കോഴിക്കോട്: കാലവര്‍ഷം രണ്ട് മാസം പിന്നിട്ടിട്ടും കേരളത്തില്‍ ആവശ്യമായതിന്റെ പകുതിപോലും മഴ ലഭിക്കാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച ജുമുഅക്ക് ശേഷവും മറ്റു പ്രധാന സന്ദര്‍ഭങ്ങളിലും എല്ലാ പള്ളികളിലും മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ എല്ലാ മഹല്ല് ഖാസി, ഖത്തീബ്, കമ്മിറ്റി ഭാരവാഹികളോടും ബന്ധപ്പെട്ടവരോടും അഭ്യര്‍ത്ഥിച്ചു. കുടിവെള്ളം പോലും ലഭിക്കാതെ പലയിടങ്ങളിലും ആളുകള്‍ പ്രയാസപ്പെടുകയാണ്. കാര്‍ഷിക മേഖലയിലും വലിയ പ്രതിസന്ധിയാണുള്ളത്. മഴ മാറിനിന്നാല്‍ ഉണ്ടാകാവുന്ന മഹാദുരന്തങ്ങള്‍ പറയേണ്ടതില്ല. ഈ സാഹചര്യത്തില്‍ പ്രാര്‍ത്ഥനയല്ലാതെ പോംവഴിയില്ലെന്നും നേതാക്കള്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.