ലോകാവസാന പ്രവചനവും അന്തര്‍ദേശീയ പ്രതിസന്ധികളും

യ്യായിരത്തിലേറെ വര്‍ഷം പഴക്കമുള്ള മായന്‍ കലണ്ടറിന്റെ ലോകാവസാന പ്രവചനങ്ങള്‍, പലരെയും മുള്‍മുനയില്‍ നിര്‍ത്തി കടന്നുപോവുമ്പോള്‍ ഇത്തരം ചിന്തകള്‍ ലോകത്തുണ്ടാക്കുന്ന പ്രതിസന്ധികള്‍കൂടി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. അമേരിക്കയുടെയും ഇസ്രാഈലിന്റെയും അന്താരാഷ്ട്ര ഇടപെടലുകളെ പലപ്പോഴും സ്വാധീനിച്ചത്്് ഇവാഞ്ചലിസ്റ്റുകളുടെയും ജൂതരുടെയും ഇത്തരം വിശ്വാസങ്ങളായിരുന്നു.
പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ബന്ധങ്ങളുടെ ദിശ നിര്‍ണ്ണയിക്കുന്ന പ്രദേശമാണ്്് ഇസ്രാഈലിന്റെയും ജോര്‍ദാന്റെയും ഫലസ്്തീന്റെയും സമീപമുള്ള അര്‍മാഗഡന്‍. മൂന്നാം ലോകമഹായുദ്ധം നടക്കാനിടയുള്ള പ്രദേശമെന്ന നിലക്ക്്് അര്‍മാഗഡന്‍ ലോകരാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇറാഖ് യുദ്ധകാലത്തും ഫലസ്തീന്‍ പ്രശ്്്‌നത്തിന് സജീവത കൈവരുമ്പോഴും ഇറാനു മേല്‍ ആക്രമണം മുന്നില്‍ നില്‍ക്കുമ്പോഴും അര്‍മാഗഡന്‍ പ്രവചന വിദഗ്ധര്‍ വാര്‍ത്തയാവും. അന്താരാഷ്ട്ര ബന്ധങ്ങളിലെ വിദഗ്ധര്‍ പല പ്രശ്‌നങ്ങളെയും അവതരിപ്പിക്കാറ് അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍, ഉദ്യോഗസ്ഥ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിസ്റ്റ്, ജൂത ഇടപെടലുകളെ കേന്ദ്രമാക്കിയാണ്. 
ലോകാവസാനത്തിനു വഴിയൊരുക്കുന്ന യുദ്ധത്തിന്റെ കേന്ദ്രപ്രദേശമാണ് അര്‍മാഗഡന്‍. ജൂത-ക്രിസ്ത്യന്‍-മുസ്്‌ലിം ഭാവി ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത്് അര്‍മാഗഡന്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. മറ്റു പല മതപ്രവചനങ്ങള്‍ക്കും രാഷ്ട്രീയമായ ഇടം നാം അനുവദിച്ചില്ലെങ്കിലും അര്‍മാഗഡന്റെ ഇരിപ്പിടം രാഷ്ട്രീയമാണ്. ഗ്രീക്ക് പുതിയ വേദത്തിലാണ് ആദ്യമായി അര്‍മാഗഡന്‍ എന്ന പേരു പറയപ്പെടുന്നത്്. ചില ക്രിസ്ത്യന്‍ വ്യാഖ്യാനങ്ങളനുസരിച്ച്്് യേശു അന്ത്യകാലത്ത്്് ഇവിടെ എത്തുകയും അര്‍മാഗഡനില്‍ നടക്കുന്ന യുദ്ധത്തില്‍ ആന്റിക്രൈസ്റ്റിനെയും സാത്താനെയും തോല്‍പിക്കുകയും ചെയ്യുമെന്നാണ്.
