തീവ്രവാദ ചിന്തകളുമായി നടക്കുന്നവര്‍ തിരുത്തണം: ഹൈദരലി ശിഹാബ് തങ്ങള്‍
കാളമ്പാടി ഉസ്താദ് നഗര്‍:മുസ്‌ലിം സമുദായത്തില്‍ തീവ്രവാദ ചിന്തകളുമായി നടക്കുന്നവര്‍ സ്വയം തിരുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. യുവാക്കളുടെ വിഷയത്തില്‍ ആശങ്കയോടുകൂടി ചര്‍ച്ചകളാണ് നടക്കുന്നത്.
തീവ്രവാദം മാത്രമല്ല, ലഹരിയും ധൂര്‍ത്തും ആഡംബരവും മറ്റ് കുറ്റകൃത്യങ്ങളും വളര്‍ന്ന് സാമൂഹ്യാന്തരീക്ഷം മോശമാകുന്നു. ഒറ്റക്ക് യാത്ര ചെയ്യാനാവുന്നില്ല, പരസ്പരം സംശയിക്കപ്പെടുന്നു, പരസ്പരം കൊല്ലുന്നു. ഇതെല്ലാം തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍.
സത്യവും നീതിയുമാണ് ഇസ്‌ലാം അംഗീകരിച്ചത്. ഇസ്‌ലാമില്‍ നിന്ന് കടമെടുത്തതല്ലാതെ ഒരു നന്മയും വന്നിട്ടില്ല. അതിവേഗം വളരുന്ന ലോകക്രമത്തില്‍ നന്മതിന്മകള്‍ സമ്മിശ്രമാണ്. നവലോകം സൃഷ്ടിച്ചെടുക്കാന്‍ സമാധാനാന്തരീക്ഷം അനിവാര്യമാണ്. വിശ്വാസികളും അവിശ്വാസികളും ബഹുദൈവ വിശ്വാസികളും ഉള്‍ക്കൊള്ളുന്ന ലോക സമൂഹം പരസ്പരം അറിഞ്ഞും ആദരിച്ചും സഹവര്‍ത്തിത്വത്തോടെ ഇടപെടുമ്പോള്‍ സമാധാനം പുലരും.
മതങ്ങള്‍ മനുഷ്യരുടെ നന്മയാണ് ലക്ഷ്യമാക്കുന്നത്. അവര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ മതിലുകള്‍ തീര്‍ക്കണം. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനവും സൗഹാര്‍ദവും സമസ്തയുടെ ഇടെപടല്‍കൊണ്ട് ഉണ്ടായതാണ്. ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിന്റെ ആദരണീയ പങ്ക് നമ്മുടെ സഹിഷ്ണുതയുടെ സാക്ഷ്യവും കൂടിയാണ്. കേരളത്തിന്റെ സാംസ്‌കാരിക ഭൂമിക നമ്മുടെ ഭാവനകള്‍ ഭേദിച്ച് പിറകോട്ട് പോകുന്നു. അധര്‍മവും അനാചാരവും അക്രമവും വളരുന്നു. തീവ്രവാദത്തിനും ഭീകരവാദങ്ങള്‍ക്കും എങ്ങനെയോ ഒരിടം സമൂഹത്തില്‍ ലഭ്യമാകുന്നു. ഇവിടെ നന്മയുടെ പക്ഷം ചേര്‍ന്ന് എല്ലാവരും ഒത്തൊരുമിച്ച് സത്യത്തിനുവേണ്ടി നിലകൊള്ളണം.
സുന്നി യുവജനസംഘം ഏതാണ്ട് ആറു പതിറ്റാണ്ട് പിന്നിടുകയാണ്. മഹാന്മാരായ പൂര്‍വസൂരികള്‍ കാണിച്ച പാതയിലൂടെ ഒരുപാട് നന്മകള്‍ സമൂഹത്തിനും സമുദായത്തിനും രാഷ്ട്രത്തിനും സംഘടന സംഭാവന നല്‍കിയിട്ടുണ്ട്. വരാനിരിക്കുന്ന അറുപതാം വാര്‍ഷികം കാസര്‍കോട് വെച്ച് 2014 ഏപ്രില്‍ മാസം 4, 5, 6 തിയതികളില്‍ നടത്താന്‍ തീരുമാനിച്ചത് പ്രഖ്യാപിക്കുന്നു. സമ്മേളനം നടത്തുന്ന നഗരിക്ക് വാദിതൈ്വബ എന്ന് നാമകരണം ചെയ്യുന്നു.
