെ നിരാശയുടെയും ദു:ഖത്തിന്റെയും നീണ്ട ഇരുപത് വര്‍ഷങ്ങളാണ് മുസ്‌ലിം ജനകോടികള്‍ക്കും നീതി നടപ്പാവണമെന്ന് ആഗ്രഹമുള്ള സുമനസ്സുകള്‍ക്കും പൊലിഞ്ഞ് പോയത്.
1949 ഡിസംബര്‍ 22 ബാബരി മസ്ജിദിനെ സംബന്ധിച്ചിടത്തോളം ഹൃദയ ഭേദകമായ ദിനമായിരുന്നു. മസ്ജിദിന്റെ പരിപാവന ഭൂമിയില്‍ ആരുമറിയാതെ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ സമയം കണ്ടെത്തിയ ദിവസം. പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഐ.ജിയും പില്‍ക്കാലത്ത് അതെടുത്ത് മാറ്റാന്‍ നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഫലമുണ്ടായില്ല. തൊട്ടടുത്ത പ്രഭാതത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് പള്ളിപൂട്ടി. മുസ്‌ലിംകള്‍ പള്ളിയുടെ 200 വാരക്കുള്ളിലും ഹിന്ദുക്കള്‍ പള്ളിക്കകത്തും പ്രവേശിക്കരുതെന്ന് ഉത്തരവിട്ടു.

മസ്ജിദ് നിലകൊള്ളുന്ന സ്ഥലം രാമജന്‍മ ഭൂമിയാണെന്ന വങ്കത്തം സ്ഥിരീകരിച്ചെടുക്കാന്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ പല തവണ ആണയിടുകയായിരുന്നു അവര്‍. ആട്ടിനെ പട്ടിയാക്കിയും പിന്നീട് പേപ്പട്ടിയാക്കിയും അടിച്ചുകൊല്ലുന്ന ഗീബത്സിയന്‍ പ്രവണത പ്രാവര്‍ത്തികമാക്കുന്നതില്‍ തല്‍ക്കാലം അവര്‍ വിജയിച്ചു. പക്ഷെ ചരിത്രവും സത്യവും ഒരിക്കലും ഈ വിഷലിപ്ത ആശയത്തിന് കൂട്ടുനിന്നിട്ടില്ല.

എ.ഡി 1528ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ ആജ്ഞ പ്രകാരം അദ്ദേഹത്തിന്റെ ഗവര്‍ണര്‍ മീര്‍ബാഖി പണികഴിപ്പിച്ച മസ്ജിദുമായി കല്‍പിത കഥയിലെ രാമന് ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് തീര്‍ത്തു പറയാന്‍ സാധിക്കും. സരയൂ നദിയുടെ 23 മൈല്‍ അകലെയാണ് രാമജന്‍മ സ്ഥലം എന്ന് ഭൂരിഭാഗം ഹിന്ദുക്കളും വെളിപ്പെടുത്തുമ്പോള്‍ അതെങ്ങനെ അയോധ്യയായി! ചോദിക്കരുത്. ഒക്കെ വിശ്വാസമാണ് എന്നതാണ് ന്യായം.

1988 ജനുവരി 27ന് ഉമേഷ് പാണ്ഡെ നല്‍കിയ അപ്പീല്‍ വിചാരണയില്‍ കക്ഷിചേരാന്‍ പോലും അന്ന് കോടതി മുസ്‌ലിംകളെ അനുവദിച്ചില്ല. ഇതേ മാസംതന്നെ 30ാം തിയ്യതി നല്‍കിയ മറ്റൊരു അപ്പീലില്‍ തുടര്‍ നടപടി എന്ന നിലയില്‍ ഫെബ്രുവരി 1 ന് ഏകപക്ഷീയമായി പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ ജില്ലാ ജഡ്ജി കെ.എം പാണ്ഡെ ഉത്തരവിട്ടു. അതേ സമയം ഈ കേസ് ഹൈക്കോടതിയില്‍ വിചാരണയിലായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഒരു സംശയമുദിക്കും.

