ഹജ്ജ്: റിസര്‍വ് കാറ്റഗറിക്കാര്‍ യഥാര്‍ഥ പാസ്‌പോര്‍ട്ട് നല്‍കേണ്ടി വരും

2014 മാര്‍ച്ച് 31 വരെ പാസ്‌പോര്‍ട്ട് കാലാവധി വേണം 
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന അടുത്തവര്‍ഷം ഹജ്ജിന് പോകാനാഗ്രഹിക്കുന്ന റിസര്‍വ് കാറ്റഗറിക്കാര്‍ അപേക്ഷയോടൊപ്പം യഥാര്‍ഥ പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടിവരും. 70 വയസ്സില്‍ കൂടുതലുള്ളവര്‍, തുടര്‍ച്ചയായി മൂന്നുവര്‍ഷം അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ എന്നിവരെയാണ് റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് അവസരം ലഭിക്കുന്നവരാണ് റിസര്‍വ് കാറ്റഗറിക്കാര്‍. ഇവര്‍ക്ക് അവസരം നല്‍കിയതിന് ശേഷമുള്ള സീറ്റുകളിലാണ് നറുക്കെടുപ്പ് നടത്തുന്നത്. തീര്‍ഥാടകരുടെ യാത്രാ നടപടികള്‍ വേഗത്തിലും സുഗമവുമാക്കുന്നതിനാണ് യഥാര്‍ഥ പാസ്‌പോര്‍ട്ട് തുടക്കത്തിലേ ആവശ്യപ്പെടുന്നത്. കഴിഞ്ഞവര്‍ഷം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഹജ്ജിന് അപേക്ഷ നല്‍കിക്കഴിഞ്ഞാണ് പലരും പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ ശ്രമം തുടങ്ങുക. അതുകൊണ്ടുതന്നെ അവസരം ലഭിച്ചിട്ടും പാസ്‌പോര്‍ട്ട് ഇല്ലാത്ത കാരണത്താല്‍ പലര്‍ക്കും തീര്‍ഥാടനം മുടങ്ങിയിരുന്നു. 
2014 മാര്‍ച്ച് 31 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കേ അടുത്തവര്‍ഷത്തെ ഹജ്ജിന് അവസരം ലഭിക്കൂ. റിസര്‍വ് കാറ്റഗറിക്കാരുടെ യഥാര്‍ഥ പാസ്‌പോര്‍ട്ട് നേരത്തെ തന്നെ ലഭിക്കുന്നതിനാല്‍ വിസ സ്റ്റാമ്പിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ക്വാട്ട വര്‍ധിപ്പിച്ചില്ലെങ്കില്‍ അടുത്തവര്‍ഷം കേരളത്തില്‍ റിസര്‍വ് കാറ്റഗറിക്കാര്‍ക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക.
ഫിബ്രവരി ഒന്നുമുതല്‍ മാര്‍ച്ച് 31വരെ ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. അടുത്തവര്‍ഷം ഹജ്ജ് അപേക്ഷാ ഫീസ് 300 രൂപയാക്കാന്‍ ധാരണയുണ്ട്. നിലവില്‍ 200 രൂപയാണ്. കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഗ്രീന്‍ കാറ്റഗറിയില്‍ പണമടച്ചിട്ടും അസീസിയയില്‍ താമസ സൗകര്യം ലഭിച്ചവര്‍ക്ക് പണം തിരികെ നല്‍കാന്‍ നടപടിയായി. തീര്‍ഥാടകരുടെ ബാങ്ക് അക്കൗണ്ടില്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി നേരിട്ട് പണം നിക്ഷേപിക്കും. ഇരു കാറ്റഗറിയിലെയും വ്യതിയാനമായ 28641 രൂപയാണ് തിരികെ നല്‍കുന്നത്. 
70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള സഹായിയുടെ കാര്യത്തിലും ഇളവുണ്ടാകുമെന്നാണ് സൂചന. പേരക്കുട്ടിയെ സഹായിയായി പോകാന്‍ അനുവദിക്കും. ദേശസാത്കൃത ബാങ്കിലെ അക്കൗണ്ടില്‍ നിന്നും കാന്‍സല്‍ചെയ്ത ചെക്കും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടിവരും.