സയ്യിദ്
മുഹ്‌സിന്‍ കുറുമ്പത്തൂര്‍,
ചെയര്‍മാന്‍,
ത്വലബാ വിംഗ്
അറിവിന്‍റെ
നിലനില്‍പ് നന്മയെ ഉപജീവിച്ചാണ്.
നന്മ ഇല്ലാതാവുമ്പോള്‍
അറിവിന് തിളക്കം കുറയുന്നു.
അറിവിന്‍റെ
വാഹകരും പ്രചാരകരുമായ
വിദ്യാര്‍ഥികള്‍ സമൂഹത്തില്‍
നന്മയും സഹവര്‍ത്തിത്വവും
നിലനിര്‍ത്തുന്നതില്‍ വളരെ
വലിയ പങ്കാണ് വഹിക്കുന്നത്.
അതു കൊണ്ട്
തന്നെ നന്മയുടെ പ്രചാരണം
എന്ന ധര്‍മം നിര്‍വഹിക്കുന്നതിലൂടെയാണ്
വിദ്യാര്‍ത്ഥിയുടെ അസ്‌തിത്വം
പൂര്‍ണമാകുന്നത്. ഈ
ഉത്തമ സങ്കല്‍പത്തിന്‍റെ
കാവലാളുകളാണ് വിദ്യാര്‍ത്ഥികള്‍,
പ്രത്യേകിച്ചും
മതവിദ്യാര്‍ത്ഥികള്‍.
ഒരു
വ്യക്തിയുടെ സാമൂഹികമായ
ഭാഗധേയം നിര്‍ണയിക്കുന്നത്
വിദ്യാഭ്യാസമാണെന്നതിനാല്‍
വിദ്യാഭ്യാസ പ്രക്രിയകള്‍ക്കും
അതിന്‍റെ നിര്‍വഹണ രീതികള്‍ക്കും
എല്ലാ കാലഘട്ടങ്ങളിലും
അതുല്യമായ പ്രസക്തിയും
പ്രാധാന്യവും ലഭിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ
തത്വശാസ്‌ത്രവും ജ്ഞാന
തത്വശാസ്‌ത്രവും ഏറെ
ചര്‍ച്ചകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും
വെളിപ്പെടുത്തലുകള്‍ക്കും
വിധേയമായ രണ്ടു മേഖലകളാണ്.
എങ്കിലും
ആധുനികാന്തരകാലഘട്ടത്തിലെ
വിദ്യാര്‍ത്ഥികളുടെ വ്യവഹാര
മേഖലകള്‍ അനുദിനം വ്യത്യാസപ്പെടുന്ന
സാഹചര്യത്തില്‍ വിദ്യാഭ്യാസ
നിര്‍വഹണ രീതികളെ സംബന്ധിച്ച
ചില ധാരണകള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്
എന്നതില്‍ സംശയമില്ല.
യൂറോപ്യന്‍
നവോത്ഥാനത്തെ തുടര്‍ന്ന്
ചര്‍ച്ചിന്റെ മേല്‍ക്കോയ്‌മ
നഷ്‌ടപ്പെട്ടതു മുതലാണ്
വിദ്യാഭ്യാസ തത്വശാസ്‌ത്രങ്ങളുടെ
ആധുനിക രൂപങ്ങള്‍ പിറവിയെടുക്കുന്നത്.
ഐഡിയലിസം,
റിയലിസം,
പ്രയോജനവാദം
തുടങ്ങിയ പല സിദ്ധാന്തങ്ങളും
അതേ തുടര്‍ന്ന് ലോകത്ത്
ഉടലെടുക്കുകയുണ്ടായി.
വിദ്യാഭ്യാസം
ഊന്നല്‍ നല്‍കേണ്ടത് ബുദ്ധിയുടെ
പോഷണത്തിനാണെന്നും അതല്ല
ആത്മാവിന്റെ പോഷണത്തിനു
വേണ്ടിയാണെന്നും വാദങ്ങളും
മറുവാദങ്ങളുമുണ്ടായി.
എന്നാല്‍
ഇത്തരം സിദ്ധാന്തങ്ങളും
സങ്കല്‍പങ്ങളും വിദ്യാര്‍ഥീകേന്ദ്രീകൃതമായ
വിദ്യാഭ്യാസ പ്രക്രിയകള്‍ക്ക്
ഊന്നല്‍ നല്‍കിയില്ല എന്നതാണ്
വാസ്‌തവം.
ആധുനിക
വിദ്യാര്‍ത്ഥി
വിവരസാങ്കേതിക
വിദ്യയുടെ കടന്നുകയറ്റം
അനുദിനം നമ്മുടെ പൊതു
ഇടങ്ങളെപ്പോലും മാറ്റിമറിച്ചു
കൊണ്ടിരിക്കുകയാണിന്ന്.
വിവരശേഖരണത്തില്‍
നിമഗ്നനായ വിദ്യാര്‍ത്ഥി
ഓരോ മാറ്റങ്ങളോടും സമയോചിതമായി
സമരസപ്പെടേണ്ടി വരുമെന്ന്
പ്രത്യേകം പറയേണ്ടതില്ല.
വിദ്യാഭ്യാസ
രംഗത്തായാലും, സാംസ്‌കാരിക
സാമൂഹ്യ രംഗങ്ങളിലായാലും
പൂര്‍ണമായ തന്മയീഭാവത്തോടെ
ഇത്തരം മാറ്റങ്ങളെ ഉള്‍കൊള്ളുകയും
അവ സമൂഹത്തിന് പ്രയോജനപ്പെടും
വിധം പുനരവതരിപ്പിക്കുകയും
ചെയ്യുക എന്നതാണ് ആധുനിക
മതവിദ്യാര്‍ത്ഥിയുടെ ധര്‍മം.
തൊട്ടില്‍
മുതല്‍ കട്ടില്‍ വരെ വിദ്യ
അന്വേഷിച്ചു കൊണ്ടേയിരിക്കുക
എന്ന നബി വചനത്തിന്റെ ആധുനികമായ
അനുവര്‍ത്തനം ഈ ധര്‍മചിന്തയെയാണ്
ദ്യോതിപ്പിക്കുന്നത്.
അന്ത്യനാള്‍
വരെ ജീവിക്കുന്ന ഓരോ
വിദ്യാര്‍ത്ഥിയോടുമുള്ള
കല്‍പനയാണെന്നും അതത്
കാലങ്ങളില്‍ വിദ്യാപ്രസരണത്തിന്‍റെ
നൂതന മാര്‍ഗങ്ങള്‍
സ്വീകരിക്കണമെന്നുമാണ്
പ്രസ്‌തുത തിരുവചനം
സൂചിപ്പിക്കുന്നത്.
വ്യക്തിപരവും
സാമൂഹികവുമായ ഉത്തരവാദിത്തങ്ങള്‍
തിരിച്ചറിയുകയും അച്ചടക്കമുള്ള
യുവതയുടെ നിര്‍മാണത്തില്‍
പങ്കാളികളാവുകയും ചെയ്യുക
എന്നതാണ് ഒരു മതവിദ്യാര്‍ത്ഥിയുടെ
ഏറ്റവും വലിയ കടമ. അറിവിന്റെ
സ്രോതസ്സുകളെ അര്‍ഹിച്ച
പരിഗണനയോടെ സമീപിക്കുന്നതുവരെ
ഒരു വിദ്യാര്‍ഥിയുടെയും
വ്യക്തിബാധ്യത പൂര്‍ണമാകുന്നില്ല.
വിദ്യാഭ്യാസം
ജോലിക്കുവേണ്ടി എന്ന സങ്കല്‍പം
വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും
അമിതമായി സ്വാധീനിച്ചതു
മുതലാണ് `ഗുരു'
എന്ന
മഹത്‌സങ്കല്‍പത്തിന്
വിള്ളലേറ്റു തുടങ്ങിയത്.
ഒരു വ്യക്തിയുടെ
പ്രഥമ പാഠശാല മാതാപിതാക്കളും
രണ്ടാമത്തെ ഗൃഹം വിദ്യാലയവുമാണെന്നത്
പറഞ്ഞുപതിഞ്ഞ സാമൂഹ്യപാഠമാണ്.
