ദേശീയപാത വികസനം: അയനിക്കാട് ഖബര്‍സ്ഥാനിന്റെ 40 സെന്‍റ് ഭൂമി നഷ്ടമായേക്കും:പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്.

പയ്യോളി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി അയനിക്കാട് ഖബര്‍സ്ഥാനിന്റെ 40സെന്റ് ഭൂമി നഷ്ടപ്പെടുമെന്ന് ആശങ്ക. ഖബര്‍സ്ഥാന്‍ അക്വിസിഷനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
അയനിക്കാട് മഹല്ലിലെ 18 പള്ളികളുടെ കീഴിലുള്ള മഹല്ല് നിവാസികള്‍ സമരത്തില്‍ പങ്കെടുക്കും.
ദേശീയപാത വികസനത്തിന്‍െറ ഭാഗമായി ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം സര്‍വേ നടത്തി കല്ലിട്ടത് ഖബര്‍സ്ഥാനിന്‍െറ ഉള്ളിലാണ്. ജുമാമസ്ജിദിന്‍െറ മുന്‍ഭാഗത്തുള്ള 40 സെന്‍റ് ഖബര്‍സ്ഥാന്‍ അക്വയര്‍ ചെയ്തേക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഭൂമി ഏറ്റെടുത്താല്‍ 137 വര്‍ഷം പഴക്കമുള്ള അയനിക്കാട് ജുമാമസ്ജിദിനോടനുബന്ധിച്ച ഖബര്‍സ്ഥാനില്‍ ഏതാണ്ട് 260 ഖബറുകള്‍ നഷ്ടപ്പെടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഖബര്‍സ്ഥാന്‍ അക്വിസിഷന്‍ നടപടികളില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്നും ആശങ്ക മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന് മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷനോ ബന്ധപ്പെട്ട സംഘടനകളോ എതിരല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ വി.എം. സലാം ഹാജി, വൈസ് ചെയര്‍മാന്‍ എ.പി. കുഞ്ഞബ്ദുല്ല, കണ്‍വീനര്‍ പി.പി. അബ്ദുല്‍ അസീസ്, പി.എം. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
ഖബര്‍സ്ഥാന്‍ സംരക്ഷണ റാലിയില്‍ പ്രതിഷേധമിരമ്പി
പയ്യോളി: ദേശീയപാത വികസനത്തിന്റെ പേരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, അയനിക്കാട് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന പണ്ഡിതരുടെയും ഉലമാക്കളുടെയും ഖബറുകള്‍ പൊളിച്ചു മാറ്റുന്നത് തടയണമെന്നും അയനിക്കാട് ഖബര്‍സ്ഥാന്‍ സംരക്ഷിക്കണമെന്നും ആവശ്യപെട്ട് മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച റാലിയില്‍ പ്രതിഷേധമിരമ്പി.
137 വര്‍ഷം പഴക്കുംമുള്ള അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിനോട് ചേര്‍ന്ന ഖബര്‍സ്ഥാന്റെ 40 സെന്റ് സ്ഥലമാണ് ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുമ്പോള്‍ നഷ്ടപെടുന്നത്. 260 ഓളം ഖബറുകളാനു ഈ സ്ഥലത്തുള്ളത്. നിലവില്‍ അക്വസിഷന്‍ നടപടിയുടെ ഭാഗമായി ഖബറുകലുള്ള ഭാഗത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള കല്ല്‌ പതിച്ചിട്ടുണ്ട്. ഈ നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്മാരനമെന്നാവശ്യപെട്ടുള്ള സമര പരമ്പരയുടെ തുടക്കമെന്ന നിലയിലാണ് റാലി സംഘടിപ്പിച്ചത്.
നാല് മണിയോടെ അയനിക്കാട് ഹൈദ്രോസ് ജുമ:മസ്ജിദ് പരിസരത്ത് ന്നിന്നാരംഭിച്ച ബഹുജന റാലിയില്‍ 18 പള്ളികളുടെ കീഴിലുള്ള മഹലുനിവാസികള്‍ പ്രതിഷേധവുമായി അണിചേര്‍ന്നു. ഖബര്‍സ്ഥാന്‍ അക്വസിഷന്‍ നടപടികളില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരികണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു. പയ്യോളി ടൌണ്‍ ചുറ്റിയ റാലി ബീച്ച് റോഡില്‍ സമാപിച്ചു. തുടര്‍ന്ന് സംസാരിച്ച മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ സമരപരിപാടികള്‍ ശക്തിപെടുത്തുമെന്നും ഡിസംബര്‍ അവസാനം കൊയിലാണ്ടി ലാന്ഡ് അക്വസിഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.റാലിക്ക് മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ നേതാക്കളായ വി.എം.സലാം ഹാജി, മഠത്തില്‍ അബ്ദുറഹിമാന്‍, എ.പി.കുഞ്ഞബ്ദുള്ള, പി.പി.അബ്ദുള്‍ അസീസ്, പി.എം.അഷ്‌റഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.