പതിറ്റാണ്ടുകളായി അറബ് രാഷ്ട്രങ്ങളുടെ ചെങ്കോലു തിരിച്ചിരുന്ന ഏകാധിപതികളെ കടപുഴക്കിയ ജനകീയ വിപ്ലവത്തിന്റെ അനുരണനങ്ങള്‍ അറബ് ലോകത്ത് നിന്ന് പൂര്‍ണമായി വിട്ടുമാറും മുമ്പാണ് വിപ്ലവാനന്തര ഈജിപ്തിലെ പുതിയ ഭരണഘടനക്ക് ജനങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രസിഡണ്ട് മുഹമ്മദ് മുര്‍സി നേതൃത്വം നല്‍കുന്ന ഭരണകൂടം കൊണ്ടുവന്ന ഭരണഘടന, രണ്ടുഘട്ടങ്ങളിലായി ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് രാഷ്ട്രം അംഗീകരിച്ചത്. രാജ്യത്തെ ജനങ്ങളില്‍ 64 ശതമാനം പേര്‍ ഭരണഘടനയെ അനുകൂലിച്ചതായാണ് പ്രാഥമിക കണക്കുകള്‍. 2011 ല്‍ മുന്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറകിനെ കെട്ടുകെട്ടിച്ച വിപ്ലവത്തിന് ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ ജനവിധിയാണ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിസ്റ്റുകള്‍ നേടിയിട്ടുള്ളത്. വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടത്തിയതായി പ്രതിപക്ഷമുയര്‍ത്തിയ ആരോപണം അന്വേഷിക്കുമെന്ന് രാജ്യത്തെ ഹൈ ജുഡീഷ്യല്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് ഭരണഘടന ഇടം നല്‍കുന്നില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന കുറ്റപ്പെടുത്തല്‍.
അറബ് രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന ഈജിപ്തിലെ പുതിയ ഭരണഘടന മുസ്‌ലിം ലോകത്ത് ഉണ്ടാക്കുന്ന ചലനങ്ങളും പ്രത്യാശകളും കാത്തിരുന്നു കാണേണ്ടതാണ്. ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള മുര്‍സി സര്‍ക്കാറില്‍ ജനങ്ങള്‍ ഏറെ പ്രത്യാശയും പ്രതീക്ഷയും അര്‍പ്പിക്കുന്നുണ്ട് എന്നാണ് ജനഹിതം പ്രാഥമികമായി നല്‍കുന്ന സൂചന. നവംബര്‍ 22 ന് തനിക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയ വിവാദ ഉത്തരവ് പിന്നീട് പിന്‍വലിച്ചുവെങ്കിലും മുര്‍സിക്ക് തിരിച്ചടിയാകുമെന്ന് കരുതപ്പെട്ടിരുന്നു.
എങ്കിലും അന്നത്തെ സമരങ്ങള്‍ക്ക് വേണ്ടത്ര ജനപിന്തുണയുണ്ടായിരുന്നില്ല എന്നാണ് വിജയം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ നിന്ന് മോചനം ആഗ്രഹിക്കുന്ന ജനം, മുര്‍സി ആസൂത്രണം ചെയ്ത പുതിയ ഭരണഘടന അതിന് പരിഹാരമാകുമെന്ന് കൂടി വിശ്വസിക്കുന്നു എന്ന് ഫലം ബോധ്യപ്പെടുത്തുന്നു.
1981 മുതല്‍ 2011 വരെ മൂന്ന് ദശാബ്ദം ഹുസ്‌നി മുബാറക് അധികാര സോപാനത്തിലിരുന്ന മണ്ണിലേക്കാണ് പുതിയ ഭരണഘടനയുമായി മുര്‍സിയുടെ വരവ്. 8.3 കോടി വരുന്ന ജനഹിതത്തെ കാല്‍ക്കീഴിലാക്കി സ്വന്തം ഇച്ഛകള്‍ക്കനുസരിച്ചായിരുന്നു നൈലിന്റെ തീരത്തെ മുബാറകിന്റെ വാഴ്ച. തുണീഷ്യയിലെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ വലിച്ചു താഴെയിട്ട ശേഷം ഈജിപ്തിലെത്തിയ അറബ് വിപ്ലവത്തിന് 18 ദിവസമേ വേണ്ടിവന്നുള്ളൂ മുബാറകിനെ താഴെയിറക്കാന്‍. അകത്ത് തിളച്ചുതുളുമ്പുന്ന രോഷത്തിന്റെ മഹാസമുദ്രം മുബാറകിന് രാജ്യത്ത് നിന്നു രക്ഷപ്പെടാനുള്ള വഴി പോലും തുറന്നു നല്‍കിയില്ല.