യേശു രണ്ടാം തവണ സമാഗതനാവുന്നതിനു കളമൊരുക്കുന്ന രാഷ്്ട്രീയ സംഭവവികാസമായി പെന്തക്കോസ്തുകാര്‍ അര്‍മാഗഡനെ കാണുന്നു. ഹോളിവുഡില്‍ അനേകം ചലച്ചിത്രങ്ങള്‍ക്കു അര്‍മാഗഡന്‍ വിഷയമായി. വെയ്റ്റിങ് അര്‍മാഗഡന്‍ എന്ന ഡോക്യുമെന്ററിയും അര്‍മാഗഡന്‍ എന്ന നോവലും പൊതുജന ചിന്തയെ സ്വാധീനിക്കുന്ന തരത്തില്‍ ജനകീയവല്‍ക്കരിക്കപ്പെടുകയുണ്ടായി.
ആയിരക്കണക്കിന് വെബ്‌സൈറ്റുകളാണ് ഇത്തരം ഭാവികാര്യങ്ങളുടെ പ്രവചനങ്ങള്‍ക്കായി നെറ്റ്‌ലോകത്ത്്് വിലസുന്നത്്്. വേദഗ്രന്ഥത്തില്‍ അര്‍മാഗഡന്‍ സംബന്ധിച്ച്് കാര്യമായി ഒന്നുമില്ല. അതേസമയം വ്യാഖ്യാനങ്ങള്‍ തിമര്‍ത്തു പെയ്തു. വേദഗ്രന്ഥങ്ങളെ തെറ്റായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു ഉപയോഗപ്പെടുത്തുകയായിരുന്നു പലപ്പോഴും. ഇറാഖ്്് യുദ്ധത്തിനും ഫലസ്്്തീന്‍ ഇടപെടലുകള്‍ക്കും അമേരിക്കന്‍ ജനതയില്‍ സ്വാധീനം നേടിയെടുത്തത്്് ഇത്തരം പ്രവചനങ്ങള്‍ വഴിയായിരുന്നു. പ്രവചനങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇവാഞ്ചലിസ്റ്റുകള്‍ അഹോരാത്രം രംഗത്തിറങ്ങി.
ഓരോ യുദ്ധം വന്നപ്പോഴും ജനം മുമ്പില്‍ കണ്ടത്്് അര്‍മാഗഡനിലെത്തി യേശുവിനെ തിരിച്ചുകൊണ്ടുവരുന്നതായിരുന്നു. ഇവാഞ്ചലിസ്റ്റുകളുടെ രാഷ്ട്രീയ സ്വാധീനം മൊസാദിനെയും സി.ഐ.എയുമൊക്കെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി ഭാവിയില്‍ സംഭവിക്കാനിരിക്കുന്നതിനെ നേരിടാനുള്ള വൃഥാ ശ്രമങ്ങള്‍ക്കു വഴിയൊരുക്കി. 1948ല്‍ ജൂതന്മാര്‍ മുസ്്‌ലിം പ്രദേശമായിരുന്ന ഫലസ്തീനിലേക്കു കുടിയേറി അധികാരം സ്ഥാപിക്കുകയും ഇസ്രാഈല്‍ രാഷ്ട്രം പിറവി കൊള്ളുകയും ചെയ്തതിനെ ചോദ്യംചെയ്ത് തകര്‍ക്കാതിരുന്നത്്്, അതു ബൈബിള്‍ പ്രവചനങ്ങളെ സ്്ഥാപിക്കുകയാണെന്ന സയണിസ്‌ററ് ലോബിയുടെ പ്രചാരണങ്ങളുടെ സഹായത്തോടെയായിരുന്നു.