500 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളന പ്രചാരണ കാലയളവില്‍ ‘പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക്’ എന്ന പ്രമേയമാണ് ചര്‍ച്ച ചെയ്യുക. ഏതൊരു ജനസമൂഹവും നിലനില്‍ക്കുന്നത് അവരുടെ പൈതൃകവുമായി ബന്ധപ്പെട്ടാണ്. നബിയില്‍ നിന്നു തുടങ്ങി ഇക്കാലം വരെ ഇസ്‌ലാമിക പാരമ്പര്യം വിട്ടുവീഴ്ചയില്ലാതെ സംരക്ഷിച്ചുവന്ന അതിന്റെ യഥാര്‍ത്ഥ അവകാശി അഹ്‌ലുസുന്ന വല്‍ജമാഅ മാത്രമാണ്. കേരളത്തില്‍ അതിന്റെ ഏക അവകാശികള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നും വരുന്ന 500 ദിവസങ്ങള്‍ നമ്മുടെ നാവിലും ചിന്തയിലും ഈ മഹിതമായ സന്ദേശം ചര്‍ച്ച ചെയ്യപ്പെടണമെന്നും തങ്ങള്‍ പറഞ്ഞു.
സംഘശക്തി വിളിച്ചോതി എസ്.വൈ.എസ് മഹാസമ്മേളനം
കാളമ്പാടി ഉസ്താദ് നഗര്‍: കേരളീയ മുസ്‌ലിംകളുടെ ഏറ്റവും വലിയ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന സംഘടന തലസ്ഥാന നഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ശുഭ്രസാഗരമാക്കി.
എസ്.വൈ.എസ് 60ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് തലസ്ഥാനത്തെത്തിയ പ്രവര്‍ത്തകര്‍ തലസ്ഥാന നഗരി ഇതുവരെ കണ്ടിട്ടില്ലാത്തത്രയായിരുന്നു.
ദക്ഷിണ കന്നഡയില്‍ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമായി പതിനായിരങ്ങളാണ് സമ്മേളനത്തില്‍ അണിചേരാന്‍ അനന്തപുരിയിലെത്തിയത്. ഇന്നലെ പുലര്‍ച്ചെ തന്നെ ബസിലും ട്രെയിനിലും സ്വകാര്യ വാഹനങ്ങളിലുമായി പ്രവര്‍ത്തകര്‍ തലസ്ഥാനത്തെത്തി ചേര്‍ന്നിരുന്നു. ഇവര്‍ക്കായി ഭക്ഷണവും കുടിവെള്ളവും വിവിധ സ്ഥലങ്ങളിലായി സംഘാടകര്‍ ഒരുക്കിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ ബീമാപള്ളി സന്ദര്‍ശിച്ചു. അവിടെ നിന്നും ഉച്ചയോടെ തന്നെ സമ്മേളന നഗരിയായ ചന്ദ്രശേഖരന്‍ സ്റ്റേഡിയത്തിലേക്ക് എസ്.വൈ.എസ് പ്രവര്‍ത്തകര്‍ ഒഴുകി തുടങ്ങി.
സമ്മേളനത്തിനെത്തുന്ന പ്രവര്‍ത്തകരുടെ തിരക്ക് കണക്കിലെടുത്ത് നഗരത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. ജില്ലയിലെ പ്രധാന ജമാഅത്തുകളായ ആലംകോട് വലിയപള്ളി ആറ്റിങ്ങല്‍ ജുമാ മസ്ജിദ്, കഴക്കൂട്ടം പള്ളി മസ്ജിദ്ഹാള്‍, തമ്പാനൂര്‍ പള്ളി, ചാല ജുമാ മസ്ജിദ്, അട്ടക്കുളങ്ങര പള്ളി, മണക്കാട് ജുമാ മസ്ജിദ എന്നിവിടങ്ങളിലെല്ലാം പ്രവര്‍ത്തകര്‍ക്ക് നിസ്‌കാരത്തിനും മറ്റും സൗകര്യം ഒരുക്കിയിരുന്നു.
കല്ലമ്പലം അല്‍ഇര്‍ഫാന്‍ ഓഡിറ്റോറിയം, കടുവയില്‍ കെ.ടി.എം ഓഡിറ്റോറിയം, ആറ്റിങ്ങളല്‍ ടൗണ്‍ഹാള്‍, കോരാണി കെ.എം രേവതി ഓഡിറ്റോറിയം, തോന്നയ്ക്കല്‍ കെ.എം സഫാ ഓഡിറ്റോറിയം, പാളയം സി.എച്ച് സെന്റര്‍, മേലെതമ്പാനൂര്‍ സമസ്ത ജൂബിലി സൗധം, ചാല ഖുതുബുഖാന, വള്ളക്കടവ് അറഫ ഓഡിറ്റോറിയം, കമലേശ്വരം ഓഡിറ്റോറിയം, കണിയാപുരം ഇര്‍ശാദിയ്യ അറബിക് കോളജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി പ്രവര്‍ത്തകര്‍ക്ക് സൗകര്യമൊരുക്കി.
