സ്ത്രീ പീഡനം സംഭവിക്കാതിരിക്കാന്‍ ..

പ്രപഞ്ച സ്രഷ്ടാവായ ദൈവം എത്ര വലിയ യുക്തിമാന്‍. മനുഷ്യനെ അവന്‍ ആണും പെണ്ണുമായി സൃഷ്ടിച്ചു. പിന്നെ അവരുടെ പ്രകൃതിയില്‍ ഇണചേരുന്നതിലൂടെ മാത്രം അടങ്ങുന്ന ശക്തവും ശ്രേഷ്ഠവുമായ ഒരു വികാരം നിക്ഷേപിക്കുകയും ചെയ്തു. പരസ്പരം ശാരീരികബന്ധം പുലര്‍ത്തി ഈ വികാരം ശമിപ്പിക്കുമ്പോള്‍ വിശപ്പും ദാഹവും തീര്‍ക്കുമ്പോള്‍ അനുഭവപ്പെടുന്നതിലുപരിയായ ഒരാനന്ദം മനുഷ്യന് സാധിപ്പിച്ചുകൊടുക്കുന്നതും അവന്റെ അനുഗ്രഹം. വംശ വര്‍ധനവിനും നിലനില്‍പിനും ദൈവം നടത്തിയ ഈ ആസൂത്രണം എത്ര മഹത്തരം!
പ്രായപൂര്‍ത്തിയായാല്‍ സ്ത്രീയിലും പുരുഷനിലും പരസ്പരം ബന്ധപ്പെടാനുള്ള വികാരക്കുതിപ്പ് പ്രകടമാവുകയായി. ഭൂമിയിലെ ഇതര ജീവികള്‍ക്കും ഈ പ്രകൃതിയുണ്ടെങ്കിലും അവയില്‍നിന്നെല്ലാം വ്യത്യസ്തമായി വിവാഹമെന്ന സാമൂഹ്യാംഗീകാരത്തോടെ മാത്രമേ ഇണയെ പ്രാപിക്കാവൂ എന്ന നിബന്ധനയും ദൈവം നിശ്ചയിച്ചു. ഈ നിബന്ധനയുടെ ലംഘനമാണ് സ്ത്രീ പീഡനത്തിന്റെ അടിസ്ഥാന കാരണം. വിവാഹേതര സ്ത്രീ-പുരുഷ ശാരീരിക ബന്ധത്തെ അത്യന്തം നീചമായ കൃത്യം, വൃത്തികെട്ട സുഖാസ്വാദന മാര്‍ഗം എന്നൊക്കെയാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ഇതിന്റെ അടുത്തുപോലും നിങ്ങള്‍ പോകരുത് – ഖുര്‍ആന്‍ വിലക്കുന്നു. മാത്രമല്ല ഇതില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ഉഭയ സമ്മതത്തോടെയാണെങ്കില്‍ രണ്ടുപേര്‍ക്കും നൂറ് അടി ശിക്ഷ പരസ്യമായി നല്‍കാന്‍ ഭരണാധികാരിയോട് കല്‍പിക്കുകയും ചെയ്യുന്നു.

വിവാഹേതര സ്ത്രീ – പുരുഷ ബന്ധമാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അവിവാഹിതരായ എത്ര അമ്മമാര്‍. അനാഥരായ എത്ര കുഞ്ഞുങ്ങള്‍. തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന എത്ര ചോര ശിശുക്കള്‍. കാമുകന്റെ കൂടെ ഒളിച്ചോടി എത്ര യുവതികള്‍ തെരുവ് വേശ്യകളായി മാറുന്നു. എത്ര കുടുംബങ്ങള്‍ ജീവിതകാലം മുഴുവന്‍ കണ്ണീര്‍കയത്തില്‍ മുങ്ങി കഴിയുന്നു. ആറ്റുനോറ്റ് വളര്‍ത്തിയ മകള്‍ അന്യ സമുദായത്തില്‍പെട്ട ഒരു പുരുഷന്റെ കൂടെ ഒളിച്ചോടിപ്പോയാല്‍ മാതാപിതാക്കളും ബന്ധുക്കളും അനുഭവിക്കുന്ന വേദന എത്രയാണ്. കോടതികള്‍ ഈ സ്വാതന്ത്ര്യത്തിന് അംഗീകാരം നല്‍കുന്നു. എട്ടും പൊട്ടും തിരിയാത്ത എത്ര പെണ്‍കുട്ടികളെ കാമുകവേഷമണിഞ്ഞ് യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു. പ്രണയക്കെണിയില്‍ കുടുങ്ങുന്ന വീട്ടമ്മമാരുടെ എണ്ണം പെരുകുന്നു. തെറ്റായ ബന്ധങ്ങളുടെ മുമ്പില്‍ മത- ജാതി-സമുദായ വ്യത്യാസമെല്ലാം അപ്രത്യക്ഷമാകുന്നു.

