മതവിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കണം : ത്വലബ സമ്മേളനം

തിരൂരങ്ങാടി : വഖ്‌ഫ്‌ ബോര്‍ഡിന്‌ കീഴില്‍ മുസ്‌ലിം മതവിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കണമെന്ന്‌ SKSSF ത്വലബാ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക്‌ നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം.
ന്യൂനപക്ഷ മന്ത്രാലയത്തിന്‌ കീഴില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി തുടങ്ങുന്ന സിവില്‍ സര്‍വീസ്‌ കോച്ചിംഗ്‌ സെന്‍ററുകളില്‍ കേരളത്തിലെ അരലക്ഷത്തിലധികം വരുന്ന മതവിദ്യാര്‍ഥികളെ പരിഗണിച്ച്‌ വെള്ളിയാഴ്‌ചകളിലും ക്ലാസുകള്‍ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ത്വലബാ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ ബുഖാരി കുറുമ്പത്തൂര്‍ പ്രമേയമവതരിപ്പിച്ചു. പാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്‌ദുസ്സലാം വള്ളിത്തോട്‌, കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌, ജുബൈര്‍ വാരാമ്പറ്റ, ഉമൈര്‍ കരിപ്പൂര്‍, സഈദലി ഒളവട്ടൂര്‍, റിയാസ്‌ പാപ്പിളശ്ശേരി, ഉമൈര്‍ കരിപ്പൂര്‍ സംസാരിച്ചു.