എന്നാല്‍
മാര്‍ക്ക് ഉദ്‌പാതിപ്പിക്കുന്ന
യന്ത്രങ്ങളുടെ നിര്‍മാതാക്കളും
അതിനുവേണ്ടിയുള്ള അസംസ്‌കൃത
വസ്‌തു ഒരുക്കിക്കൊടുന്നവരുമായി
ഭൂരിഭാഗം അധ്യാപകരും
മാതാപിതാക്കളും പരിണമിച്ചതോടെ
വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ
ലക്ഷ്യങ്ങള്‍ വിസ്‌മരിക്കപ്പെടുകയാണുണ്ടായത്.
അധ്യാപകനില്‍
നിന്ന് ലഭിക്കേണ്ട
വ്യക്തിഗുണങ്ങളും,
സ്വഭാവസവിശേഷതകളും
പുതിയ വിദ്യാര്‍ത്ഥി തലമുറക്ക്
നഷ്‌ടമായി കൊണ്ടിരിക്കുന്നത്
അത്ഭുതകരമായ വേഗത്തിലാണ്.
``എനിക്ക്
ഒരക്ഷരം പാഠം ചെയ്‌തു തന്നയാളുടെ
അടിമയാണ് ഞാന്‍'' എന്ന
ഇമാം ശാഫി (റ)
യുടെ മഹത്
വാക്യമാവണം ആധുനിക വിദ്യാര്‍ഥിയുടെ
`മാഗ്നകാര്‍ട്ട'.
അധ്യാപകനില്‍
നിന്ന് വിദ്യാര്‍ത്ഥി
പഠിച്ചെടുക്കുന്ന അറിവിന്റെയും
സംസ്‌കാരത്തിന്റെയും
ആകെത്തുകയായിരുന്നു ആദ്യകാല
വിദ്യാഭ്യാസം. സമൂഹത്തിന്റെ
സുസ്ഥിരമായ ഗതിനിര്‍ണയിച്ചത്
ഈ വിദ്യാഭ്യാസ രീതിയായിരുന്നു.
എന്നാല്‍
പ്രഫഷണല്‍ കോഴ്‌സുകളുടെ
അതിര്‍ത്തിക്കപ്പുറം മാന്യമായി
ജീവിക്കാനുള്ള ഉപാധികള്‍
നിലവിലില്ല എന്നതാണ് ഇന്നത്തെ
വിദ്യാര്‍ഥി സമൂഹത്തിന്റെ
പൊതുധാരണ. ഇതിനെ
പൊളിച്ചെഴുതുകയാണ്
മതവിദ്യാര്‍ത്ഥി ചെയ്യേണ്ടത്.
ഇല്ലെങ്കില്‍
ഏകദേശം പത്തു വര്‍ഷത്തിനു
ശേഷമുള്ള വിദ്യാഭ്യാസ രംഗത്തെ
സന്തുലനാവസ്ഥ അപ്രവചനീയമാം
വിധം ദാരുണമായിരിക്കും.
പ്രഫഷണല്‍
കോഴ്‌സുകളുടെ മായാവലയങ്ങള്‍
പണമുണ്ടായാല്‍ എല്ലാമായി
എന്ന തെറ്റായ സന്ദേശം കൂടി
പുതു തലമുറയിലെ വിദ്യാര്‍ഥികള്‍ക്ക്
നല്‍കുന്നുണ്ട്. ഇതില്‍
മാതാപിതാക്കളുടെയും
കച്ചവടവത്‌കരിക്കപ്പെട്ട
വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും
പങ്ക് അനിഷേധ്യമാണ്.
കാലത്തിനനുഗുണമായ
ജോലീ കേന്ദ്രീകൃത കോഴ്‌സുകള്‍
അനിവാര്യമാണെന്നതു കൊണ്ട്
തന്നെ പ്രഫഷണല്‍ കോഴ്‌സുകളുടെ
അതിപ്രസരണമല്ല, മാനവിക
വിഷയങ്ങളോടുള്ള അവഗണനയാണ്
യഥാര്‍ത്ഥ പ്രശ്‌നം.
വിദ്യാര്‍ത്ഥികളുടെ
സാമൂഹ്യ പ്രതിബദ്ധതക്ക്
തുരങ്കം വെക്കും വിധത്തിലാണ്
ഈ അവഗണന. അതു
കൊണ്ടു തന്നെ, ചില
വിദ്യാര്‍ത്ഥികളുടെ സമീപനങ്ങള്‍
സമൂഹത്തിന് വിദ്യാര്‍ഥികളിലുള്ള
വിശ്വാസം നഷ്‌ടപ്പെടാനും
അവരെക്കുറിച്ച് സമൂഹത്തിനുള്ള
പൊതുവിചാരം മോശമാവാനും
കാരണമാകുന്നു. വിദ്യാര്‍ഥികള്‍
ചരിത്രബോധമുള്ളവരും
സാമൂഹ്യബോധമുള്ളവരുമാവുമ്പോഴാണ്
സമൂഹം അവരുടെ പ്രായോജകരാവുന്നത്.