വിവാഹേതര സ്ത്രീ-പുരുഷ ബന്ധത്തിന്റെയും സ്ത്രീ പീഡനത്തിന്റെയും വിപത്തില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള മാര്‍ഗമെന്ത്? സ്ത്രീ-പുരുഷ ബന്ധത്തിന്റെ വിഷയത്തില്‍ മതത്തിന്റെ ശാസനകള്‍ ജീവിതത്തില്‍ പാലിക്കാനുള്ള ബോധം വളര്‍ത്തുകയാണ് ഏറ്റവും പ്രധാനം. ഒരു തിന്മ കടന്നുവരുന്ന വഴികളെതന്നെ അടക്കുന്ന സമീപന രീതിയാണ് മതം നിര്‍ദ്ദേശിക്കുന്നത്. ആദ്യമായി കണ്ണുകളെ നിയന്ത്രിക്കാനാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത്. ‘വിശ്വാസികളായ പുരുഷന്‍മാരോടും സ്ത്രീകളോടും കണ്ണുകള്‍ താഴ്ത്താന്‍ കല്‍പിക്കുക’- ഖുര്‍ആന്‍ പറയുന്നു. കവി ഇങ്ങനെ പാടി:
‘എല്ലാ സംഭവങ്ങളുടെയും തുടക്കം
നോട്ടമാണ്.
അഗ്നിബാധക്ക് കാരണം ഒരു
ചെറിയ തീപ്പൊരിയായിരിക്കും’
സ്ത്രീ-പുരുഷ ബന്ധം ഘട്ടം ഘട്ടമായി നീങ്ങി ഒടുവില്‍ പാപക്കുഴിയില്‍ പതിക്കുന്നതിനെ പ്രസിദ്ധ അറബി കവിയായ ശൗഖീ സരസമായി ഇങ്ങനെ ചിത്രീകരിക്കുന്നു:
നദ്‌റതുന്‍ ഫബ്തിസാമതുന്‍ ഫസലാമു
ഫകലാമുന്‍ ഫമൗഇദുന്‍ ഫലിഖാഉ
(നോട്ടം പിന്നെ പുഞ്ചിരി പിന്നെ സലാം പറയല്‍ പിന്നെ സംസാരം സമയ നിശ്ചയം പിന്നെ സംഗമം)

ഇവിടെ അപലപനീയമായ നോട്ടം ദുര്‍ബല വികാരങ്ങളെ തട്ടിയുണര്‍ത്തുംവിധമുള്ളതാണെന്ന് വ്യക്തം. അല്ലാതെ പരസ്പരം കാണാന്‍ പാടില്ല എന്നല്ല.
പുരുഷന്‍മാരുടെ കണ്ണുകളെ പിടിച്ചെടുക്കുംവിധം ശരീര സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതിനെയും അതിന് തക്കവേഷം ധരിക്കുന്നതിനെയും ഖുര്‍ആന്‍ നിരോധിക്കുന്നു. ശിരോവസ്ത്രം ധരിക്കാനും മാര്‍വിടം മറക്കാനും പ്രത്യേകം നിര്‍ദ്ദേശിക്കുന്നു. സഹോദരിമാരുടെ വസ്ത്രധാരണാരീതി അവര്‍ക്ക് എത്രയാണ് വിനകള്‍ വരുത്തിവെക്കുന്നത്. ഇതുപോലെ ആണുങ്ങളോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുന്നതിനെയും ഖുര്‍ആന്‍ നിരോധിക്കുന്നു. ‘അത് മനസ്സില്‍ രോഗമുള്ളവന് കൊതി ജനിപ്പിക്കും’ – വ്യക്തമായ ഭാഷയില്‍ ഖുര്‍ആന്‍ സ്ത്രീകളെ ഉണര്‍ത്തുന്നു.

