”ഓരോ വര്‍ഗവും സമൂഹവും അതിന്റെ കര്‍മത്തേയും ലക്ഷ്യത്തേയും ഉദാത്തീകരിച്ചുകൊണ്ട് ചരിത്ര രചന നടത്തുന്നു. അതുപോലെ അവ സാധൂകരിച്ചു കൊണ്ടും. ഇന്ത്യാ ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍ കൊളോണിയല്‍ ചരിത്ര രചന ഇത്തരത്തിലൊന്നായിരുന്നുവെന്ന് പറയാം. അതിന്റെ ലക്ഷ്യം ബ്രിട്ടീഷ് ഭരണാധികാരികളെയും അവരുടെ നയങ്ങളെയും ന്യായീകരിക്കുക എന്നതായിരുന്നു.
ഇത്തരം ലക്ഷ്യത്തോടെ ഇന്ത്യാ ചരിത്രത്തിലെ സ്മര്യ പുരുഷന്മാരുടെ കാലവും പ്രവര്‍ത്തനവും വിലയിരുത്തുമ്പോള്‍ ഏറ്റവും തെറ്റിദ്ധാരണയോടെ ചിത്രീകരിച്ചിട്ടുള്ളത് ടിപ്പു സുല്‍ത്താനെയാണെന്ന് കാണാം. ബ്രിട്ടീഷുകാര്‍ എഴുതിയ അദ്ദേഹത്തിന്റെ ചരിത്രം അദ്ദേഹത്തോടും അദ്ദേഹത്തിന്റെ ഭരണത്തോടും നീതി പുലര്‍ത്തിയിരുന്നില്ല. അവരുടെ കാലടിപ്പാടുകള്‍ പിന്തുടര്ന്ന് ചരിത്ര രചന നടത്തുന്നവര്‍ ഇന്നുമുണ്ട്. ടിപ്പുവിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ പരമ്പര നിരോധിക്കുവാനും അദ്ദേഹത്തെ ഇസ്ലാമിക മതഭ്രാന്തനെന്നും ക്ഷേത്ര വിധ്വംസകനെന്നും വിലയിരുത്തിയുള്ള ആശയ പ്രചരണം ഇന്ത്യന്‍ സമൂഹത്തില്‍ സമീപ കാലത്തുപോലും നടന്നിട്ടുണ്ട്. ഇവയെല്ലാം കൊളോണിയല്‍
ചരിത്രകാരന്മാരുടെയും ഭരണാധികാരികളുടെയും സമീപനം പുനരാവിഷ്കരിച്ചുകൊണ്ടാണ്. ചരിത്രത്തെയും അതിന്റെ വസ്തുതകളെയും മതാധിഷ്ഠിതമായും വര്‍ഗീയമായും ഇന്നും ചിലര്‍ സമീപിക്കുന്നു.
ചരിത്രകാരന്മാരുടെയും ഭരണാധികാരികളുടെയും സമീപനം പുനരാവിഷ്കരിച്ചുകൊണ്ടാണ്. ചരിത്രത്തെയും അതിന്റെ വസ്തുതകളെയും മതാധിഷ്ഠിതമായും വര്‍ഗീയമായും ഇന്നും ചിലര്‍ സമീപിക്കുന്നു.
