രാഷ്‌ട്രീയ തീവ്രവാദം ഏറെ അപകടകരം : അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍

റിയാദ് : തങ്ങളുടെ രാഷ്‌ട്രീയ നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരോട്‌ ഏത്‌ നിലപാട്‌ സ്വീകരിക്കാനും തയ്യാറാകുമെന്ന അപായസൂചനയാണ്‌ ഒഞ്ചിയത്ത്‌ അരങ്ങേറിയതെന്നും ഇത്‌ ഒററപ്പെട്ട സംഭവമല്ല ആസൂത്രിതമായ പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണന്ന്‌ വ്യക്‌തമാക്കുന്നതാണ്‌ സി പി എം ഇടുക്കി ജില്ല സെക്രട്ടറി എം എം മണിയുടെ പ്രസ്‌താവനയെന്നും SYS സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ പറഞ്ഞു. ഒഞ്ചിയം കൊലപാതകം മുസ്‌ലിം തീവ്രവാദികളുടെ തലയില്‍ ചാര്‍ത്തി രക്ഷപ്പെടാന്‍ രാഷ്‌ട്രീയ തീവ്രവാദികള്‍ നടത്തിയ ശ്രമവും അവഗണിക്കപ്പെടരുതെന്നും തീവ്രവാദം മതത്തിന്‍റെ പേരിലായാലും രാഷ്‌ട്രീയത്തിന്‍റെ പേരിലായാലും എതിര്‍ക്കപ്പെടേണ്ടതാണന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ട്‌ തന്നെയാണ്‌ മുസ്‌ലിം യുവാക്കളെ മത തീവ്രവാദത്തിലേക്ക്‌ നയിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ സമസ്‌തയും കീഴ്‌ഘടങ്ങളും ശക്‌മായ നിലപാട്‌ സ്വീകരിച്ചത്‌. ആദര്‍ശപരമായി തങ്ങള്‍ക്കെതിരായ നിലപാടു സ്വീകരിച്ചവരോടും മാന്യമായി ഇടപഴകാനും അവരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കാനും പഠിപ്പിച്ച മുഹമ്മദ്‌ () യുടെ നിലപാടുകക്ക്‌ പ്രസക്‌തിയേറുകയാണന്നും അദ്ദേഹം പറഞ്ഞു. ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക എന്ന റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ ത്രൈമാസ കാമ്പയിന്‍റെ ഭാഗമായ സാംസ്‌ക്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബൂബക്കര്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. മുസ്‌തഫ ബാഖവി പെരുമുഖം ഉല്‍ഘാടനം ചെയ്‌തു. അബൂബക്കര്‍ ഫൈസി, എന്‍ സി മുഹമ്മദ്‌, ഹബീബുളള പട്ടാമ്പി, ഫവാസ്‌ ഹുദവി, അബൂബക്കര്‍ ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും റസാഖ്‌ വളക്കൈ നന്ദിയും പറഞ്ഞു.