ജനാധിപത്യത്തിന് അടിസ്ഥാനപരമായി രണ്ടു കുഴപ്പങ്ങളുണ്ട്. ജനങ്ങളുടെ ആധിക്കു മേല്‍ ജനത്തിന്റെ ആധിപത്യത്തെ അടിച്ചേല്‍പ്പിക്കുന്നു എന്നതാണ് ഒന്ന്. രണ്ടാമത്തേത് ഇന്ത്യയിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്, ജനങ്ങള്‍ക്കു വേണ്ടെന്നു വെക്കുമ്പോള്‍ താഴെയിറക്കാന്‍ അഞ്ചുവര്‍ഷം കാത്തിരിക്കണമെന്ന പരിമിതി. ഇത്തരം ആധിയുടെ ഉത്കണ്ഠകളും ആധിപത്യത്തിന്റെ കൈയൂക്കും കൈയാളിയതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രം.
2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷമുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ മതേതര ഇന്ത്യക്ക് പ്രാധാന്യമേറിയ രാഷ്ട്രീയ വിഷയമായി മാറിയത് രാജ്യത്തെ മതേതര വിശ്വാസികളുടെ ഈ ആധി കൊണ്ടായിരുന്നു. കലാപത്തിന് ശേഷമുള്ള തുടര്‍ച്ചയായ മൂന്നാമത്തെ തെരഞ്ഞെടുപ്പിലും വിജയിച്ച് മോഡി അതു ബലപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തെ 184 സീറ്റുകളില്‍ 117 സീറ്റും നേടിയാണ് നരേന്ദ്ര മോഡി വീണ്ടും അധികാരം നിലനിര്‍ത്തിയത്.
നരേന്ദ്രജാലം എന്നു വാക്കുകള്‍ കൊണ്ട് വിശദീകരിച്ച് മോടി പിടിക്കും മുമ്പ് മതേതര ഇന്ത്യയില്‍ എങ്ങനെ മോഡി വിജയിക്കുന്നു എന്ന് കൂടി ആലോചിക്കേണ്ട സന്ദര്‍ഭമാണിത്.
വികസനവും തീവ്രഹിന്ദുത്വവും
തീവ്രമായ ഹിന്ദുത്വകാര്‍ഡ് പുറത്തെടുത്താണ് 2002 ലെ തെരഞ്ഞെടുപ്പിനെ നരേന്ദ്ര മോഡി നേരിട്ടത്. പത്തുവര്‍ഷത്തിന് ശേഷം നടന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വം എന്ന വാക്കുപോലും ഉച്ചരിക്കാതിരിക്കാന്‍ മോഡി ശ്രമിച്ചു. വികസനം എന്ന മുദ്രാവാക്യം മുന്‍നിറുത്തിയായിരുന്നു മോഡിയുടെ പ്രചാരണം പൂര്‍ണമായും ആസൂത്രണം ചെയ്തിരുന്നത്.
ഈ പ്രചാരണത്തിനു മുമ്പാകെ മോഡി വിരുദ്ധര്‍ പോലും പ്രതിരോധത്തിലായ കാഴ്ചയായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പിലേത്. ജനം വീണ്ടും വീണ്ടും തോല്‍ക്കുകയും മോഡി ജയിക്കുകയും ചെയ്യാനുള്ള കാരണമെന്ത് എന്ന നമ്മുടെ അന്വേഷണങ്ങള്‍ വികസനം എന്ന പുതിയ ഉത്തരത്തില്‍ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി ഭൂമി ശാസ്ത്രപരമായ നിരവധി ആനുകൂല്യങ്ങള്‍ കൊണ്ട് ഗുജറാത്ത് വികസിക്കുന്നുവെന്നത് ശരി തന്നെ. പക്ഷേ, ഈ വികസനത്തിന്റെ നേട്ടവും ലാഭവും ആര്‍ക്കു ലഭിക്കുന്നു എന്നതാണ് വലിയ ചോദ്യം.
ഗുജറാത്തില്‍ ബി.ജെ.പിക്ക് താല്‍ക്കാലം ബദലില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തെരഞ്ഞെടുപ്പ് ഫലം നമ്മെ നിര്‍ബന്ധിതമാക്കുന്നു. മോഡിക്കെതിരെ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി എന്നിവര്‍ പാര്‍ട്ടിക്കായി ഗാന്ധിജിയുടെ മണ്ണിലെത്തിയെങ്കിലും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനായില്ല.