മലബാറിലെയും കുടകിലേയും പ്രഭുവര്ഗങ്ങളോടും ദക്ഷിണ കര്‍ണാടകത്തിലെ ക്രിസ്ത്യാനികളോടും മഹദീ മുസ്ലിംകളോടും സുല്‍ത്താന്റെ സമീപനം മതപരമാണെന്നും ഇസ്ലാമിക മതപരിവര്‍ത്തനം ലക്ഷ്യം വെച്ചുകൊണ്ടാണെന്നും ”മാര്ക്വില്ക്സ്” മുതല്‍ പലരും പ്രചരിപ്പിച്ചിട്ടുണ്ട്. തലമുറകളായി പ്രചരിപ്പിക്കപ്പെട്ട ഈ വിശ്വാസം ചിലരെങ്കിലും ഉള്‍ക്കൊള്ളുന്നു. ഒരു കൊളോണിയല്‍ സമൂഹത്തെ മതത്തിന്റെ പേരിലും പ്രത്യേക ആനുകൂല്യങ്ങളിലും ഭിന്നിപ്പിക്കുകയും ഭരിക്കുകയും ചെയ്യുകയായിരുന്നു ബ്രിട്ടീഷുകാര്‍. ‘ഇന്ത്യാ ചരിത്രത്തെ ഹിന്ദു ഇന്ത്യ, മുസ്ലിം ഇന്ത്യ, ബ്രിട്ടീഷ് ഇന്ത്യ എന്ന് വിഭജിച്ച’ ജൈംസ് മിലിന്റെ ലക്ഷ്യം ചിലരെങ്കിലും ഇന്നും സ്വീകരിക്കുന്നു.” (നവാബ് ടിപ്പു സുല്‍ത്താന്‍: ഒരു പഠനം – പേജ്: 13. ഡോ. കെ.കെ.എന്‍. കുറുപ്പ്).
മൈസൂര്‍ രാജവംശത്തിലെ പ്രധാന ഭരണാധികാരികളായിരുന്ന ഹൈദരലിയും മകന് ടിപ്പുസുല്‍ത്താനും ഹൈന്ദവരെ കൂട്ടത്തോടെ ഇസ്ലാം മതത്തില്‍ മാര്‍ഗം കൂട്ടിയെന്നും ഹൈന്ദവരെയും അവരുടെ ക്ഷേത്രങ്ങളെയും വ്യാപകമായി നശിപ്പിച്ച് കൊള്ളയടിച്ചുവെന്നുമുള്ള കുപ്രചാരണത്തിന് തുടക്കം കുറിച്ചത് ബ്രിട്ടീഷുകാരാണ്. ബ്രിട്ടീഷ് ചരിത്രകാരനായ ”മാര്ക്വില്ക്സ്” ആണ് തികച്ചും അബദ്ധജഢിലമായ ഈ ചരിത്ര രചനയുടെ പിതാവ്.
മൈസൂര്‍ ഭരണാധികാരികളുടെ ആഗമനത്തോടെ മലബാറിലെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഭരണാധികാരികളുടെ നേതൃപാടവവും നയതന്ത്ര വൈദഗ്ധ്യവും ഇതിന് സഹായകമായി. ഈ മാറ്റങ്ങള്‍ കാരണമായി കൃഷി ഭൂമിയിലെ സാമ്പത്തിക ചൂഷണാധികാരം നഷ്ടപ്പെട്ട ജന്മിമാരും നാടുവാഴികളും ഇടത്തട്ടുകാരും ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് ഉണ്ടാക്കിയ അവിശുദ്ധ ബാന്ധവത്തിന്റെ ഉല്പന്നമായിരുന്നു ടിപ്പുവും ഹൈദരലിയും മതഭ്രാന്തരും ക്ഷേത്ര വിധ്വംസകരുമാണെന്നുള്ള ജല്പനങ്ങള്. കാരണം മൈസൂര്‍ ഭരണത്തെ തച്ചുതകര്ക്കേണ്ടത് ബ്രിട്ടീഷുകാരുടെയും സവര്‍ണ മാടമ്പിതമ്പുരാക്കന്മാരുടെയും ആവശ്യമായിരുന്നു. വൈദേശീക ചരിത്രകാരന്മാരുടെ വിശകലനങ്ങളെയും നിഗമനങ്ങളെയും അതേപടി വിഴുങ്ങിയ സ്വദേശീയരായ ചരിത്രകാരന്മാരും ടിപ്പുവിനെ ”മതഭ്രാന്ത”നാക്കി ചിത്രീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