ഭക്ഷണത്തിനും മറ്റുമായി അഞ്ച് കേന്ദ്രങ്ങളില്‍ കാറ്ററിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെ നഗരസഭയുടെ സഹകരണത്തോടെ മിതമായ നിരക്കില്‍ കുടിവെള്ളവും ഭക്ഷണകിറ്റുകള്‍ ലഭ്യമാക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
സമ്മേളനും ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ 25000 ത്തോളം പേര്‍ക്കിരിക്കാവുന്ന ഗാലറിയും ഇതിന്റെ രണ്ടിരട്ടിയോളം ആളുകളെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയം ഗ്രൗണ്ടും തൂവെള്ള വസ്ത്ര ധാരികളായ എസ്.വൈ.എസ് പ്രവര്‍ത്തകരാല്‍ തിങ്ങി നിറഞ്ഞിരുന്നു. നിരവധി പേര്‍ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കുവാന്‍ സാധിക്കാത്തെ സമ്മേളന നഗരി കാണാന്‍ സാധിക്കുന്ന ഇടങ്ങളിലെല്ലാം ഇടം പിടിച്ചു.
സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ ഇരിപ്പിടങ്ങളില്‍നിന്നും എഴുന്നേല്‍ക്കാതെ സമ്മേളനം കഴിയുന്നതുവരെ പുലര്‍ത്തിയ അച്ചടക്കം തലസ്ഥാനത്തിന് പുതുമ സമ്മാനിച്ചു. മുഖ്യമന്ത്രിയും പാണക്കാട് തങ്ങളും അഞ്ച് മന്ത്രിമാരും ഉള്‍പെടെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരെ അണിനിരത്തിയ വേദിയും ശ്രദ്ധയമായി.
ചിലര്‍ മഹാന്മാരെ കാഫിറുകളാക്കാന്‍ ശ്രമിക്കുന്നു: ചെറുശേരി മുസ്‌ലിയാര്‍
കാളമ്പാടി ഉസ്താദ് നഗര്‍: മഹാന്മാരെ കാഫിറുകളായി ചിത്രീകരിക്കുന്ന ചിലരുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസലിയാര്‍.
പ്രഖ്യാപന സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തുണ്ടം തുണ്ടം ആയത്തുകള്‍ ഓതിയാണ് ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. സമസ്ത നിലകൊള്ളുന്നത് വിശ്വാസത്തില്‍ അധിഷ്ഠിതമായാണ്.
മമ്പുറം തങ്ങള്‍ അടക്കമുള്ളവരുടെ ഉറൂസുകള്‍ മുമ്പെന്നത്തേക്കാള്‍ ശക്തമായി നടക്കുന്നത് സമസ്തയുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് സമുദായത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് സ്വാഗത പ്രസംഗത്തില്‍ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
മുസ്‌ലിം സമുദായത്തിന് നേര്‍വഴി കാട്ടിയത് സമസ്ത: കുഞ്ഞാലിക്കുട്ടി
കാളമ്പാടി ഉസ്താദ് നഗര്‍: കേരളത്തിലെ മുസ്‌ലിം സമുദായത്തിന് വഴിതെറ്റാതെ നടക്കാനായതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംഭാവന മികച്ചതാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എസ്.വൈ.എസ് വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തെ പോലൊരു ബഹുമത സമൂഹത്തില്‍ വിഭാഗീയതയും തീവ്രവാദവും പാടില്ലെന്ന് അറിഞ്ഞിട്ടും ഇത്തരം ചിന്തകളുമായി എടുത്തുചാടിയ ചിലര്‍ വന്നതുപോലെ പോയി. അപ്പോഴെല്ലാം മതസൗഹാര്‍ദ്ദത്തിനുവേണ്ടി നിലകൊള്ളാന്‍ സമസ്തക്ക് കഴിഞ്ഞു. ശക്തമായ അടിത്തറയില്‍ ഒരു സമുദായത്തെ പടുത്തുയര്‍ത്തുകയും അതിനെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തത് സമസ്തയായിരുന്നു.
