2011 ലെ സെന്‍സസ് അനുസരിച്ച് ബ്രിട്ടനില്‍ മുസ്ലിംകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുയാണ്. പ്രദേശത്ത് മുസ്ലിംകള് നേടുന്ന ഈ വളര്‍ച്ചയെ കുറിച്ച്, അതിന്റെ കാരണങ്ങളന്വേഷിച്ച്,HUFFPOST ല്‍ ഡോ.ലിയോണ്‍ മൂസവി എഴുതിയ കുറിപ്പ്. ലിവര്‍പൂള്‍ സര്‍വകലാശാല ലെക്ചററായ മൂസവി ബ്രിട്ടീഷ് മുസ്ലിംകളെ കുറിച്ചുള്ള നിരവധി ആധികാരിക രചനകളുടെ കര്‍ത്താവാണ്.ബ്രിട്ടനിലെ 2011 ലെ സെന്‍സസ് ഫലമനുസരിച്ച് പ്രദേശത്തെ മുസ്ലിംകളുടെ എണ്ണത്തില്‍ കാര്യമായി വര്‍ധനവ് ഉണ്ടായിരിക്കുന്നു. 2001 ല്‍, പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ്, 1.5 മില്യന്‍ മാത്രമായിരുന്ന മുസ്ലിംകള് പുതിയ കണക്കനുസരിച്ച് 3 മില്യന്‍ ആയിരിക്കുന്നു. അതായത് മൊത്തം ജനസംഖ്യയുടെ 2 ശതമാനം മാത്രമായിരുന്ന വിഭാഗം പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ജനസംഖ്യയുടെ 5 ശതമാനത്തോളം എത്തിയിരിക്കുന്നു.
കണക്കനുസരിച്ച് പല പ്രധാന നഗരങ്ങളിലെയും ജനസംഖ്യയുടെ 50 ശതമാനം മുസ്ലിംകളാണ്. ലണ്ടന്‍ , മാഞ്ചസറ്ററ് തുടങ്ങിയ മെട്രോസിറ്റികളില് പോലും ജനസംഖ്യയുടെ 14 ശതമാനം വരെ മുസ്ലിംകളാണെന്നും സെന്‍സസ് ഫലം വ്യക്തമാക്കുന്നു.
വളര്ച്ച് പിന്നിലെ കാരണങ്ങള്‍
ഈ വര്‍ധനവിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ഒന്നാമതായി, മുസ്ലിം സമുദായത്തില്‍ ജനനനിരക്ക് ആപേക്ഷികമായി കൂടുതലാണെന്നത് തന്നെ. വളര്‍ന്നുവരുന്ന തലമുറയില്‍ അതുകൊണ്ട് തന്നെ ക്രിസ്ത്യാനികളെക്കാളും മുസ്ലിംകളുടെ എണ്ണം കൂടുമെന്നത് സ്വാഭാവികം.
മറ്റൊരു കാരണം സംഘര്‍ഷ കലുഷിതമായ അഫ്ഗാന്, സോമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റമാണ്. നിലവില്‍ ബ്രിട്ടനിലുള്ള മുസ്ലിംകളുടെ ബന്ധുക്കളും മറ്റും നല്ലഭാവി തേടി ഇവിടേക്ക് കുടിയേറുന്നതും സാധാരണമായി കൊണ്ടിരിക്കുകയാണ്. അതും മുസ്ലിംകളുടെ എണ്ണം കൂടുന്നതിന് കാരണമായിട്ടുണ്ട്. ഇതെല്ലാം പൊതുവെ എല്ലാവരും എണ്ണിപ്പറയുന്ന ചില കാരണങ്ങളാണ്.
എന്നാല്‍ ഇതിനപ്പുറം അധികമാരും ശ്രദ്ധിക്കാത്ത മറ്റുചില കാര്യങ്ങള്‍ കൂടി ഇവ്വിഷയകമായി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ഷാവര്‍ഷം കൂടുന്നുവെന്നത് തന്നെ. പ്രതിമാസം നൂറുകണിക്കിന് പേരാണ് ഇത്തരത്തില്‍ മതം മാറിക്കൊണ്ടിരിക്കുന്നതെന്ന് വരെ അനൌദ്യോഗികമായ ചില കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. പ്രദേശത്ത് മുസ്ലിംകള് നടത്തുന്ന ശക്തമായ പ്രബോധനപ്രവര്‍ത്തനങ്ങള്‍ ഇതിന് ഒരു കാരണമാണെന്നത് ശരി തന്നെ. എന്നാല്‍ അതിലുപരി ഈ മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടുന്ന കാര്യം വേറെയാണ്. അതായത് ക്രിസ്തുമത വിശ്വാസികളായ ബ്രിട്ടീഷ് പൌരന്മാര്ക്ക് തങ്ങളുടെ മതം അപര്യപ്തമാണെന്ന് തോന്നലുണ്ടായി തുടങ്ങിയിരിക്കുന്നു. തങ്ങളുടെ മതത്തില്‍ അവര്‍ അസംതൃപ്തരാണ്. മുസ്ലിംകളുടെ എണ്ണം ഒരുഭാഗത്ത് കൂടിക്കൊണ്ടിരിക്കുമ്പോള്‍ കൊഴിഞ്ഞുപോക്ക് നടക്കുന്നത് ക്രിസ്ത്യാനിസത്തിലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. അത് മേല്പറഞ്ഞ വാദത്തെ ബലപ്പെടുത്തുന്നു.