മലബാറില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഹൈന്ദവ ക്രൈസ്തവ ദേവാലയങ്ങളും ടിപ്പു സുല്‍ത്താന്‍ കൊള്ളയടിച്ചു തകര്‍ത്തുവെന്ന് വൃഥാ പ്രസ്താവിച്ച പുത്തേഴത്ത് രാമന് മേനോന് (”ശക്തന് തമ്പുരാന്” എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്) തന്നെയാണ് ക്ഷേത്ര രേഖകളെ ഉദ്ധരിച്ച് ഇങ്ങനെ എഴുതിയത്: ”മൈസൂര്‍ സൈന്യം തൃശിവപേരൂരില് (തൃശൂര്‍) എത്തിയതോടുകൂടി മഠത്തിലുണ്ടായിരുന്ന സ്വാമിമാരും കൂട്ടരും ക്ഷേത്രം പൂട്ടി ചേരുമംഗലത്തേക്ക് രക്ഷപ്പെട്ടു. ക്ഷേത്ര മൈതാനത്ത് തമ്പടിച്ച സൈന്യം തിരിച്ചുപോയതോടെ ഇവര്‍ തൃശിവപേരൂരിലേക്ക് തിരിച്ചു വന്ന് ക്ഷേത്രം പരിശോധിച്ചപ്പോള്‍ ക്ഷേത്രത്തിനോ ക്ഷേത്ര വകകള്‍ക്കോ യാതൊരു കേടുപാടുകളും നഷ്ടവും സംഭവിച്ചിട്ടില്ലെന്ന് മനസ്സിലായി.
” കെ.പി. പത്മനാഭ മേനോന് ”കൊച്ചി ചരിത്രം” എന്ന ഗ്രന്ഥത്തില്‍ ദേവസ്വം ഗ്രന്ഥാവലിയെ അടിസ്ഥാനമാക്കി എഴുതി; ”… 27ന് മുഹമ്മദീയ പട പിന്മാറിയതിന് ശേഷം കാലത്ത് എല്ലാവരും തൃശിവപേരൂരില് വന്ന് ക്ഷേത്രം പരിശോധിച്ചു. ക്ഷേത്രം വകയാലുള്ള യാതൊന്നും നശിപ്പിക്കപ്പെട്ടു കണ്ടില്ല. പുറമെ ഉണ്ടായിരുന്ന വിലപ്പെട്ട പാത്രങ്ങളൊന്നും കൊണ്ടുപോയിട്ടില്ല. 27നും 28നും 29നും അശുദ്ധികള്‍ ഒക്കെയും നീക്കി 30ന് പശുദാനം, പുണ്യാഹം കഴിച്ച് പൂജ തുടങ്ങുകയും ചെയ്തു.” വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ വിശ്രമിക്കുക മാത്രമായിരുന്നു സൈനിക ലക്ഷ്യം. എന്നാല്‍ ഗ്രാമങ്ങള്‍ കൊള്ളയടിച്ചും ഹിന്ദുക്കളെ വെട്ടിക്കൊന്നും വിഗ്രഹങ്ങളില്‍ പശുക്കളെ അറുത്ത് ചോര ഒഴുക്കിയും ടിപ്പുസൈന്യം നാടുനീളെ സഞ്ചരിച്ചുവെന്നാണ് ചരിത്രത്തെ വളച്ചൊടിച്ച് രേഖപ്പെടുത്തിയത്.
ആരായിരുന്നു മൈസൂര്‍ ഭരണാധികാരികള്‍? എന്തിനുവേണ്ടിയാണ് അവര്‍ കേരളത്തെ ആക്രമിച്ചത്? ആക്രമണം ആരെ ലക്ഷ്യം വെച്ചായിരുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ ചരിത്രപരമായി തന്നെ വിശകലന വിധേയമാക്കേണ്ടതുണ്ട്. മൈസൂരിലെ വോഡയാര്‍ രാജവംശത്തിലെ സൈനികന് ”ഹൈദര്‍ നായിക്” സാമൂതിരിയുടെ സാമന്തന്മാരുടെ ക്ഷണപ്രകാരമാണ് ആദ്യം കേരളത്തിലെത്തുന്നത്. യുദ്ധം തോറ്റ സാമൂതിരി നല്‍കാമെന്നേറ്റ തുക നല്‍കാത്തതിനാലാണ് ഹൈദരലി രണ്ടാം തവണ 1776ല്‍ വീണ്ടും ഇവിടെ എത്തുന്നത്. വാഗ്ദത്ത ലംഘനമാവാം കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിച്ചത്.
