ത്വലബ സംസ്ഥാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം


കേരള ഇസ്ലാമിക്‌ ക്ലാസ്സ് റൂമില്‍ തല്‍സമയ സംപ്രേഷണം


തിരൂരങ്ങാടി : ത്വലബ സംസ്ഥാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. സംസ്ഥാനത്തെ അറബിക് കോളജുകളില്‍ നിന്നും പള്ളിദര്‍സുകളില്‍ നിന്നുമായി ആയിരത്തോളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വദിന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഭൗതിക കലാലയങ്ങള്‍ മലീമസാവുമ്പോള്‍ മതവിദ്യാര്‍ത്ഥികള്‍ ധര്‍മത്തിന് വേണ്ടി നിലനില്‍ക്കണെന്നും ഇസ്‌ലാമിന്റെ ദീപ്ത സന്ദേശങ്ങള്‍ യുവതലമുറക്ക് കൈമാറേണ്ട ഉത്തരവാദിത്തം മതവിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ന് വിദ്യാഭ്യാസത്തിന്റെ തന്മയത്വം നിലനില്‍ക്കുന്നത് അറബിക് കോളജുകളിലും പള്ളിദര്‍സുകളിലുമാണ്. ഭൗതിക കാമ്പസുകള്‍ കാലത്തിനൊപ്പം പുരോഗമിക്കുന്നുണ്ടെങ്കിലും ഒപ്പം അനുപേക്ഷണീയമായ ധാര്‍മിക മൂല്യങ്ങള്‍ ചോര്‍ന്നുപോവുന്നത് നിഷേധിക്കാനാവാത്തതാണ്. ധര്‍മത്തിന്റെ സീമകള്‍ ലംഘിക്കാതെ തന്നെ പുതുസാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും നാം ശ്രമിക്കണം. തങ്ങള്‍ പറഞ്ഞു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ നവാസ് നിസാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി മുഹമ്മദ് ഫൈസി, കെ.സി മുഹമ്മദ് ബാഖവി കീഴ്‌ശ്ശേരി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍, ശിബിന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് കൂടിക്കാഴ്ചയോടെ തുടങ്ങിയ പരിപാടിയില്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ആധ്യക്ഷം വഹിച്ചു. ജുമുഅ നമസ്‌കാരാനന്തരം ദാറുല്‍ഹുദാ ശില്‍പി ഡോ.യു ബാപുട്ടി ഹാജിയുടെ ഖബ്ര്‍ സിയാറത്തോടെ രണ്ടാം സെഷന് തുടക്കം കുറിച്ചു. രണ്ടരക്ക് നടന്ന ഒരുക്കം സെഷന്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റഹീം ചുഴലി ആധ്യക്ഷം വഹിച്ചു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സിറാജുദ്ദീന്‍ പറമ്പത്ത്, റിയാസ് പാപ്പിളശ്ശേരി എന്നിവര്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചു. റാഫി കുണ്ടൂര്‍ നന്ദി പറഞ്ഞു. മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന ജ്ഞാനതീരം പരിപാടി സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഹബീബ് ഫൈസി കോട്ടോപാടം ആധ്യക്ഷം വഹിച്ചു. അബ്ദുള്ള കുണ്ടറ, സലാം വള്ളിത്തോട്, സൈദലവി റഹ്മാനി ഗൂഢല്ലൂര്‍ സംബന്ധിച്ചു. രാത്രി പത്തിന് പ്രവാചക പ്രകീര്‍ത്തന സദസ്സ് നടന്നു.
ഇന്ന് രാവിലെ ആറിന് 'പുലരി വെട്ടം' ഖുര്‍ആന്‍ പാരായണ സദസ്സോടെ പരിപാടികള്‍ തുടങ്ങും. ഏഴിന് നടക്കുന്ന 'നദ്‌വ' സെഷന് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നേതൃത്വം നല്‍കും. എട്ടിന് തുടങ്ങുന്ന 'കാലത്തിനൊപ്പം' സെഷന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.ഹംസ സാഹിബ് നേതൃത്വം നല്‍കും. പത്ത് മണിക്ക് സൈനിങ് ഇന്‍ പരിപാടി നടക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹംസ അഞ്ചുമുക്കില്‍ നേതൃത്വം നല്‍കും. പതിനൊന്നരക്ക് നടക്കുന്ന 'സത്യസാക്ഷി' സെഷന്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ആസിഫലി ദാരിമി പുളിക്കല്‍ വിഷയമവതരിപ്പിച്ച് സംസാരിക്കും. ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന 'നേതൃജാലകം' കോട്ടുമല ബാപു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് വി.സി സംസാരിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും.