എം.ജി.എസിന്റെ ടിപ്പുവിരോധത്തിന്ന് കാലപ്പഴക്കമുണ്ടെങ്കിലും ആരോപണത്തില്‍ കഴമ്പില്ലെന്ന് കാലം തെളിയിച്ചതാണ്.
‘ടിപ്പുവിന്റെ ക്ഷേത്രധ്വംസനം’ എം.ജി.എസിനെ പോലുള്ളവര്‍ ആവര്‍ത്തിക്കുന്നുവെങ്കില്‍ വിവരക്കേട് എന്ന് മാത്രം പറഞ്ഞാല്‍ പോര, അവിവേകികളുടെ ജല്പനങ്ങള്‍ എന്ന് കൂടിചേര്‍ക്കണം.
1999 ല്‍ തിരുവനന്തപുരത്ത് വൈ.എം.സി.എ ഹാളില്‍ മുസ്‌ലിം കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടിപ്പുവിന്റെ ഇരുനൂറാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഉദ്ഘാടനസമ്മേളനം ഓര്‍ത്തുപോവുന്നു.
ടിപ്പുവിരോധികള്‍ക്ക് വായടപ്പന്‍ മറുപടി നല്‍കിയ പ്രസംഗങ്ങള്‍ പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ടിപ്പുവിന്റെ ചരിത്രം വികലമാക്കിയത് ബ്രിട്ടീഷുകാരായിരുന്നുവെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ സമര്‍ത്ഥിച്ചത് എം.ജി.എസിന്നറിയാത്തതല്ല.
പ്രമുഖ സ്വാതന്ത്ര്യസമരസേനാനി എ.പി. ഉദയഭാനു അന്ന് ദീര്‍ഘനേരം സംസാരിച്ചു. ടിപ്പുസുല്‍ത്താനെതിരെ തൊടുത്തുവിട്ട ഓരോ ആരോപണത്തിന്റെയും മുനയൊടിച്ചു കൊണ്ട് അക്കമിട്ടു മറുപടി പറയുകയായിരുന്നു ഉദയഭാനു. ടിപ്പുസുല്‍ത്താന്‍ ക്ഷേത്രങ്ങളെ ധ്വംസിച്ചിട്ടില്ലെന്നും മറിച്ച് എല്ലാ വിശ്വാസങ്ങളെയും പരിരക്ഷിക്കുകയാണ് ചെയ്തതെന്നും സ്ഥാപിച്ചു കൊണ്ടുള്ള ഉദയഭാനുവിന്റെ പ്രസംഗം തെക്കന്‍ ഭാഗങ്ങളിലെ ഹൈന്ദവ പത്രങ്ങളാണ് ഫഌഷ് ചെയ്തത്.
ഗുരുവായൂര്‍ അമ്പലത്തിന്ന് സ്വത്തു വകകള്‍ ടിപ്പു സംഭാവന നല്‍കിയതും മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കാനുള്ള സന്നദ്ധത അദ്ദേഹം കാണിച്ചതും എടുത്തുപറഞ്ഞു കൊണ്ട് അടിമത്വത്തെ എതിര്‍ക്കാന്‍ ജീവത്യാഗം ചെയ്ത വീരപുരുഷനായി ഉദയഭാനു, ടിപ്പുവിനെ വിശേഷിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്നും മതമൈത്രിക്കും വേണ്ടി ജീവത്യാഗം ചെയ്തതു കൊണ്ടാണ് അദ്ദേഹത്തിന്റെ ചരമദിനം അനുസ്മരിക്കുന്നതെന്ന് സ്വാതന്ത്ര്യ സമരസേനാനിയായ ഉദയഭാനു വിശദീകരിക്കുകയുമുണ്ടായി. തെറ്റായ ചരിത്ര രചന നടത്തിയതിന്റെ കെടുതിയാണ് നാമിന്ന് അനുഭവിക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ ഇ.ടി. സൂചിപ്പിച്ചതിന്ന് പിന്നില്‍ വലിയ സത്യം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. ബ്രിട്ടീഷുകാരാണ് ടിപ്പുവിനെ ഹിന്ദു വിദ്വേഷിയായി ചിത്രീകരിച്ചതെന്ന് പറഞ്ഞ ഇ.ടി ഇതിന്റെ കാരണവും വ്യക്തമാക്കി. ബ്രിട്ടീഷുകാരുടെ ഏറ്റവും കടുത്ത ശത്രുവായിരുന്നു ടിപ്പു. ടിപ്പു മരണപ്പെട്ട ദിവസം വിജയത്തിന്റെ ദിവസമാണെന്ന് ഒരു ബ്രിട്ടീഷ് പ്രഭു എഴുതിയതും ബഷീര്‍ ചൂണ്ടിക്കാട്ടി.