സയണിസ്റ്റുകളുടെ കുതന്ത്രങ്ങള്‍ക്കൊപ്പം അമേരിക്കന്‍ ഇവാഞ്ചലിസ്റ്റുകളും ചേര്‍ന്നുള്ള കൂട്ടുകെട്ടുകളാണ് മിഡിലീസ്റ്റുമായി ബന്ധപ്പെട്ട അമേരിക്കന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചു പോരുന്നത്്്. പെട്രോളും മറ്റും യുദ്ധത്തിന്റെ അടിസ്ഥാന പ്രേരകമായി വര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ക്കു മേല്‍ പിടിമുറുക്കിയിത് പ്രവചനങ്ങളുടെ ബലത്തിലായിരുന്നു. മായന്‍ കലണ്ടറിന്റെ അന്ത്യത്തോടു കൂടി അവസാനിക്കുന്നതല്ല പ്രവചനലോകത്തെ വിശേഷങ്ങള്‍. മതങ്ങളെയും വേദങ്ങളെയും തെററായി വ്യാഖ്യാനിച്ചും അവ പ്രചരിപ്പിച്ചുമാണ് ഇത്തരം ആശയങ്ങള്‍ ലോകസമൂഹത്തില്‍ പിടിമുറുക്കുന്നത്. 2018 മുതല്‍ ഇനിയും വലിയ വിശേഷങ്ങള്‍ നേരത്തെ പ്രവചിച്ച കലണ്ടറുകള്‍ നമ്മുടെ മുമ്പിലുണ്ട്. അത്തരം സാഹചര്യങ്ങളെ നേരിടുന്നതിന് അവര്‍ അന്താരാഷ്ട്രബന്ധങ്ങളുടെ രാഷ്ട്രീയത്തെ നിരന്തരം സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
മുസ്്‌ലിം ലോകത്ത് ലോകാവസാനത്തെ കുറിച്ച ചര്‍ച്ചകള്‍ക്കു യാതൊരു പഞ്ഞവുമില്ല. ദജ്ജാലിനെ കുറിച്ചോ മറ്റോ ആയിരുന്നില്ല ചര്‍ച്ചകളും പുസ്്തകങ്ങളും. അര്‍മാഗഡനെ കുറിച്ച മുസ്്‌ലിം പ്രവചനങ്ങള്‍ ക്രോഡീകരിച്ച ഗ്രന്ഥങ്ങള്‍ അറബിയിലും വിവിധ ഭാഷകളിലും നുരഞ്ഞുപൊന്തി. ബിന്‍ലാദനെയും ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുബാറക്കിനെയും അടക്കം മുസ്്‌ലിം ലോകത്തെ പ്രമുഖ വ്യക്തികളെയൊക്കെ പൗരാണിക പ്രവചനങ്ങളില്‍ നിന്നു അവതരിപ്പിച്ചു. ഹദീസുകളില്‍ കണ്ട ചെറിയ ചെറിയ സൂചനകള്‍ അതിഭീകരമായ ഭാവനകള്‍ കൊണ്ടു വ്യാഖ്യാനിക്കപ്പെട്ടു. ഒന്നും രണ്ടും ഇറാഖ് യുദ്ധം കഴിഞ്ഞപ്പോഴൊക്കെ മുസ്്‌ലിം ലോകത്ത് മായന്‍ കലണ്ടറുകളുടെ ഗതിവന്ന ബെസ്റ്റ് സെല്ലറുകള്‍ അനേകമായിരുന്നു. ഇറാഖ്് യുദ്ധം നീണ്ട് അര്‍മാഗഡനിലെത്തുന്നതായിരുന്നു കഥകള്‍.
ഇതോടൊപ്പം മുസ്്‌ലിം ലോകത്തെ മറ്റുചില ചിന്തകളും സാന്ദര്‍ഭികമായി പരിശോധിക്കപ്പെടേണ്ടതാണ്. മുസ്്‌ലിം ബൗദ്ധികത തന്നെ പലേടത്തും പ്രവചനങ്ങളുടെ പിടിയിലകപ്പെടുകയുണ്ടായി. തുര്‍ക്കിയിലെ ഹാറൂന്‍ യഹ്‌യ എന്ന അദ്‌നാന്‍ ഒക്്താറിനെ നോക്കുക. നമ്മുടെ ഗ്രാമങ്ങളിലും ലോകത്തെ മിക്ക രാജ്യങ്ങളിലും പലവിധത്തില്‍ മുസ്്‌ലിം യുവാക്കളെ വന്‍തോതില്‍ സ്വാധീനിച്ച എഴുത്തുകാരനാണ് ഹാറൂണ്‍ യഹ്‌യ. യൂറോപ്പില്‍ പരിണാമവാദം ചിന്താപരമായ ആധിപത്യം ചെലുത്തുകയും അതു വിദഗ്ധമായി പൗരസ്ത്യ ദേശങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ വരിഞ്ഞുമുറുക്കുകയും ചെയ്തപ്പോള്‍ അതിനെതിരെ ശാസ്ത്രത്തെ ഉപയോഗിച്ച്് രംഗത്തിറങ്ങിയ ഹാറൂന്‍ യഹ്‌യ ശാസ്ത്രത്തെയും ഖുര്‍ആനെയും അവതരിപ്പിക്കുന്നതില്‍ പ്രഥമസ്ഥാനീയനായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ പുസ്്തകങ്ങളും ഡോക്യുമെന്ററികളും മുസ്്‌ലിം ലോകത്ത് വന്‍ പ്രാധാന്യം നേടുന്നുണ്ട്.
