മഅ്ദനി: സര്‍ക്കാര്‍ ഇടപെടണം: സമസ്ത

തിരുവനന്തപുരം: ജാമ്യംപോലും അനുവദിക്കാതെ ബാംഗ്ലൂര്‍ ജയിലില്‍ വര്‍ഷങ്ങളായി അബ്ദുന്നാസര്‍ മഅ്ദനി അനുഭവിക്കുന്ന തടവും പീഢനങ്ങളും മനുഷ്യാവകശങ്ങളെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങള്‍ തകര്‍ക്കുന്ന വിധമാണ്. പ്രമേഹവും മൂക്കിലെ പഴുപ്പും ചില അവയവങ്ങളുടെ ചലനശേഷി നഷ്ടപ്പെട്ടതുമുള്‍പ്പെടെ ഏറെ പ്രയാസങ്ങളനുഭവിക്കുന്ന മഅ്ദനിക്ക് വിദഗ്ദ ചികിത്സപോലും ലഭിക്കുന്നില്ല.
ഇരു സംസ്ഥാനമെന്ന നിയമ-സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ടു മികച്ച ചികിത്സാ സൗകര്യവും ജാമ്യം ലഭിക്കാനാവശ്യമായ നീക്കങ്ങളും നടത്താന്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ എന്നിവരാണ് മുഖ്യമന്ത്രിയെ തിരുവനന്തപുരത്ത് ഓഫീസില്‍ ചെന്നു കണ്ടത്.
കേരളത്തില്‍ വ്യാപകമായി സമസ്തയുടെ സ്ഥാപനങ്ങളില്‍ ചിലര്‍ നടത്തുന്ന അധിക്രമങ്ങളില്‍ നിന്ന് നീതിയുടെ പരിരക്ഷ ലഭിക്കണമെന്നും മതസ്ഥാപനങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരെ സഹായിക്കുന്ന സമീപനം ബന്ധപ്പെട്ടവരില്‍ നിന്നുണ്ടാവരുതെന്നും നേതാക്കളാവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും അവര്‍ സന്ദര്‍ശിച്ചു.