അതിന് പ്രധാനമായും രണ്ടു കാരണമാണ് ചൂണ്ടിക്കാണിക്കാനുള്ളത്. ഒന്ന്, മോഡി സ്വീകരിക്കുന്ന തീവ്ര ഹിന്ദുത്വത്തെ പൂര്‍ണമനസ്സോടെ എതിര്‍ക്കാനുള്ള ചങ്കൂറ്റം കോണ്‍ഗ്രസ് പതിവു പോലെ കാണിക്കേണ്ടതായിരുന്നു. എന്തുകൊണ്ടൊ അങ്ങനെ സംഭവിച്ചില്ല. രാഹുല്‍ ഗാന്ധി അവസാന ഘട്ടത്തില്‍ നടത്തിയ ചില ഗിമ്മിക്കുകളല്ലാതെ അര്‍ത്ഥപൂര്‍ണവും ക്രിയാത്മകവുമായ ചുവടുവെപ്പുകള്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിലുണ്ടായിരുന്നില്ല. ഗുജറാത്ത് കലാപം എന്നുച്ചരിക്കാന്‍ പോലും കോണ്‍ഗ്രസ് ഭയപ്പെട്ടതു പോലെ തോന്നി. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചതു കാരണം മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടികളില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിച്ചില്ല എന്നു കൂടി വിലയിരുത്തേണ്ടിവരും.
മരണത്തിന്റെ വ്യാപാരി എന്ന് 2002 ലെ തെരഞ്ഞെടുപ്പില്‍ മോഡിയെ കുറ്റപ്പെടുത്തി പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കിയ കോണ്‍ഗ്രസ്, ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാനുള്ള സാധ്യത നഷ്ടപ്പെടുത്തുകയും ചെയ്തു. കീറിയ പഞ്ഞിക്കെട്ടാണ് രണ്ടു ദശാബ്ദത്തിന് ശേഷവും ഗുജറാത്തിലെ കോണ്‍ഗ്രസ് എന്നു കൂടി ഈ ഫലം ബോധ്യപ്പെടുത്തുന്നു.
രണ്ട്, മോഡി കൊണ്ടു വന്ന കോര്‍പറേറ്റ് വികസന നയത്തെ എതിര്‍ക്കാനുള്ള ക്രയശേഷി കോണ്‍ഗ്രസിനുണ്ടായില്ല എന്നതാണ്. രണ്ടായിരമാണ്ടിലെ മധ്യത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന മന്മോഹന് ഇക്കണോമിക്സ് തന്നെയാണ് മോഡി ഗുജറാത്തില്‍ നടപ്പാക്കുന്ന വികസനം. വികസനത്തിന്റെ പേരില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ മുളപൊട്ടുകയും സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയും ചെയ്ത പ്രക്ഷോഭങ്ങള്‍ അതു കൊണ്ടു തന്നെ കോണ്‍ഗ്രസിന് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത, സാമ്പത്തിക പുരോഗതി-ആം ആദ്മി മുദ്രാവാക്യങ്ങള്‍ പ്രചാരണഘട്ടത്തില്‍ കോണ്‍ഗ്രസിന് ഉയര്ത്തനാവാതിരുന്നതും പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായി. ഇത്തരം ജനപക്ഷ സമരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വന്നാണ് മൂന്നരദശാബ്ദത്തിലേറെ പശ്ചിമബംഗാളില്‍ അധികാരത്തിലിരുന്ന സി.പി.ഐ.എമ്മിനെ മമതാബാനര്‍ജി എന്ന പ്രാദേശിക നേതാവ് കെട്ടുകെട്ടിച്ചത്.
ഫലം നിര്‍ണയിച്ച നഗരകേന്ദ്രീകൃത വോട്ടുകള്‍
അഹമ്മദാബാദ്, സൂറത്ത്, വഡോദര തുടങ്ങിയ നഗരമേഖലകളാണ് മോഡിക്ക് വലിയ ജയം സമ്മാനിച്ചത്. നഗരമേഖലയില്‍ പ്രാഥമിക കണക്കുകള്‍ അനുസരിച്ച് ബി.ജെ.പിക്ക് 45 സീറ്റ് നേടാനായി. കോണ്‍ഗ്രസിന് വിജയിക്കാനായത് എട്ടെണ്ണത്തില്‍ മാത്രം. ഉപനഗര മേഖലകളിലും ഇരുപതിലധികം സീറ്റുകള്‍ ബി.ജെ.പിക്ക് കിട്ടി. കോണ്‍ഗ്രസിന് പത്തില്‍ താഴെ സീറ്റേ നേടാനായുള്ളൂ.