പൊതുസമൂഹത്തില്‍ കേരളം മാതൃകാപരമായി മുന്നോട്ടുപോകുന്നെങ്കില്‍ അതിന് ചൂരും ചൂടും നല്‍കിയത് സമസ്തയായിരുന്നു. അറുപത് കൊല്ലംകൊണ്ട് ഒരു സമൂഹത്തെ മാറ്റിയെടുത്ത ചരിത്രമാണ് എസ്.വൈ.എസിന്റെ കരുത്ത്. മഹല്ലുകളില്‍ സമുദായത്തെ ഒറ്റക്കെട്ടായി നിര്‍ത്തി, മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും നല്‍കിയത് സമസ്തയായിരുന്നു. ഇന്ന് സമുദായം അധികാര രംഗത്തും ഉദ്യോഗ രംഗത്തും മുന്നേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുസ്‌ലിം സമുദായത്തിന് ഒരു സംഘടിത നേതൃത്വം ഉണ്ടാകണമെന്നും പാണക്കാട് ഹൈദരലി തങ്ങള്‍ അതിനെ നയിക്കണമെന്നും സമ്മേളനത്തില്‍ സംസാരിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. ഹൈദരലി തങ്ങളുട നേതൃത്വം രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ പ്രയോജനകരമാകും. കേരളത്തില്‍ ഇസ്‌ലാം മത വിശ്വാസികള്‍ വിദ്യാഭ്യാസപരമായും സാസ്‌കാരികമായും മുന്നേറുന്നുണ്ട്.
എന്നാല്‍ ലോകത്തെല്ലായിടത്തുമെന്നതുപോലെ ഇസ്‌ലാമിക സമൂഹത്തെ കേരളത്തിലും ഒരു ഏകീകൃത നേതൃത്വമില്ല. പാണക്കാട് ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകളോട് സമാധാനത്തിന്റെ സന്ദേശം പറഞ്ഞുപഠിപ്പിച്ചു. സി.എച്ചാകട്ടെ കേരളീയ മുസ്‌ലിമിന്റെ വളര്‍ച്ചയില്‍ നിര്‍ണായകവുമായി.
കേരളത്തില്‍ വിദ്യാഭ്യാസവകുപ്പ് മുസ്‌ലിം ലീഗ് ഭരിക്കുന്നതുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകള്‍ എന്തൊക്കയോ തട്ടിയെടുത്തെന്നാണ് ചില കേന്ദ്രങ്ങളുടെ പരാതി. ഇതില്‍ യാതൊരു വസ്തുതയുമില്ലെന്ന് കേരളത്തിലെ 13 യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരുടെ കാര്യം പരിശോധിച്ചാല്‍ മതി വ്യക്തമാകാന്‍. ഒരെണ്ണം മാത്രമാണ് മുസ്‌ലിം സമുദായത്തിനുള്ളത്. വിദ്യാഭ്യാസ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളിലെ പുരോഗതിയാണ് പ്രവാചകന്‍ വിഭാവന ചെയ്തതെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ എസ്.വൈ.എസിന് കഴിയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ പതിനായിരക്കണക്കിന് എസ്.വൈ.എസ് പ്രവര്‍ത്തകരില്‍ ആവേശം വിതറിയ പ്രസംഗമായിരുന്നു ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെത്. അദ്ദേഹത്തെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. വൈകിട്ട് നാലരയോടെ സമ്മേളനം ആരംഭിച്ചപ്പോള്‍ത്തന്നെ വിശാലമായ സ്റ്റേഡിയം നിറഞ്ഞിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും വൈകിയാണെത്തിയത്. എന്നാല്‍ സദസില്‍ നര്‍മത്തിന്റെ മേമ്പൊടി വിതറി പി.സി ജോര്‍ജ് ആ കുറവ് നികത്തി. ആറുപത് സംവല്‍സരത്തോളമെത്തുന്ന എസ്.വൈ.എസിന്റെ ചരിത്രത്തിലാദ്യമായാണ് അനന്തപുരിയില്‍ ഇത്തരമൊരു മഹാസമ്മേളനത്തിന് വേദിയൊരുങ്ങിയത്. അതിന്റെ എല്ലാവിധ പ്രൗഡിയും സമ്മേളന നഗരിയിലും നഗരത്തിലും കാണാനായി.