ഹൈക്കോര്‍ട്ടില്‍ വിചാരണയിലിരിക്കുന്ന ഒരു കേസില്‍ ജില്ലാകോടതി എങ്ങനെ വിധിപറയും? ലക്ഷ്യ സാധൂകരണത്തിന് മാര്‍ഗമേതുമാവാം എന്ന തത്വത്തിന്റെ പരിപ്രേക്ഷ്യമത്രെ ഇത്. ഒരിക്കലും നീതീകരിക്കാനാവാത്ത ഈ നടപടിക്കെതിരെ രാജ്യം മുഴുവനും പ്രതിഷേധമിരമ്പി. 1947ന്റെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനുള്ള നിര്‍ദേശംപോലും അധികാരികള്‍ മുഖവിലക്കെടുത്തില്ല.

സമീപകാല ഭാവിയില്‍ മുസ്‌ലിംകള്‍ അത്യധികം വേദനാജനകമായ ഒരു ദുരവസ്ഥയിലേക്ക് തള്ളപ്പെടുമെന്ന് സൂചന നല്‍കുന്നതായിരുന്നു തുടര്‍ നടപടികള്‍. ക്ഷേത്ര നിര്‍മാണവുമായി മുമ്പോട്ടുവന്ന വി.എച്ച്.പിയുടെ കര്‍മ്മ പദ്ധതിക്ക് അന്നത്തെ പ്രധാനമന്ത്രിപോലും കുടപിടിച്ചു.

യു.പി സര്‍ക്കാറുമായി വി.എച്ച്.പി ഉണ്ടാക്കിയ ബാബരിയുടെ തല്‍സ്ഥിതി നിലനിര്‍ത്തുമെന്ന കരാറിന് വിരുദ്ധമായി 1990ല്‍ ആയുധവുമേന്തി ആയിരക്കണക്കിന് കര്‍സേവകര്‍ മസ്ജിദിന് ചുറ്റും തമ്പടിച്ചു. ഘട്ടം ഘട്ടമായി ഇത് വര്‍ധിപ്പിക്കുകയും മസ്ജിദ് തകര്‍ക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയിലുടനീളം ഇന്ത്യയിലെ മുസ്‌ലിംകളോട് പാക്കിസ്താനിലേക്ക് പോകാന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

‘ഈ നന്‍മ എന്നും നിലനില്‍ക്കട്ടെ’ എന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ പള്ളിയുടെ കവാടത്തില്‍ കൊത്തിവെച്ചിരുന്നു. ചുമരില്‍ ഖുര്‍ആന്‍ വചനങ്ങള്‍ കലാപരമായി മുദ്രണം ചെയ്യപ്പെട്ടിരുന്നു. ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു.

അന്താരാഷ്ട്രീയ തലത്തില്‍ ഇന്ത്യയുടെ സല്‍പേരിന് അത് കളങ്കം ചാര്‍ത്തി. ചരിത്രം മരവിച്ചുപോയ നിമിഷം. ഇന്ത്യയുടെ ആത്മാവായ സെക്യുലറിസത്തിന്റെ കുഴിച്ചുമൂടലായാണ് ഈ ദുരന്തത്തെ അന്നത്തെ ഇന്ത്യയുടെ പ്രഥമ പൗരന്‍ കെ.ആര്‍ നാരായണന്‍ വിശേഷിപ്പിച്ചത്.

ഗാന്ധിവധത്തിന് ശേഷം ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയും ഈ ദുരന്തമാണെന്നതില്‍ പക്ഷാന്തരമില്ല. അദ്വാനിയും ജോഷിയും സ്വാതി ഋതാംബരയും അശോക്‌സിംഗാളും ഉമാഭാരതിയും പരസ്പരം കെട്ടിപ്പുണര്‍ന്ന് ‘തോഡ്‌തോ’ എന്ന് ആക്രോശിച്ച് കര്‍സേവകര്‍ക്ക് ആവേശം നല്‍കിയപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം വാണ നരസിംഹ റാവു മൗനിയായിരുന്നു.