പ്രയോജനപ്പെടുത്താന്‍
കഴിയാത്ത വിദ്യാര്‍ത്ഥി
സമൂഹം സമൂഹത്തിന് ഭാരമാണ്.
അനുലോമപരതയാണ്
ഒരു മതവിദ്യാര്‍ഥിയുടെ ഏറ്റവും
വിശിഷ്‌ടമായ ഗുണം.
പ്രതിലോമകരമായി
സമീപിക്കുന്ന വിദ്യാര്‍ഥി
രാജ്യത്തിനും സമൂഹത്തിനും
ഉണങ്ങാത്ത മുറിവാണ്.
ധര്‍മത്തെയും
സമൂഹ നന്മകളെയും അടിയറവെക്കരുതെന്ന്
മാത്രം. വ്യക്തി,
കുടുംബം,
സമൂഹം എന്നീ
ക്രമത്തില്‍ സാമൂഹ്യ വ്യവസ്ഥയെ
മുഴുവന്‍ കാര്‍ന്നു തിന്നുന്ന
മദ്യം, ലഹരി,
കൊലപാതകം,
മാനഭംഗം തുടങ്ങിയ
വിപത്തുകളോട് പ്രതികരിക്കാനുള്ള
കരുത്താര്‍ജിക്കുന്നതു വരെ
വിദ്യാര്‍ഥിയുടെ ഉത്തരവാദിത്തം
പൂര്‍ണമാകുന്നില്ല.
എന്നാല്‍,
ഇത്തരം
ഉത്തരവാദിത്തങ്ങളില്‍ നിന്ന്
ഒളിച്ചോടുകയും രാഷ്‌ട്രീയക്കാരന്റെയോ,
സാമൂഹ്യ വിരുദ്ധ
സംഘടനകളുടെയോ അരിക് ചേര്‍ന്ന്
അവരുടെ സ്വാര്‍ഥ താത്‌പര്യങ്ങള്‍ക്ക്
വേണ്ടി സമരത്തിനിറങ്ങുകയും
കലാലയങ്ങളുടെ മറപറ്റി
ജീവിക്കുകയും ചെയ്യുന്ന
ബിരുദ, ബിരുദാനന്തര
ബിരുദ ധാരികളായ ആള്‍ക്കൂട്ടങ്ങളെ
വിദ്യാര്‍ഥികള്‍ എന്നു
വിളിക്കുന്നത് കടുത്ത
അനീതിയാണ്. കേവലം
വ്യവസ്ഥാനുസാരികളായി
ജീവിക്കുന്നതിനുപകരം ധര്‍മത്തിനു
നിരക്കാത്ത പ്രവണതകള്‍ക്കെതിരെ
മതവിദ്യാര്‍ത്ഥി സദാകലഹിച്ചു
കൊണ്ടിരിക്കണമെന്നു സാരം.
അധാര്‍മിക
പ്രവണതകളോട് കലഹിക്കണമെങ്കില്‍
കാലത്തോട് സംവദിക്കാനുള്ള
ഭാഷ കൈവശമുണ്ടായിരിക്കണമെന്നതില്‍
സംശയമില്ല. അതാര്‍ജ്ജിച്ചെടുക്കേണ്ടത്
മതവിദ്യാര്‍ത്ഥിയുടെ
ഉത്തരവാദിത്തമാണ്.