ശൃംഗേരി മഠാധിപതിയോട് മോശമായി പെരുമാറിയ ഹിന്ദു നാട്ടുരാജാക്കന്മാരോട് കര്‍ക്കശ നിലപാടെടുത്ത ടിപ്പു ഉപദേഷ്ടാക്കളിലും സൈനികരിലും ധാരാളം ഹിന്ദുക്കളെ എടുത്തു. മാറു മറക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന് പോരാടി എന്നതാണ് ടിപ്പുവിന്റെ മറ്റൊരു മഹത്വം. ഇത്രയൊക്കെ ഇ.ടി പറഞ്ഞിട്ടും എം.ജി.എസ് തിരുത്താന്‍ തയ്യാറായില്ല. എന്ന് മാത്രമല്ല ബഷീറിന്റെ അടുത്ത ബന്ധുവും എഴുത്തുകാരനുമായ അബ്ദു ചെറുവാടിയുടെ ഗ്രന്ഥത്തിന്റെ അവതാരികയില്‍ പോലും എം.ജി.എസ് ടിപ്പുവിനെ താറടിച്ചു കാട്ടി.
മുസ്‌ലിം കള്‍ച്ചറല്‍ ഫോറത്തിന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തിലെ ടിപ്പു സ്മാരക പ്രഭാഷണം നടത്തിയ ജുബ്ബാ രാമകൃഷ്ണ പിള്ളയും ടിപ്പുവിരോധികളുടെ തോലുരിച്ചു കാട്ടിയതാണ്. ടിപ്പുവിന്റെ കീര്‍ത്തി ലോകമുള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
എം.ജി.എസിന്റെ അറിവിലേക്കായി ജുബ്ബാ രാമകൃഷ്ണപിള്ള ഇത്രകൂടി പറഞ്ഞു:
‘കുഞ്ഞാലിമരക്കാര്‍ സാമൂതിരി ഭരണം നിലനിര്‍ത്താന്‍ വേണ്ടിയും വേലുത്തമ്പി ദളവ അന്നത്തെ രാജാവിന്റെ ഭരണം നിലനിര്‍ത്താന്‍ വേണ്ടിയുമാണ് പൊരുതിയതെങ്കില്‍ സ്വന്തം രാജ്യത്തെ ബ്രിട്ടീഷുകാരില്‍ നിന്ന് രക്ഷിക്കാനാണ് ടിപ്പു പടവെട്ടിയത്’
അന്ന് എം.എല്‍.എ ആയ നാലകത്ത് സൂപ്പി ഒരു പ്രധാന ആവശ്യം ഉന്നയിച്ചിരുന്നു. ടിപ്പുവിന്റെ പേരില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്നായിരുന്നു അത്.
ചരിത്രകാരനായ എം.ജി.എസ് ചെയ്യേണ്ടിയിരുന്നത് പാലക്കാട്ടോ, ഫാറൂഖിലോ സുല്‍ത്താന്‍ബത്തേരിയിലോ ടിപ്പു സ്മാരകത്തിന്ന് സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു.
ചരിത്രത്തിന്റെ നിഴലനക്കങ്ങളുള്ള മനോഹരതീരത്ത് ടിപ്പുവിനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സുഗന്ധം ചരിത്രകാരന്മാര്‍ തിരിച്ചറിയണം. എം.ജി.എസിന്റെ രാഷ്ട്രീയത്തിന്ന് ക്രമമുണ്ടാവണമെന്നില്ല. എന്നാല്‍ ചരിത്രത്തിന്റെ ക്രമം തെറ്റിക്കാന്‍ എം.ജി.എസിന്റെ രാഷ്ട്രീയം മുതിരരുത്. രാഷ്ട്രീയ സിദ്ധാദ്ധങ്ങള്‍ മരിച്ചുകൊണ്ടിരിക്കുമെന്ന് എം.ജി.എസിന്നറിയാമല്ലോ.
ഇവിടെ ചരിത്രകാരന്മാര്‍ ചരിത്രം വികലമാക്കിയാല്‍ നമ്മുടെ നാട് മറ്റൊരു ഗുജറാത്തോ ആസാമോ ആയി തീര്‍ന്നെന്നു വരാം.
സത്യസന്ധമായ ചരിത്രവും വിദ്വേഷം വമിക്കുന്ന രചനകളും തമ്മിലുള്ള അതിര്‍ത്തിരേഖ പ്രത്യക്ഷമാവാതെ സൂക്ഷിക്കേണ്ടത് ഒരു നല്ല പൗരസമൂഹത്തിന്റെ കടമയാണെന്ന് എം.ജി.എസ് മനസ്സിലാക്കട്ടെ.-കെ.പി. കുഞ്ഞിമ്മൂസ