മസ്ജിദിന് കമനീയത പകര്‍ന്ന താഴികക്കുടങ്ങളിലേക്ക് വലിഞ്ഞുകയറി ‘ജയ് ശ്രീരാം’ വിളികളുടെ ആര്‍ത്തനാദം മുഴക്കുകയായിരുന്നു. ഓരോരുത്തരും തനിക്ക് ചെയ്യാനാവുന്നത് ചെയ്യാന്‍ മത്സരിച്ച് കല്‍ചീളുകളും കുപ്പികഷ്ണങ്ങളും ഇരുമ്പുകമ്പികളും വൃത്തികെട്ടവസ്തുക്കളും വലിച്ചെറിഞ്ഞ് പള്ളിയെ സംഹരിക്കലായിരുന്നു അവരുടെ മുഖ്യലക്ഷ്യം. അവര്‍ ദ്രുതഗതിയില്‍ അത് നടപ്പാക്കുകയും ചെയ്തു.

ഡിസംബര്‍ 6ന് തന്നെ പള്ളി തകര്‍ക്കുമെന്ന് ഇസ്രാഈല്‍ ചാരസംഘടന മൊസാദും ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയവും നല്‍കിയ മുന്നറിയിപ്പ് മുഖവിലക്കെടുക്കാതെ അറച്ചുനിന്ന പ്രധാനമന്ത്രി റാവുവായിരുന്നു ഇതിനെല്ലാം ഉത്തരവാദി.

ബാബരി ധ്വംസനത്തിന്റെ ചുരുളഴിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്റെയും സ്ഥിതി ഒട്ടും ശുഭകരമായിരുന്നില്ല. മസ്ജിദ് തകര്‍ച്ചക്ക് ശേഷം വന്ന ഓരോ വിധിയിലും മുസ്‌ലിംകള്‍ അടക്കമുള്ള പീഡിതര്‍ക്ക് ആശ്വാസം ലഭിച്ചുവെങ്കിലും കുറ്റവാളികള്‍ക്ക് ഓശാനപാടുകയായിരുന്നു ഭരണകൂടം.

ചില തെളിവുകള്‍ കാണുക.
1. ബാബരി തകര്‍ക്കാന്‍ അദ്വാനിയും ജോഷിയും കര്‍സേവകരെ പ്രേരിപ്പിച്ചതിന് തെളിവുണ്ടെന്ന് സി.ബി.ഐ റായ്ബറേലിയിലെ പ്രത്യേക കോടതിയില്‍ വെളിപ്പെടുത്തി. പന്ത്രണ്ട് സാക്ഷികളുടെ മൊഴികളാണ് അവര്‍ ഇതിന് തെളിവായി കാണിച്ചത്.

ഡിസംബര്‍ 6ന് രാവിലെ അദ്വാനി, ജോഷി, ഉമാഭാരതി, ഋതാംബര തുടങ്ങിയവര്‍ പ്രകോപനപരമായ പ്രസംഗത്തോടെ രംഗത്ത് വന്നപ്പോള്‍ അന്തരീക്ഷം ചൂടുപിടിച്ചെന്ന് അദ്വാനിയെ അനുഗമിച്ചിരുന്ന പൊലീസ് അസിസ്റ്റന്റ് സൂപ്രണ്ട് അഞ്ജുഗുപ്ത വെളിപ്പെടുത്തി.

2. വാജ്‌പേയും അദ്വാനിയും ജോഷിയുമാണ് പള്ളിപൊളിക്കാന്‍ ഉത്തരവ് നല്‍കിയതെന്നും ഷവല്‍, മഴു തുടങ്ങിയവ അവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയെന്നും മുന്‍ യു.പി മുഖ്യന്‍ കല്ല്യാണ്‍ സിംഗ് വെളിപ്പെടുത്തി

3. അദ്വാനിയും മറ്റു ബി.ജെ.പി നേതാക്കളുമാണ് പൊളിക്കാന്‍ പ്രേരണ നല്‍കിയതെന്ന് കേസ് വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ വിനോദ് വത്സ, സന്തോഷ്, ആര്‍.സി കത്രി, ആര്‍.എന്‍ ദാസ് തുടങ്ങിയ കര്‍സേവകര്‍ മൊഴിനല്‍കി.

