മാഹി: പന്തക്കല്‍ ഹസന്‍മുക്കിലെ മുസ്ലിം ആരാധനാലയം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ തുറക്കരുതെന്നു റീജണല്‍ അഡ്മിനിസ്ട്രേറ്റര്‍ അരുണാചലം ഉത്തരവിട്ടു. നേരത്തെ പരാതിയെത്തുടര്‍ന്ന് ഒരു മാസത്തോളം പൂട്ടിയിട്ട ആരാധനാലയം തിങ്കളാഴ്ച അഡ്മിനിസ്ട്രേറ്റരുടെ അനുമതിയോടെ തുറന്നിരുന്നു. ഇതിനു പിന്നാലെ പ്രദേശത്തു സംഘര്‍ഷാവസ്ഥയുണ്ടായതിനെത്തുടര്‍ന്നാണു വീണ്ടും അടച്ചിടാന്‍ തീരുമാനിച്ചത്.
നേരത്തെ മദ്രസയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ആരാധനാലയമാക്കി മാറ്റിയതിനെതിരേ ഹിന്ദു ഐക്യവേദിയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ആരാധനാലയം തുറന്നതിനെ തുടര്‍ന്നു ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അടപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇവിടെയുള്ള മദ്രസയുടെ പ്രവര്‍ത്തനം തടഞ്ഞതിന് ആറ് ഐക്യവേദി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അറസ്റ്റില്‍ പ്രതിഷേധിച്ചു ഐക്യവേദി പ്രവര്‍ത്തകര്‍ റോഡ് ഉപരോധമുള്‍പ്പെടെ നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നു ചൊവ്വാഴ്ച റീജണല്‍ അഡ്മിനിസ്ട്രേറ്റര്‍ അരുണാചലം ഇരുവിഭാഗവുമായി നടത്തിയ ചര്‍ച്ചയില്‍ ഇനി ഒരറയിപ്പുണ്ടാകുന്നതു വരെ ആരാധനാലയം തുറക്കരുതെന്നു നിര്‍ദേശിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തു പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
അതിനിടെപന്തക്കല്‍ വയലില്‍പീടികയില്‍ ബോംബേറില്‍ ബിജെപി പ്രവര്‍ത്തകനു പരിക്കേറ്റു. കുനിയില്‍ ഹൗസില്‍ ജിനീഷ് (24) ആണു പരിക്കേറ്റത്. രാത്രി 10.45 ഓടെയായിരുന്നു സംഭവം. ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.