സമസ്ത കേരളാ മുസ്‍ലിംകള്‍ക്ക് ദിശാബോധം നല്‍കി : ആലിക്കുട്ടി മുസ്‍ലിയാര്‍

ദുബൈ കറാമയില്‍ നടന്ന സമസ്ത 85ാം വാര്‍ഷിക പ്രചാരണ സമ്മേളനം പ്രൊഫ: ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തിലെ മുസ്‍ലിം സമൂഹം നേടിയ നാനോന്മുഖ പുരോഗതികള്‍ക്ക് പിന്നിലെ മുഖ്യ ചാലക ശക്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും അതിന്‍റെ കീഴ്ഘടകങ്ങളുടെയും നേതൃത്വത്തില്‍ നടന്ന ധാര്‍മ്മിക പ്രവര്‍ത്തനങ്ങളായിരുന്നുവെന്നും ആ മുന്നേറ്റം വരും തലമുറക്ക് കൈമാറാന്‍ സമസ്തയുടെ സന്ദേശം കൂടുതല്‍ ജനകീയമാക്കുന്നതിനായി പരിശ്രമിക്കണമെന്നും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഅ നൂരിയ അറബിക് കോളേജ് പ്രിന്‍സിപ്പലുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്‍ലിയാര്‍ അഭിപ്രായപ്പെട്ടു. സമസ്ത 85-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം ദുബൈ കറാമ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുമായ ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി മുഖ്യപ്രഭാഷണം നടത്തി. പി.പി. മുഹമ്മദ് ഫൈസി, ഉസ്താദ് അബ്ദുസ്സലാം ബാഖവി പ്രമേയ പ്രഭാഷണവും നടത്തി. ശൗക്കത്തലി ഹുദവി സ്വാഗതവും അബ്ദുല്‍ ഹക്കീം ഫൈസി നന്ദിയും പറഞ്ഞു.