മുസ്‌ലിം സമുദായം അര്‍ഹിക്കാത്തതൊന്നും നേടിയെടുത്തിട്ടില്ല: എം.കെ മുനീര്‍
കാളമ്പാടി ഉസ്താദ് നഗര്‍: ഒരു സമുദായത്തിന്റെയും അവകാശങ്ങള്‍ അപഹരിക്കന്‍ മുസ്‌ലിം സമുദായം ശ്രമിച്ചിട്ടില്ലെന്ന് പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ മുനീര്‍. എസ്.വൈ.എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നിഷേധിക്കപ്പെട്ട നീതി ലഭിക്കാനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുക മാത്രമാണ് ന്യൂനപക്ഷ സമുദായം ചെയ്തിട്ടുള്ളത്. നിഷേധിക്കപ്പെട്ട നീതി ഏത് തമ്പ്രാക്കളുടെ കൈയിലാണെങ്കിലും അത് പിടിച്ചുവാങ്ങുകതന്നെ ചെയ്യും. ഈ സര്‍ക്കാറിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴും മുസ്‌ലിം ലീഗ് ഈ നീതിക്കാണ് ശ്രമിക്കുന്നത്- മുനീര്‍ പറഞ്ഞു.
കേരളത്തിലെ സര്‍വകലാശാലകളില്‍ മിക്കതും സംഭാവന ചെയ്തിട്ടുള്ളത് ന്യൂനപക്ഷ സമുദായത്തിന്റെ പ്രതിനിധികളാണ്. എന്നിട്ടും മറ്റുള്ളവര്‍ ഇവിടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒരു സംഘടനയും ഒരു സമുദായവും വീതംവെച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പറയുന്നവരോട് ചരിത്രം മറുപടി പറയുമെന്നും മന്ത്രി പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കുള്ള 680 ഏക്കര്‍ ലഭ്യമാക്കി കൊടുക്കാന്‍ വീടുകള്‍ കയറിയിറങ്ങി ആധാരങ്ങള്‍ വാങ്ങിനല്‍കി കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റിയാക്കാന്‍ പരിശ്രമിച്ചത് അന്ന് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ന്യൂപക്ഷസമുദായത്തിലെ അംഗമായിരുന്നു. കേരളത്തിന്റെ പൊതുവായ വിദ്യാഭ്യാസ ഉന്നതിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ന്യായത്തിനും നീതിക്കും വേണ്ടിയാണ് സമസ്ത പ്രവര്‍ത്തിച്ചിട്ടുള്ളത്. നീതി എന്ന പദത്തിനാണ് സമസ്ത അടിവരയിട്ടിരിക്കുന്നത്. അതുകൊണ്ടാണ് മഅ്ദനിക്ക് വേണ്ടി പ്രമേയം പാസാക്കിയിരിക്കുന്നത്. നീതി നിര്‍വഹിക്കുകയെന്നത് മതപരമായി കടമയും കര്‍ത്തവ്യവുമാണ്.
അവകാശപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിന് എല്ലാ കാലഘട്ടങ്ങളിലും ജനാധിപത്യ രീതിയിലുള്ള പങ്ക് സമസ്ത വഹിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ആരുടെയെങ്കിലും അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ മുസ്‌ലിം സമുദായം ശ്രമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മദ്രസാ അധ്യാപകരുടെ ക്ഷേമനിധി, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടങ്ങി ധാരാളം കാര്യങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നത് സന്തോഷകരമാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
രണ്ട് ജമാഅത്തായി മഗ്‌രിബ് നമസ്‌കാരം
കാളമ്പാടി ഉസ്താദ് നഗര്‍: സ്റ്റേജിലുള്ള നേതാക്കളും സദസിലുള്ള പതിനായിരങ്ങളും മഗ്‌രിബ് നമസ്‌കാരം നടത്തിയത് രണ്ട് ജമാഅത്തുകളായി. സാധാരണ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കാറുള്ള ഈദ് ഗാഹുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലെ സമ്മേളന വേദിയില്‍ നടന്ന നമസ്‌കാരം.
പാളയം പള്ളിയില്‍ ബാങ്ക് മുഴങ്ങിയതിനൊപ്പം സമ്മേളന വേദിയിലും ബാങ്കുവിളി ഉയര്‍ന്നു. പിന്നെ വേദിയിലുള്ളവരും സദസിലുള്ളവരും പ്രത്യേകം പ്രത്യേകം ഇമാമുമാരുടെ നേതൃത്വത്തില്‍ നമസ്‌കാരം ആരംഭിച്ചു.
തൂവെള്ള വസ്ത്രം ധരിച്ച് പതിനായിരങ്ങള്‍ നിരതെറ്റാതെ അണിനിരന്നപ്പോള്‍ തലസ്ഥാന നഗരിയിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അതൊരു വിസ്മയ കാഴ്ചയായി.(റിപ്പോര്‍ട്ട്::ചന്ദ്രിക).