അന്യരായ, അഥവാ രക്തബന്ധമുള്ളവരല്ലാത്ത രണ്ട് സ്ത്രീ – പുരുഷന്‍മാര്‍ മാത്രം സന്ധിക്കുന്ന ഒരു സ്വകാര്യ സന്ദര്‍ഭം ഉണ്ടാകരുതെന്ന് പ്രവാചകന്‍ താക്കീത് ചെയ്യുന്നു. കാരണം മൂന്നാമതൊരാളും അവരുടെ കൂടെ ചേരും – പിശാച്! വിശദീകരണം ആവശ്യമില്ലാത്തവിധം തുറന്ന പ്രസ്താവന.
ആശാസ്യമല്ലാത്ത സ്ത്രീ-പുരുഷ ബന്ധത്തില്‍ വീഴുന്നതില്‍ അവിവാഹിതരായ യുവതീ യുവാക്കള്‍ മാത്രമല്ല സൂക്ഷിക്കേണ്ടത്. പരസ്ത്രീ ബന്ധത്തില്‍ ചെന്നുചാടുന്ന എത്ര കുടുംബനാഥന്‍മാരുണ്ട്. പര പുരുഷന്‍മാരെ പ്രാപിക്കുന്ന സ്ത്രീകളുടെ വാര്‍ത്തകള്‍ എത്രയാണ് പുറത്തുവരുന്നത്. ഉത്തമ സ്ത്രീകളുടെ ലക്ഷണം വിവരിക്കുന്നേടത്ത് ഖുര്‍ആന്‍ ‘ഭര്‍ത്താവിന്റെ അസാന്നിധ്യം സൂക്ഷിക്കുന്നവള്‍’ എന്ന് പ്രത്യേകം എടുത്തുപറയന്നു. ‘ഭര്‍ത്താവ് സ്ഥലത്തില്ലെങ്കില്‍ അവളുടെ ശരീരവും അദ്ദേഹത്തിന്റെ സ്വത്തും കാത്തുസൂക്ഷിക്കുന്നവര്‍’ എന്ന് പ്രവാചകന്‍ സ്ത്രീയുടെ കടമ വിവരിക്കുന്നേടത്ത് സൂചിപ്പിക്കുന്നു. വിദേശത്ത് തന്റെ പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കുംവേണ്ടി ചോര നീരാക്കി പണിയെടുക്കുന്ന ഒരു പ്രവാസി അവള്‍ ഒരു പരപുരുഷന്റെ കൂടെ ഒളിച്ചോടി പോയെന്നോ, അല്ലെങ്കില്‍ അവള്‍ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്നോ അറിഞ്ഞാല്‍ മനസ്സ് തകര്‍ന്ന് ജീവിതംതന്നെ ദുസ്സഹമായ അവസ്ഥയിലാകുന്നു. താന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന തന്റെ പ്രാണനാഥന് മറ്റൊരു സ്ത്രീയുമായി നിയമവിരുദ്ധമായ ബന്ധമുണ്ടെന്നറിയുമ്പോള്‍ സ്ത്രീയുടെ അവസ്ഥയും ഇതുതന്നെ.

സ്ത്രീയുടെ ഗാര്‍ഹിക പീഡനത്തെപ്പറ്റിയുള്ള അപമാനകരമായ വാര്‍ത്തകള്‍ പുറത്തുവരുന്നു. വീട്ടിനകത്ത് മാതാപിതാക്കളുടെ രഹസ്യജീവിതം കുട്ടികള്‍ കാണാന്‍ ഇടവരുമെന്നതിനാല്‍ മൂന്ന് സമയങ്ങളില്‍ സമ്മതംവാങ്ങിമാത്രം അവരുടെ മുറിയില്‍ പ്രവേശിക്കുന്ന മര്യാദ ശീലിപ്പിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. പത്ത് വയസ്സായാല്‍ കുട്ടികളെ വേര്‍പെടുത്തി കിടത്താന്‍ നബി കല്‍പിക്കുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അയാളുടെ ഭാര്യയുമായി അടുത്ത് ഇടപഴകുന്നതിലെ അപകടം പ്രവാചകന്‍ പ്രത്യേകം ഉണര്‍ത്തുന്നു. രണ്ട് അയല്‍പക്ക വീടുകളിലെ സ്ത്രീയും പുരുഷനും തമ്മില്‍ അവിഹിത ബന്ധത്തിലേര്‍പ്പെടുന്നതിനെ മഹാപാപം എന്ന് നബി വിശേഷിപ്പിക്കുന്നു. വീട്ടിനകത്ത് രക്തബന്ധമുള്ളവരില്‍നിന്നുപോലും സ്ത്രീക്ക് പീഡനമേല്‍ക്കുന്ന സ്ഥിതിവിശേഷം ഉടലെടുത്തിരിക്കുന്നു.