വടക്കന്‍ ഗുജറാത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്പം സീറ്റു ലഭിച്ചത്. വടക്കിലെ 53 മണ്ഡലങ്ങളില്‍ 21 എണ്ണം. ബി.ജെ.പിക്ക് ഇവിടെ 32 ഇടങ്ങളില്‍ വിജയിച്ചു. തെക്കന്‍ ഗുജറാത്തിലെ 35 സീറ്റുകളില്‍ ബി.ജെ.പി 28 മണ്ഡലത്തില്‍ വിജയിച്ചപ്പോള്‍ കോ്രസിന് ജയിക്കാനായത് ആറെണ്ണത്തില്‍ മാത്രം. മധ്യ ഗുജറാത്തിലെ 40 സീറ്റുകളില്‍ ബി.ജെ.പിക്ക് 21 ഉം കോണ്‍ഗ്രസിന് 17 ഉം. സൗരാഷ്ട്രയിലെ മൊത്തം 48 മണ്ഡലങ്ങളില്‍ പ്രതീക്ഷകകള്‍ തെറ്റിച്ച് ബി.ജെ.പി 30 സീറ്റുകള്‍ നേടി. നിരവധി അനുകൂല സാഹചര്യളുണ്ടായിട്ടും കോണ്‍ഗ്രസിന് 15 എണ്ണം മാത്രമേ നേടാനായുള്ളൂ. മറ്റൊരു പ്രധാന മേഖലയായ കച്ചിലെ ആറു സീറ്റില്‍ അഞ്ചിലും വിജയിച്ചത് ബി.ജെ.പി
കഴിഞ്ഞ ഭരണകാലത്ത് എഴുപതോളം കര്‍ഷക ആത്മഹത്യകള്‍ കൊണ്ട് രാജ്യശ്രദ്ധ നേടിയ മേഖലയായിരുന്ന സൗരാഷ്ട്ര. ബി.ജെ.പി വിട്ട കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടിക്കും പരാജമായിരുന്നു സൗരാഷ്ട്ര. പട്ടേല്‍ വോട്ടുകള്‍ വിഭജിക്കപ്പെട്ട്കോണ്ഗ്രസിന് നേട്ടമുണ്ടാകുമെന്ന് കരുതിയിരുെങ്കിലും അതുണ്ടയില്ല. പരിവര്‍ത്തന്‍ പാര്‍ട്ടിക്ക് കന്നിയങ്കത്തില്‍ രണ്ടു സീറ്റുമാത്രമേ നേടാനുമായുള്ളൂ.
നഗരകേന്ദ്രീകൃതമായി രാജ്യത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മധ്യവര്‍ഗത്തെ ലാക്കാക്കി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണം ആസൂത്രണം ചെയ്യാനുള്ള സാധ്യത ഗുജറാത്ത് തുറന്നിടുന്നുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ വ്യക്തമായി നിലനില്‍ക്കുന്ന സാമുദായിക ചേരിതിരിവിനെ എങ്ങനെ വോട്ടാക്കി മാറ്റാം എന്ന തന്ത്രം ഗുജറാത്ത് പഠിപ്പിക്കന്നുണ്ട്. തലസ്ഥാമായ അഹമ്മദാബാദാണ് ഈ തന്ത്രത്തിന്റെ ആദ്യ പരീക്ഷണ ശാല. അതിനു വളക്കൂറുള്ള മണ്ണൊരുക്കുക എന്ന കര്‍ത്തവ്യമാണ് ഗുജറാത്ത് കലാപത്തിനുണ്ടായിരുന്നത്. ഈ വിദ്വേഷത്തിന്റെ വിത്ത് ഉള്ളില്‍ ഉറഞ്ഞുകിടക്കുന്നതു കൊണ്ടാണ് സൊഹ്റാബുദ്ദീന്‍-തുളസീ പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതി അമിത് ഷാ പോലും നിയമസഭയിലെത്തുന്നത്.