തന്റെ ഇമാം മഹ്ദിയും ലോകാവസാനവും എന്ന ഡോക്യുമെന്ററി മുതല്‍ ഹാറൂന്‍ യഹ്‌യ തീര്‍ത്തും പ്രവചനലോകത്തേക്കു മാറി. ഓരോ ദിവസവും ഫെയ്‌സ്്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വന്നുകൊണ്ടിരിക്കുന്ന ഇടവിട്ട അപ്‌ഡേററുകള്‍ പരിശോധിക്കുക. തൊണ്ണൂറു ശതമാനം വിഷയവും ഇതായിരുന്നു. കണക്കുകള്‍ നിരത്തി ഇമാംമഹ്്ദിയുടെ കടന്നുവരവിന്റെ വര്‍ഷവും സകല വിവരങ്ങളും അദ്ദേഹം കുറിക്കുകയുണ്ടായി. ഇമാം മഹ്്ദിയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ മാത്രം പ്രവചനങ്ങള്‍ക്കായി ചെറുതും വലുതുമായ എഴുനൂറിലേറെ പ്രബന്ധങ്ങളാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ അണിനിരന്നിരിക്കുന്നത്.
പ്രവചനങ്ങളുടെ ചുവടുപിടിച്ച്് തുര്‍ക്കി രാഷ്ട്രീയത്തെയും ലോകരാഷ്ട്രീയത്തെയും അദ്ദേഹം ചര്‍ച്ചാവിധേയമാക്കുന്നു. ഈ വരുന്ന വര്‍ഷങ്ങളില്‍ യാഥാര്‍ഥ്യമായിരിക്കേണ്ടതാണ് അദ്ദേഹത്തിന്റെ മഹ്ദി പ്രവചനങ്ങള്‍. നാളെയെന്നു ചിന്തിക്കാന്‍ പോലും അകലെയല്ല ഒരു സംഭവവും. അദ്ദേഹം മുസ്്‌ലിം ലോകത്തിന്റെ ഭാവിരാഷ്ട്രീയത്തെ തുര്‍ക്കി കേന്ദ്രമായാണ് ചൂണ്ടിക്കാട്ടുന്നത്. ടര്‍ക്കിഷ് ഇസ്്‌ലാമിക് യൂണിയന്‍ എന്ന്് ഭാവിയിലെ ഇസ്്‌ലാമിക രാഷ്ട്രീയത്തെ അദ്ദേഹം വിളിക്കുന്നു. ലോകത്തു നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവ വികാസങ്ങളും ഇതുമായി ബന്ധപ്പെടുത്തി അദ്ദേഹം വിശകലനം ചെയ്തുവരുന്നു.