കരിയര്‍
ഗൈഡന്‍സ്, ഫിനിഷിംങ്
സ്‌കൂളുകള്‍ തുടങ്ങിയ അധുനാതുന
സങ്കല്‍പങ്ങള്‍ വളരെ വേഗത്തില്‍
സ്ഥാപനവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന
കാലമാണിത്. അവയുടെയെല്ലാം
ഗുണഫലങ്ങള്‍ പരമാവധി
ഉള്‍കൊള്ളുകയും ദൂഷ്യഫലങ്ങള്‍
തള്ളിക്കളയുകയും അനിവാര്യമായ
രംഗങ്ങളില്‍ അവയെ പ്രയോജനപ്പെടുത്തുകയും
ചെയ്യുക എന്നതാണ് വിദ്യാഭ്യാസരംഗത്തെ
വിമോചനത്തിലേക്കും അതിന്റെ
ജനാധിപത്യവത്‌കരണത്തിലേക്കുമുള്ള
ഏറ്റവും സരളമായ മാര്‍ഗം.`കൊലവെറികള്‍'
തെളിയിച്ചു
തരുന്ന വഴികളിലേക്ക്
വ്യതിചലിക്കാതെ സോഷ്യല്‍
നെറ്റ് വര്‍ക്കുകള്‍,
സിറ്റിസണ്‍
ജേണലിസം തുടങ്ങിയ പുതിയ
കാലത്തിന്റെ സാധ്യതകളെ പരമാവധി
ഉപയോഗപ്പെടുത്തുകയാണ്
മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിന്റെ
വാക്താക്കളായ മതവിദ്യാര്‍ത്ഥികള്‍
ചെയ്യേണ്ടത്. സമഗ്രമായ
വിമോചനത്തിനേക്കുള്ള വഴി
തെളിയുന്നത് അത്തരം സമീപനങ്ങള്‍
സ്വീകരിക്കുന്നതിലൂടെയാണ്.
സമസ്‌ത
കേരള ജംഇയ്യത്തുല്‍ ഉലമായുടെ
വിദ്യാര്‍ത്ഥി സംഘടനയായ
എസ്‌കെഎസ്‌എസ്‌എഫിന്റെ
ദര്‍സ്, അറബിക്
കോളേജ് വിദ്യാര്‍ഥികളെ
പ്രതിനിധീകരിക്കുന്ന വിഭാഗമാണ്
ത്വലബാ വിംഗ്. വരുന്ന
8,9 (വെള്ളി,
ശനി)
തിയ്യതികളിലായി
ത്വലബ അതിന്റെ സംസ്ഥാന പ്രതിനിധി
സമ്മേളനം സംഘടിപ്പിക്കുകയാണ്.
`ചരിത്രപരം',
`വിധികല്‍പിതം'
എന്നെല്ലാം
വിശേഷിപ്പിക്കപ്പെടുന്ന
മതവിദ്യാര്‍ഥികളുടെ സ്വാഭാവികമായ
പിന്നോക്കാവസ്ഥക്കു പരിഹാരം
തേടുക, വിദ്യാര്‍ഥികളില്‍
സാമൂഹ്യ പ്രതിബദ്ധത
ഊട്ടിയുറപ്പിക്കുക എന്നിവയാണ്
``വിദ്യയുടെ
കൈത്തിരി, വിമോചനത്തിന്റെ
പുലരി'' എന്ന
പ്രമേയം ഉയര്‍ത്തിപ്പിടിച്ചു
നടത്തുന്ന സമ്മേളനത്തിന്റെ
മുഖ്യലക്ഷ്യം. ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍
വെച്ച് നടക്കുന്ന പ്രസ്‌തുത
സമ്മേളനത്തിന്റെ വിജയം ഒരു
സാമൂഹികമായ ആവശ്യമാണ്.
``റാങ്കുകാരെയും
ഏ പ്‌ളസുകാരെയും ഉണ്ടാക്കുകയല്ല,
മറിച്ച്
മികച്ച ഒരു തലമുറയെ
വാര്‍ത്തെടുക്കുകയാണ് പുതിയ
വിദ്യാഭ്യാസ നയത്തിന്റെ
കാതല്‍'' എന്ന്
കേരള വിദ്യാഭ്യാസ മന്ത്രി
പ്രഖ്യാപിച്ച സാഹചര്യത്തില്‍
പ്രത്യേകിച്ചും. വിദ്യാഭ്യാസ
മൂല്യങ്ങളുടെ സംരക്ഷണത്തിനു
വേണ്ടി പുതിയ ``ഫ്‌ളാഷ്
മോബുകള്‍'' സൃഷ്‌ടിക്കാനായി
വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങുക.
വിമോചനത്തിന്റെ
പുതിയ പുലരിക്കായി നമുക്കൊരുമയോടെ
മുന്നേറാം.