എന്താണ് സ്ത്രീ പീഡനവും അനാശാസ്യ ബന്ധങ്ങളും തടയുവാനുള്ള മാര്‍ഗം? നിയമങ്ങളും ശിക്ഷാ നടപടികളുംകൊണ്ടുമാത്രം അത് സാധ്യമല്ലെന്ന് വ്യക്തം. എല്ലാ രഹസ്യങ്ങളും അറിയുന്ന സര്‍വജ്ഞനെപ്പറ്റിയുള്ള ഭയം, അവന്‍ കാണുമെന്ന ബോധം – ഇത് മാത്രമേ അന്തിമമായി മനുഷ്യനെ ഈ തിന്മയില്‍നിന്ന് രക്ഷപ്പെടുത്തുകയുള്ളൂ. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്: പുരുഷ സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായിരുന്ന യൂസുഫില്‍ അദ്ദേഹത്തെ പോറ്റി വളര്‍ത്തിയ വീട്ടമ്മയായ റാണി അനുരക്തയാകുന്നു. ഒരിക്കല്‍ മുറിയുടെ വാതില്‍ കൊട്ടിയടച്ച് തന്റെ ശാരീരികദാഹം തീര്‍ത്തുതരാന്‍ അദ്ദേഹത്തോട് കല്‍പിക്കുന്നു. വാതില്‍ തുറന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആ യുവാവിനെ അദ്ദേഹത്തിന്റെ കുപ്പായം കീറുംവിധം പിന്നില്‍നിന്ന് പിടിച്ചുവലിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വാതില്‍ തുറന്ന് അദ്ദേഹം പുറത്തേക്ക് ചാടുന്നു.

തന്റെ ആജ്ഞയനുസരിക്കാത്തതിന്റെ പേരില്‍ യൂസുഫിന് ജയില്‍ശിക്ഷ വിധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ‘എന്റെ റബ്ബേ, അവര്‍ ക്ഷണിക്കുന്ന ആ കാര്യത്തേക്കാള്‍ എനിക്ക് പ്രിയങ്കരം കാരാഗൃഹമാണ്.’ തിന്മയുടെ നേരെ എത്ര ശക്തമായ വികാരം! അതീവ സുന്ദരിയും കുലീനയുമായ ഒരു യുവതി ഒരു യുവാവിനെ ക്ഷണിക്കുന്നു. ‘ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു’ എന്ന് പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറുന്നു. ഈ യുവാവിന്, തണല്‍ കിട്ടാതെ മനുഷ്യന്‍ വിഷമിക്കുന്ന ദിവസം അല്ലാഹു തണലേകുമെന്ന് നബി വാഗ്ദാനം ചെയ്യുന്നു. ദരിദ്രയായ ഒരു പെണ്‍കുട്ടിക്ക് അവളുടെ ശരീരം തനിക്ക് കാഴ്ചവെക്കേണമെന്ന നിബന്ധനയില്‍ വിശപ്പടക്കാന്‍ ഒരു ബന്ധു പണം നല്‍കുന്നു. അവള്‍, വിഷമാവസ്ഥയില്‍ അയാള്‍ക്ക് വഴങ്ങി കൊടുക്കുന്നു. പാപത്തിന്റെ പൂട്ട് തുറക്കുന്ന ആ നിര്‍ണ്ണായക നിമിഷത്തില്‍ ഒരു ദയനീയ ശബ്ദം അവളില്‍നിന്ന് പുറത്തുവരുന്നു: ‘ഇത്തഖില്ലാ…’ ദൈവത്തെ സൂക്ഷിക്കൂ! അന്യായമായി മുദ്ര പൊട്ടിക്കരുത് – ഇത് കേള്‍ക്കേണ്ട താമസം അയാള്‍ എഴുന്നേറ്റ് ഓടുന്നു. യഥാര്‍ത്ഥ ദൈവഭയമുള്ള ഒരു വിശ്വാസിയും സ്ത്രീ പീഡനത്തിന് മുതിരുകയില്ല. ‘നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ സ്വന്തം ഭാര്യയോട് നല്ല നിലക്ക് പെരുമാറുന്നവനാണ്’ എന്ന് പ്രഖ്യാപിച്ച പ്രവാചകനില്‍ വിശ്വസിക്കുന്നവര്‍ എങ്ങനെ ഭാര്യാപീഡനം നടത്തും.

പ്രണയക്കെണിക്കകത്തെ അപകടത്തെപറ്റിയും ആക്രമണമുണ്ടാകുമ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗത്തെപറ്റിയും വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കേണ്ടത് ഇന്ന് അനിവാര്യമാണ്. അതുപോലെ സ്ത്രീ പീഡനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായ മദ്യപാനത്തെ കര്‍ശനമായി തടയാന്‍ ബോധവല്‍ക്കരണവും നടപടിയും സ്വീകരിക്കണം. രക്ഷിതാക്കള്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ബന്ധങ്ങളും നീക്കങ്ങളും ഫോണ്‍വിളികളുമെല്ലാം സദാ നിരീക്ഷിക്കേണ്ടത് അപകടം തടയാന്‍ അനിവാര്യമാണ്-പി. മുഹമ്മദ് കുട്ടശ്ശേരി