ഈജിപ്തില്‍ മുല്ലപ്പൂ വിപ്ലവമുണ്ടായപ്പോഴുളള ചില സംഭവങ്ങള്‍ ഇത്തരം ഇടപെടലുകളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. യൂട്യൂബിലൂടെ ഏറെ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട ഒരു വീഡിയോ ആയിരുന്നു ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. വിപഌവത്തിന്റെ അവസാന മുഹൂര്‍ത്തത്തില്‍ ഒരു പ്രകാശസ്വരൂപം പച്ചകുതിരപ്പുറത്ത് വന്ന് ആകാശത്തേക്ക് അപ്രത്യക്ഷമാവുന്നതിന്റെ ദൃശ്യമായിരുന്നു അത്. പ്രമുഖ ചാനലിന്റേതായിരുന്നു ദൃശ്യം. ക്രിസ്ത്യന്‍ വ്യാഖ്യാതാക്കള്‍, വേദഗ്രന്ഥത്തിലെ നാലാം കുതിരക്കാരനെ കുറിച്ച പ്രവചനം യാഥാര്‍ഥ്യമായതാണ് ഇതെന്നു വാദിച്ചു. ജൂതന്മാര്‍ മറ്റൊരു നിലക്കും. ദൃശ്യവാര്‍ത്താ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നതിനിടക്ക്് ഇതേകുറിച്ച് ഹാറൂന്‍ യഹ്‌യ മറ്റൊരു പ്രചാരണം അഴിച്ചുവിടുകയുണ്ടായി. ഖിളര്‍ നബിയാണതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അവസാനകാലത്ത് ഇമാം മഹ്ദിയുടെ സഹായിയായി അദ്ദേഹം എത്തുമെന്ന വചനങ്ങളായിരുന്നു പിന്‍ബലം.
ഇവയൊക്കെ വലിയ നിലയില്‍ കേരളക്കരയിലും ആഘോഷിക്കപ്പെട്ടതാണ്. പ്രവചനങ്ങള്‍ മനുഷ്യനില്‍ കൗതുകം ജനിപ്പിക്കുന്നുണ്ടെന്നതു തീര്‍ച്ച തന്നെ. പക്ഷെ അവ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തപ്പെട്ടു കൂടാ. വിശുദ്ധഗ്രന്ഥങ്ങളില്‍ നിന്നോ പ്രാചീന കുറിപ്പുകളില്‍ നിന്നോ ഇത്തരത്തില്‍ കണ്ടെത്തപ്പെടുന്നതിനെ കുറിച്ചു തീരുമാനമെടുക്കുന്നത് ഭാവനയിലൂടെയാണ്. ഒരിക്കലും അതിനു സ്ഥിരീകരണം കാണുകയില്ല. വ്യക്തികളുടെ ചിന്തകളെ പലപ്പോഴും ഇവ ദോഷകരമായി സ്വാധീനിക്കുന്നു. ലോകാവസാനത്തെ കുറിച്ച് ഒരു പ്രവചനമുണ്ടെങ്കില്‍ അതറിയുക, വിശ്വസിക്കുകയും അതോടൊപ്പം ലോകത്തോടും ഓരോ ദിനത്തോടുമുള്ള മനുഷ്യന്റെ സാമൂഹിക ബാധ്യതകളും നിര്‍വ്വഹിക്കുകയാണു വേണ്ടത്. സയണിസ്റ്റുകള്‍ ചെയ്യുന്ന പോലെ അവ രാഷ്ട്രീയവല്‍കരിക്കുന്നത് അന്താരാഷ്ട്ര ബന്ധത്തെ മാത്രമല്ല വ്യക്തികളുടെ ഭാവിയെയും കുടുംബ-സാമൂഹിക ബന്ധങ്ങളെയുമൊക്കെ ദോഷകരമായി ബാധിക്കും. ഇത്തരം പ്രവചനങ്ങളില്‍ നിന്നു ഭാവന രൂപപ്പെടുത്തി കുടുംബം, സമൂഹം തുടങ്ങിയവയോടുള്ള ഉത്തരവാദിത്തങ്ങള്‍ വിസ്്മരിക്കുന്നവര്‍, ലോകാവസാനം ഉറപ്പായ ദിവസത്തില്‍പോലും മരം നട്ടുപിടിപ്പിക്കുന്നത് ഉപേക്ഷിക്കരുതെന്ന പ്രവാചക വചനത്തിലേക്കു മടങ്ങേണ്ടതുണ്ട്(പിസി.ജലീല്‍ -ചന്ദ്രിക)