4. 1993 ഫെബ്രുവരി 27ന് യു.പി ക്രൈംബ്രാഞ്ച് പൊലീസ് അദ്വാനിയും ജോഷിയുമടക്കം എട്ട് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഡിസംബര്‍ 6ന് തന്നെ അദ്വാനിക്കും ജോഷിക്കും മറ്റ് ആറ്‌പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഉപരി സൂചിത സംഭവങ്ങളെല്ലാം പള്ളിതകര്‍ച്ചക്കുള്ള മുഖ്യഹേതു ഇവരാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും പ്രതിസ്ഥാനത്ത് ഇവരൊന്നും വന്നില്ല. മാത്രമല്ല 2003 സെപ്റ്റംബര്‍ 18ന് റായ്ബറേലിയിലെ പ്രത്യേക സി.ബി.ഐ കോടതി അദ്വാനിക്ക് ക്ലീന്‍ചീട്ട് നല്‍കുകയും ചെയ്തു.

മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രമോ രാമജന്‍മ ഭൂമിയോ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ‘അയോധ്യ ആര്‍ക്കിയോളജി ആഫ്റ്റര്‍ ഡിമോളിഷന്‍’ എന്ന പേരിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ചരിത്ര പുരാവസ്തു ഗവേഷകരില്‍ പ്രമുഖനായ ഡി. മണ്ഡലിന്റെ ആധികാരിക റിപ്പോര്‍ട്ടും പുരാവസ്തു ഗവേഷക പ്രഫ. ഷെറിന്‍ രത്‌നാകറിന്റെ പ്രസ്താവനയും ഇതിന് തെളിവാണ്.

അയോധ്യയില്‍ പുരാവസ്തുഗവേഷകര്‍ നടത്തിയ കുഴിക്കലില്‍ ക്ഷേത്രമുണ്ടായിരുന്നു എന്നതിനും രാമജന്‍മ ഭൂമിയായിരുന്നു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല എന്ന പ്രമുഖ ചരിത്രകാരന്‍ കെ.എന്‍ പണിക്കരുടെ പ്രസ്താവനയും ഇതോട് ചേര്‍ത്ത് വായിക്കണം.

നൂറ്റാണ്ടുകളോളം മുസ്‌ലിംകള്‍ നിസ്‌ക്കരിച്ച വിശുദ്ധഭവനം നീതി നടപ്പാക്കി മുസ്‌ലിംകള്‍ക്ക് വിട്ട് കൊടുക്കുന്നതിന് പകരം വീതംവെക്കുന്നത് എന്ത് ന്യായമാണ്? നീതിപുലരാന്‍ ആശിക്കുന്ന ഒരു ഭാരതീയനും ഈ വിധി കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല.

ബാബരി തകര്‍ച്ചയുടെ അനന്തര ഫലമായി രാജ്യത്ത് ഉയിര്‍കൊണ്ട കലാപങ്ങള്‍ക്കും സംഹാരങ്ങള്‍ക്കും കയ്യും കണക്കുമില്ല. താഴികക്കുടങ്ങള്‍ ഉടച്ച് കളയുമ്പോള്‍ മുസല്‍മാന്റെ നെഞ്ചകത്ത് കഠാരയിറക്കിയ ആ മുറിവുണക്കാന്‍ ഇരുപതാണ്ട് പൂര്‍ത്തിയായിട്ടും അധികാരി വര്‍ഗത്തിനും ഉദ്യോഗസ്ഥ വൃന്ദത്തിനും ഇനിയും സാധിച്ചിട്ടില്ല.

നീതി അന്യം നിന്ന ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോഴും മതേതരത്വത്തിനേറ്റ കളങ്കം ഒരു പാപക്കറയായി ഇപ്പോഴും അവശേഷിക്കുന്നു ഇന്ത്യയുടെ നെറ്റിയില്‍. -വാഫി വാവൂര്‍