ആരും ഏറ്റെടുക്കാത്ത
ന്യൂനപക്ഷങ്ങള്‍
മറവി ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നതു പോലും മറന്നായിരുന്നു ബി.ജെ.പി ഇതര ബദലുകളുടെ സംസ്ഥാനത്തെ പ്രചാരണങ്ങള്‍. ഗര്‍ഭിണിയുടെ വയറ്റില്‍ നിന്ന് തൃശൂലം കൊണ്ട് കുത്തിയെടുത്ത കുഞ്ഞിന്റെയും വെള്ളം ചോദിച്ചപ്പോള്‍ വായിലേക്ക പെട്രോളൊഴിച്ച് പച്ചക്ക് ചുട്ടുകുന്ന കുട്ടിയുടെയും നിലവിളികള്‍ ഇനിയും അഹമ്മദാബാദിന്റെ തെരുവുകളില്‍ നിന്ന് വിട്ടു പോയിട്ടില്ല. നിമിഷ നേരം കൊണ്ട് കത്തുന്ന തീയുണ്ടകളായി പൊട്ടിത്തെറിച്ചു ചിതറിയ നെരോദ പാട്യയിെലെയും ഗുല്‍ബര്‍ഗിലെയും ജീവിതങ്ങളുടെ കുടുംബങ്ങള്‍ക്ക് ഇന്നും അകലെയാണ് നീതി. നീതിയുടെ നദി വറ്റിവരണ്ടു പോകുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനേ അവര്‍ക്കാകൂ. മോഡി തുടര്‍ച്ചയായ മൂന്നാം വിജയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുമ്പോഴും എവിടെയാണ് നീതി എന്ന ചോദ്യം ആരും ഏറ്റെടുത്തില്ലെങ്കിലും ഇപ്പോഴും ബാക്കിയാകുന്നുണ്ട്.
നിവൃത്തി കേടു കൊണ്ടു ബി.ജെ.പിക്ക് വോട്ടു ചെയ്ത മുസ്ലിംകളുണ്ട് ഗുജറാത്തില്‍. സ്വപ്നങ്ങള്‍ക്ക് പോലും ബദലുകളില്ലാതായി മാറുമ്പോള്‍ സൈ്വരമായി ജീവിക്കാന്‍ ശത്രുവിനെ പ്രീണിപ്പെടുത്തേണ്ടത് ആവശ്യമായി വരുന്നു. സ്വയം ശാക്തീകരിക്കാനുള്ള ഭരണഘടനാ പരമായ ആവശ്യത്തെ ഭയം കൊണ്ട് ഇല്ലാതാക്കുന്ന രാഷ്ട്രീയമാണ് ഗുജറാത്തിലേത്. ഹിന്ദുത്വത്തിന്റെ ലബോറട്ടറിയില്‍ വെന്ത പരീക്ഷണങ്ങള്‍ കൃത്യമായി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറിയിട്ടുണ്ട്.
ഗുജറാത്തിലെ കലാപവും കലാപാനന്തരവും ഹിന്ദുത്വത്തിന്റെ പരീക്ഷണങ്ങളാണ്. ഹിംസയില്‍ മാത്രമല്ല അതു വിശ്വസിക്കുന്നത്. ഗുജറാത്തിലെ ഈ വിജയം നമ്മെ ഓര്‍മപ്പെടുത്തുന്നു. ഗാന്ധിജിയെ വെടിവെച്ചു കൊന്നത് ഹിംസയായിരുന്നു. എന്നാല്‍ ഒരു വെടിയുണ്ടയില്‍ അവസാനിക്കുന്ന ഭീഷണിയല്ല ഗാന്ധി എന്ന് ഹിന്ദുത്വത്തിനറിയാം. അതു കൊണ്ടു തന്നെ ഗുജറാത്തിന്റെ ഇട്ടാവട്ടങ്ങളില്‍ ഒതുങ്ങേണ്ടവനല്ല മോഡി എന്ന തിരിച്ചറിവ് സംഘ്പരിവാരത്തിനുണ്ട്. സമാധാനവും സദ്ഭാവനയും ലക്ഷ്യത്തിലേക്കുള്ള വഴിയാണ് എന്ന് തിരിച്ചറിയാനും അവര്‍ക്കായിട്ടുണ്ട്.
രാജ്യത്തെ ഒമ്പതു ശതമാനം വരുന്ന മുസ്ലിംകള്ക്ക് 1995 മുതല്‍ ഒരു മന്ത്രി പോലും സംസ്ഥാനത്തുണ്ടായിട്ടില്ല. വികസനത്തെ കുറിച്ച് മാത്രം സംസാരിച്ച ബി.ജെ.പി പരാജയ സാധ്യതയുള്ള മണ്ഡലത്തില്‍ പോലും ഒരു മുസ്ലിമിന് സീറ്റ് നല്‍കിയില്ല. 184 മണ്ഡലങ്ങളില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.