മൈസൂര്‍ സൈന്യവുമായി ഏറ്റുമുട്ടി പരാജിതരാവുന്ന നാട്ടുരാജാക്കന്മാര് ക്ഷേത്രങ്ങളില്‍ കയറിയൊളിക്കുകയും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണമഴിച്ചുവിടുകയും ചെയ്തപ്പോള്‍ ടിപ്പുവിനും പ്രതിരോധിക്കേണ്ടി വന്നിരിക്കാം. അല്ലാതെ ക്ഷേത്രങ്ങള്‍ തകര്‍ക്കല്‍ അജണ്ടയാക്കിയതല്ല എന്ന് ചരിത്രരേഖകള്‍ വിളിച്ചോതുന്നു. ക്ഷേത്ര ധ്വംസനമെന്നത് അജണ്ടയായി അവര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിരപുരാതനമായ ഒരൊറ്റ ക്ഷേത്രവും ഇന്നുണ്ടാവുമായിരുന്നില്ല. ഇന്നും കേരളീയര്‍ ആരാധന നടത്തുന്ന പല ക്ഷേത്രങ്ങളും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണല്ലോ? വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് ഹൈദറിന്റെയും ടിപ്പുവിന്റെയും മലബാര്‍ ആക്രമണം. മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഇന്ത്യ മുഴുവന്‍ കീഴടക്കാനുള്ള ബ്രിട്ടീഷുകാരുടെ കുത്സിത ശ്രമങ്ങള്‍ക്ക് തടയിടലായിരുന്നു മലബാര്‍ ആക്രമണത്തിന് പിന്നിലെയും പ്രേരകം.
ഒരു ഭരണാധികാരിയെന്ന നിലയില്‍ ടിപ്പു സമാധാന കാംക്ഷികളായ തന്റെ പ്രജകളെ അവരുടെ മതവിശ്വാസത്തിന്റെ പേരില്‍ അടിച്ചമര്‍ത്തുകയോ ചൂഷണം ചെയ്യുകയോ ചെയ്തിട്ടില്ല. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും അഗ്രഹാരങ്ങള്‍ക്കും ആനുകൂല്യവും ഇനാം ഭൂമിയും മറ്റും അനുവദിക്കുന്നതില്‍ വൈമനസ്യം കാണിച്ചിട്ടുമില്ല. എന്നാല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറ്റും ഇത്തരം ആനുകൂല്യങ്ങള്‍ നല്കിയപ്പോള് ഇന്ത്യയിലെ ക്രിസ്തീയ മിഷണറിമാര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കോര്‍ട്ട് ഓഫ് ഡയരക്ടര്‍മാരോട് അവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആധുനിക സമൂഹത്തില്‍പോലും ഇത്തരം മതപരമായ വിദ്വേഷങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ടിപ്പുസുല്‍ത്താന്‍ ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കിയെന്നത് സ്മരണീയമാണ്.
എല്ലാ മതവിശ്വാസികളോടും സ്നേഹത്തോടെയും സഹിഷ്ണുതയോടെയുമാണ് ടിപ്പുവും ഹൈദറും പെരുമാറിയതെന്ന് നിഷ്പക്ഷ ചരിത്ര വായനയില്‍നിന്ന് വ്യക്തമാവും. യുദ്ധത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് ഹിന്ദു പടയാളികളുടെ വിശ്വാസം അനുസരിച്ച് അമ്പലങ്ങളില്‍ വഴിപാടുകള്‍ നടത്തിക്കുക ഇവരുടെ പതിവായിരുന്നു. ഓരോരുത്തരെയും അവരുടെ മതാചാരങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അനുവദിച്ചിരുന്നുവെന്ന് മൈസൂര്‍ രാജാക്കന്മാരുടെ ചരിത്രമെഴുതിയ ‘സ്പാര്‍ട്സ്’ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ച ബ്രിട്ടീഷ് ചരിത്രകാരന് വില്ക്സാവട്ടെ, തെളിവുകള്‍ നിരത്തുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.