സ്വത്വരാഷ്ട്രീയം (Identity politics) ഈ വളര്‍ച്ചക്ക് പിന്നില്‍ കാര്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തോന്നുന്നു. 2001 ലെ ഭീകരവാദ അക്രമവും അതെ തുടര്‍ന്ന് ആഗോളതലത്തില്‍ അരങ്ങേറിയ തീവ്രവാദവിരുദ്ധ യുദ്ധവും കാരണം മുസ്ലിംകള് പൊതുമണ്ഡലത്തില്‍ ഒരു അസ്തിത്വ പ്രതിസന്ധി നേരിട്ടുവരികയായിരുന്നു. മാധ്യമങ്ങളും പൊതുമണ്ഡലത്തില്‍ ഇടപെടുന്ന മറ്റു ഏജന്റുകളുമെല്ലാം മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന പരാതി ഇവിടത്തെ മുസ്ലിംകള്‍ക്കു നേരത്തെയുണ്ട്. അത് കൊണ്ട് തന്നെ നേരത്തെ മുസ്ലിമാണെന്ന് തുറന്ന് പറയാന്‍ മടിച്ചിരുന്ന പലരും ഇപ്രാവശ്യം മുസ്ലിമാണെന്ന് തുറന്ന് പറഞ്ഞിരിക്കണം. ഒരു വിഭാഗം ഏറെ കാലങ്ങളായി പ്രത്യേകം ‘ലേബല്‍’ ചെയ്യപ്പെട്ടു കൊണ്ടിരുന്നാല്‍ പിന്നെ അതിനു കീഴിലുള്ളവര് പ്രസ്തുത ലേബല്‍ സ്വയം സ്വീകരിക്കാന്‍ മുന്നോട്ട് വരുമെന്നത് തീര്‍ത്തും മനശാസ്ത്രപരമായ ഒരു സത്യമാണ്. ആദ്യകാലത്ത് അങ്ങനെ ലേബല്‍ ചെയ്യപ്പെടുന്നത് വെറുത്തിരുന്നവര് പോലും പിന്നെ അത് സ്വയമെടുത്തണിയുകയും തുറന്നു പറയാന്‍ ധൈര്യം കാണിക്കുകയും ചെയ്യും. ഈ മനശാസ്ത്രവും കണക്കിലെ ഈ വര്‍ധനവിനെ സഹായിച്ചുകാണണം. അതായത് നേരത്തെ മുസ്ലിംകളാണെന്ന് തുറന്നു പറയാന്‍ മടിച്ചിരുന്ന പലരും ഇപ്രാവശ്യം മുസ്ലിമാണെന്ന് സെന്‍സസില്‍ തുറന്നു പറഞ്ഞിരിക്കുന്നു.
ബ്രിട്ടീഷുസമൂഹത്തില് ഇസ്ലാമോഫോബിയ തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംകളാണെന്ന് തുറന്നു പറയാന്‍ ഇപ്പോഴും കുറെ പേര് പേടിക്കുന്നുണ്ട്. പുതിയ സെന്‍സസ് ഫലമനുസരിച്ച് ജനസംഖ്യയുടെ 7 ശതമാനം പേരും തങ്ങളുടെ മതമേതെന്ന് വെളിപ്പെടുത്താന്‍ കൂട്ടാക്കിയിട്ടില്ലെന്ന കാര്യം നാം ഇതോട് ചേര്‍ത്തുവായിക്കണം. ഈ 7 ശതമാനത്തിലും മുസ്ലിംകളുണ്ടാകുമെന്ന് ഉറപ്പാണ്. അവരെത്ര എന്ന് കൃത്യമായി പറയാനാകില്ലെങ്കില്‍ പോലും ഭൂരിപക്ഷവും മുസ്ലിംകളാകുമെന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. പൊതുസമൂഹത്തില്‍ തീവ്രവാദിയെന്ന് ലേബല്‍ ചെയ്യപ്പെടുന്നത് ഭയക്കുന്ന മുസ്ലിംകള്. അങ്ങനെയെങ്കില്‍ മുസ്ലിംകളുടെ എണ്ണം ജനസംഖ്യയുടെ 5 ശതമാനം കണ്ടാല്‍ പോരാ. മറിച്ച് കണക്കില്‍ രേഖപ്പെടുത്തപ്പെടാതെ കിടക്കുന്ന നിരവധി വിശ്വാസികള്‍ ഇനിയും പ്രദേശത്തുണ്ടെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
മുസ്ലിംസംഖ്യ പ്രദേശത്ത് ഇനിയും കൂടുമെന്ന് തന്നെയാണ് സെന്‍സസിലെ സൂചന. അടുത്ത പത്തുവര്‍ഷം കഴിയുമ്പോഴേക്ക് നിലവിലുള്ളതിന്റെ ഇരട്ടിയായി മാറും രാജ്യത്തെ മുസ്ലിംകള്. അന്ന് ബ്രിട്ടീഷ് ജനസംഖ്യയുടെ 10 ശതമാനവും മുസ്ലിംകളായിരിക്കും.
ശരിയാണ്. രാജ്യത്തെ ന്യൂനപക്ഷവിഭാഗം തന്നെയാണ് മുസ്ലിംകള്. പക്ഷേ അവരിന്ന് അനിഷേധ്യമായ ഒരു ന്യൂനപക്ഷമായി മാറിയിരിക്കുന്നു. രാജ്യത്തെ പൊരന്മാരെന്ന നിലക്ക് മുസ്ലിംകളെ ഇനിയം ബ്രിട്ടീഷ് ഭരണകൂടങ്ങള്‍ക്ക് അവഗണിച്ചു കൂടെന്ന് ഈ കണക്കെടുപ്പ് ഉറക്കെ പ്രസ്താവിക്കുന്നു.(അവ: www.islamonweb.net)