ജനം ഒഴിപ്പിച്ച ഈ പദവിയിലേക്ക് 2012 ജൂണ്‍ 30 നായിരുന്നു മുര്‍സിയുടെ അരങ്ങേറ്റം. അറബ് വിപ്ലവത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയായ മുര്‍സി, പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി അഹ്മദ് ഷഫീഖിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്. 51.7 ശതമാനം പേരാണ് മുര്‍സിയെ അന്ന് അനുകൂലിച്ചത്. ഭരണഘടനക്ക് വേണ്ടിയുള്ള ഹിത പരിശോധനയില്‍ അദ്ദേഹത്തിന് 63.7 ശതമാനം വോട്ടു ലഭിച്ചുവെന്നത് ഈജിപ്ത് അദ്ദേഹത്തിലെ ഭരണാധികാരിയെ ഇഷ്ടപ്പെടുന്നു എന്നതിനു തെളിവാണ്.
ഇസ്രാഈലിന്റെ ഗസ്സ ആക്രമണത്തിനെതിരെ ഫലസ്തീനു പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി അദ്ദേഹം നടത്തിയ ഇടപെടലുകളാണ് സ്വന്തം രാജ്യത്ത് മുര്‍സിക്ക് മേല്‍വിലാസമുണ്ടാക്കിയത്. വിപ്ലവശേഷം തകര്‍ന്നു കിടക്കുന്ന ഈജിപ്തില്‍ ആഭ്യന്തരമായി വലിയ കാര്യങ്ങള്‍ മുര്‍സിക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നത് പരിഗണിക്കുമ്പോള്‍ ഈ വിലയിരുത്തലിലാണ് എത്തിച്ചേരേണ്ടി വരുന്നത്. മുബാറകിന്റെ അമേരിക്കന്‍ അനുകൂല പാവ സര്‍ക്കാര്‍ ജനഹിതത്തിനു വിരുദ്ധമായി ഇസ്രാഈല്‍ അനുകൂല നിലപാടുകളായിരുന്നു ഫലസ്തീന്‍ ആക്രമണങ്ങളില്‍ കൈക്കൊണ്ടിരുന്നത്. ഫലസ്തീന്‍ ഒറ്റക്കല്ല എന്ന ഒരൊറ്റ വാചകം മുസ്‌ലിം ലോകത്ത് അദ്ദേഹത്തിന് വീരപരിവേഷമാണുണ്ടാക്കിയത്. അമേരിക്കക്ക് മുമ്പില്‍ അറച്ചു നില്‍ക്കുന്ന പതിവു ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തമായ മുര്‍സിയില്‍ ഈജിപ്ത് തങ്ങളുടെ ഭാഗധേയം നിര്‍ണയിക്കാന്‍ അവസരം നല്‍കിയതില്‍ അതുകൊണ്ടു തന്നെ വലിയ അത്ഭുതങ്ങളില്ല.
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മുര്‍സിക്കു മുമ്പിലുള്ള വലിയ വെല്ലുവിളി. ഈയാഴ്ചയാണ് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്റേര്‍ഡ് ആന്റ് പുവര്‍ ഈജിപ്തിന്റെ റേറ്റിംഗ് കുറച്ചത്. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ജനരോഷങ്ങള്‍ക്ക് ഇടം നല്‍കാതെ എങ്ങനെ നടപ്പാക്കുന്നു എന്നതിനനുസരിച്ചിരിക്കും മുര്‍സി ഭരണകൂടത്തിന്റെ ഭാവി. ആഭ്യന്തര പ്രശ്‌നങ്ങളില്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന രാജ്യത്തെ കയറ്റുമതി, ടൂറിസം തുടങ്ങിയ വിദേശ നാണ്യം നേടിത്തരുന്ന എല്ലാ മേഖലയും കുത്തഴിഞ്ഞ് കിടക്കുകയാണിപ്പോള്‍. ബജറ്റിലെ ധനക്കമ്മി കുറച്ച് രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുകയാണ് മുര്‍സി വേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വാഭാവികമായും ഈ ഘട്ടത്തില്‍ രാജ്യത്തുണ്ടാവുന്ന ചില്ലറ അസംതൃപ്തിയില്‍ പ്രതിപക്ഷം മുതലെടുപ്പ് നടത്തുന്ന പക്ഷം നൈലിന്റെ മണ്ണ് വീണ്ടും അരക്ഷിതാവസ്ഥയുടെ ഇരുട്ടിലേക്ക് പോയേക്കുമെന്ന ആശങ്ക രാജ്യഭാവിക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്