മൈസൂര്‍ രാജ്യത്തിന്റെ സിരാകേന്ദ്രമായ ശ്രീരംഗപട്ടണം കോട്ടക്കകത്തുതന്നെ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങള്‍ ഉണ്ട്. ടിപ്പുവിന്റെ അരമനയില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്താണ് ശ്രീരംഗനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തായി നരസിംഹ ക്ഷേത്രവും ഗംഗാഗോധേശ്വര ക്ഷേത്രവും ഉണ്ട്. രൂപഭംഗിയും ശില്പചാതുര്യവുമുള്ള അനേകം ക്ഷേത്രങ്ങള്‍ അക്കാലത്ത് മൈസൂരില്‍ ഉണ്ടായിരുന്നിട്ടും അവക്കൊന്നും യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ല. ക്ഷേത്രങ്ങള്‍ നവീകരിക്കാനും ക്ഷേത്ര ചെലവുകള്‍ക്കുമായി സുല്‍ത്താന്‍ എല്ലാവിധ സഹായങ്ങളും ചെയ്തതായി മൈസൂര്‍ ക്ഷേത്ര രേഖകളില്‍ കാണാം.
1791ല്‍ ബ്രാഹ്മണനായ ഒരു മറാഠാ സൈന്യാധിപന് പുരുഷത്തോം ബാബുവിന്റെ പടയാളികള്‍ ശാരദാമഠം അക്രമിക്കുകയും അന്തേവാസികളെ വധിക്കുകയും ചെയ്തപ്പോള്‍ ക്ഷേത്രം പുനരുദ്ധരിക്കുവാന്‍ ശങ്കരാചാര്യരെ സഹായിച്ചത് ടിപ്പുവായിരുന്നു. ശൃംഗേരി മഠത്തിന് ടിപ്പു നല്കിയ സമ്മാനങ്ങളുടെയും വസ്തുവഹകളുടെയും വിശദമായ വിവരങ്ങള്‍ മഠത്തിലെ രേഖകളില്‍ ഇപ്പോഴും കാണാം. മതമൈത്രിയും പരസ്പര സ്നേഹവും വളരാന്‍ കാരണമാവുന്ന നയനിലപാടുകള്‍ സ്വീകരിച്ച ടിപ്പുസുല്‍ത്താന്‍ മലബാറില്‍ മാത്രം ‘ക്ഷേത്ര വിധ്വംസകനായത്’ എങ്ങനെയാണ്? മലബാറിലെ പാലക്കാട് കോട്ടയോട് തൊട്ടടുത്തുള്ള ഹൈന്ദവ ദേവാലയം പണിത ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കി ഇരുട്ടിനെ വീണ്ടും കൂരിരുട്ടാക്കുകയാണ് ചെയ്യുന്നത്.
‘ബ്രഹ്മദേയവും ദേവദായവും ആയിട്ടുള്ള ഭൂമി ഒഴിവാക്കി സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റുവാന്‍ 1782ല്‍ ബാര മഹല്ലിലെ ഹരിദാസയ്യ എന്ന ആമിര്ദാറിന്നു നിര്‍ദ്ദേശം നല്കി. കടപ്പ ജില്ലയില്‍ ഇതേ വര്‍ഷം ഗണ്ഡികോട്ട ക്ഷേത്രത്തിലെ ആഞ്ജനേയ പൂജക്ക് ഒരു രാമാചാറിന്ന് ഭൂമി അനുവദിച്ചുകാണാം. തൊംഗപ്പള്ളി ഗ്രാമത്തിന്റെ നികുതി പുഷ്പഗിരി മഠത്തിലെ സ്വാമിജിക്ക് വിട്ടുകൊടുക്കാന്‍ ആമീല്ദാര്ക്ക് നിര്‍ദ്ദേശം നല്കി.