ഇന്നും നീതിയുടെ രണ്ടാം കമ്പാര്‍ട്ട്മെന്റിലാണ് ഗുജറാത്തിലെ മുസ്ലിം ജീവിതം. സംസ്ഥാനത്തു നിന്ന് നീതി പ്രതീക്ഷിക്കാത്തതു കൊണ്ടാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റേണ്ടി വന്നത്. കലാപത്തെ കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായ അസംഖ്യം കലാപങ്ങളില്‍ നിന്ന് തീര്‍ത്തും ഭിന്നമായി ഭരണകൂടം സ്പോണ്സര് ചെയ്ത രാജ്യത്തെ രണ്ടാമത്തെ കലാപമായിരുന്നു ഗുജറാത്തിലേത്. ഇന്ദിരാഗാന്ധി വധത്തിന് ശേഷമുള്ള സിഖ് കലാപമായിരുന്നു ആദ്യത്തേത്. ആസൂത്രിതമായി രീതിയില്‍ നടന്ന കലാപത്തിനു ശേഷവും മുസ്ലിംകള്‍ക്കു വേണ്ടി സംസാരിക്കാന്‍ ദേശീയ തലത്തില്‍ അതേ സമുദായത്തില്‍ നിന്നു ഒരാളുണ്ടായില്ല എന്നതും ഖേദകമാണ്. ടീസ്റ്റാ സെത്തല്‍വാദ്, മുകുള്‍ സിന്‍ഹ തുടങ്ങിയവരാണ് ഇന്നും കലാപവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ മാധ്യമമായ സി.എന്‍.എന്‍-ഐ.ബി.എന്‍ നടത്തിയ ഒരു സര്‍വേ ഫലമനുസരിച്ച് ഗുജറാത്തിലെ 65 ശതമാനം പേരും കലാപം മറക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. നീതി മരീചികയായി തുടരുന്നുവെങ്കില്‍ മറക്കാനല്ലാതെ എന്തു ചെയ്യാനാണ്.
റേസ്കോഴ്സ് ഏഴിലേക്കുള്ള ദൂരം
ദേശീയ തലത്തില്‍ മോഡിയെ പ്രതിഷ്ഠിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ ഈ ജയത്തോടെ എളുപ്പമായിട്ടുണ്ട്. ബി.ജെ.പിയുടെ വിജയ ശേഷം അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട വലിയ ഫഌക്സുകളിലൊന്നില് എഴുതിയിരുന്നത് ഡല്‍ഹിയിലേക്ക് പൂജ്യം കിലോമീറ്റര്‍ എന്നാണ്. മോഡിയിലെ ദേശീയ അവതാരത്തെ എതിര്‍ക്കുന്ന ധാരാളം ബി.ജെ.പി നേതാക്കളുണ്ടെങ്കില്‍ പോലും പാര്‍ട്ടി തലത്തില്‍ മോഡി അത്തരം എതിര്‍പ്പുകളെ അതിജീവിക്കാനാണ് സാധ്യത.
വിജയ ശേഷം അഹമ്മദാബാദില്‍ നടത്തിയ വിജയഭാഷണത്തില് പ്രധാനമന്ത്രി പദത്തിലേക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ വാക്കുകള്‍ നിരവധിയുണ്ടായിരുന്നു. മതേതര പ്രതിച്ഛായ ആര്‍ജിക്കാനായി താന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പു നല്‍കൂ എന്ന് പറയാന്‍ വരെ മോഡി തയ്യാറായി.
അതു മാത്രമല്ല കോര്‍പ്പറേറ്റുകളുടെ കുടിക്കിടപ്പുകാരനായ മോഡിക്ക് അവര്‍ വിചാരിച്ചാല്‍ റേസ് കോഴ്സ് നമ്പര്‍ ഏഴിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള ദൂരം അത്ര ആയാസമല്ല. അത് ഏതു നിമിഷവും പ്രതീക്ഷിക്കുകയും ചെയ്യാം. പക്ഷെ, അത്രത്തോളം ദുര്‍ബലമല്ല ഇന്ത്യ, അടല്‍ ബിഹാരി വാജ്പേയിയല്ല മോഡി. എങ്കിലും രാഷ്ട്രീയത്തില്‍ മുഖം മൂടികള്‍ ഫലിക്കാം. എന്നാല്‍ ഒരു കാലത്തും അതിനു ക്ഷൗരം ചെയ്യാനാവില്ല.-എം. അബ്ബാസ്