അതേവിധം ശ്രീരംഗപട്ടണത്തെ ക്ഷേത്രത്തിലേക്ക് നല്കിയ ഏഴ് വെള്ളിക്കപ്പുകളും കര്‍പ്പൂരത്തട്ടും പ്രത്യേകം സ്മരണീയമാണ്. കാവേരിവട്ടി ഗ്രാമത്തിലെ ചന്ദ്രമൗലീശ്വര ദേവസ്ഥാനത്തെ പടിത്തരം, ദീപാരാധന എന്നിവക്കായി ബാരമഹലിലെ ആമീല്‍ദാര്‍ ഹരിദാസയ്യക്ക് അയാള്‍ പിരിവെടുത്ത ഉല്പന്നങ്ങള് വിട്ടുകൊടുക്കാന്‍ മറ്റൊരു നിര്‍ദ്ദേശം 1790ല്‍ നല്‍കിയിരുന്നു. ബാബാ ബുധന്‍ഗിരിയിലെ ദത്താത്രേയ പീഠത്തിന് ആനഗൊണ്ടി രാജാക്കന്മാര് അനുവദിച്ച ഇരുപത് ഗ്രാമങ്ങള്‍ 1784ല്‍ വീണ്ടും സുല്‍ത്താന്‍ അനുവദിച്ചുകൊടുത്തു.’ (നവാബ് ടിപ്പുസുല്‍ത്താന്‍ ഒരു പഠനം: 134, 135).
മലബാറിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പുരോയാനത്തിനാണ് ടിപ്പുസുല്‍ത്താന്‍ പ്രാമുഖ്യം നല്‍കിയത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഔദ്യോഗിക കല്പന പുറപ്പെടുവിച്ച സുല്‍ത്താന്‍, പെണ്മക്കളെ കെട്ടിച്ചയക്കാന്‍ കഴിവില്ലാത്ത രക്ഷിതാക്കള്‍ക്ക് സ്റ്റേറ്റില്‍നിന്നും സംഭാവന കൊടുത്ത് സഹായിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമാനുസൃതമല്ലാത്ത ലൈംഗിക ബന്ധങ്ങളും തന്റെ രാജ്യത്ത് മദ്യം ഉല്പാദിപ്പിക്കുന്നതും വില്പന ചെയ്യുന്നതും നിരോധിച്ചു. കള്ളുചെത്ത് തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. ഈ നടപടികള്‍ ഫലപ്രദവും പ്രശംസാര്‍ഹവുമാണെന്ന് ബ്രിട്ടീഷ് ചരിത്രകാരന് ബ്രൗണിംഗ് അഭിപ്രായപ്പെടുന്നു.
മാറുമറക്കാന്‍ അവകാശമില്ലാത്ത സ്ത്രീകള്‍ക്ക് അതിന് അവകാശം നല്കി. ടിപ്പുവിന്റെ കാലത്ത് കേരളത്തില്‍ ആദ്യമായി ഭൂസര്‍വേ നടത്തി കര്‍ശനമായ നികുതി വ്യവസ്ഥ നടപ്പിലാക്കി. ഇതോടെ ജാതി ജന്മി സമ്പ്രദായത്തിന് പരിക്കുകളേറ്റു. ജന്മി-ബ്രിട്ടീഷ് കൂട്ടുകെട്ടാണ് ടിപ്പുവിനെതിരെ മതപരിവര്‍ത്തന-ക്ഷേത്ര ധ്വംസന പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. ഇവരുടെ മാനസികാവസ്ഥയുള്ള ഇന്നത്തെ ചില ചരിത്രകാരന്മാര് നമുക്ക് അപമാനമാണ്, തീര്‍ച്ച. -തന്‍സീര്‍ സി.ടി കാവുന്തറ