ഗദ്ദാഫിയുടെ മരണം; വിജയിച്ചത് പാശ്ചാത്യതന്ത്രങ്ങള്‍..പിന്നെ ജനാധിപത്യവും

"മുല്ലപ്പൂ വിപ്ലവം" എന്ന പേരില്‍  ചില അറബ് രാജ്യങ്ങളില്‍ സമീപകാലത്തുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് ആരംഭിച്ചതെങ്കിലും ലിബിയയില്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിക്കെതിരെയുണ്ടായ വിമതമുന്നേറ്റത്തിന്റെ സ്വഭാവത്തിന് അടിസ്ഥാനപരമായ വ്യത്യാസ ങ്ങള്‍ ഏറെയാണ്‌.
ടുണീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെയും ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെയും അധികാരഭ്രഷ്ടരാക്കിയ...

പ്രക്ഷോഭങ്ങള്‍ തീര്‍ത്തും അക്രമരഹിത മാര്‍ഗത്തിലൂന്നിയതായിരുന്നു. ലിബിയയിലാവട്ടെ യുദ്ധം നടത്തി അധികാരം പിടിക്കാനാണ് വിമതര്‍ ആദ്യമേ തുനിഞ്ഞത്. 
ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയ പ്രക്ഷോഭങ്ങള്‍ക്കു നിയതമായ നേതൃത്വമോ സുവ്യക്തമായ ഏകോപനമോ ഉണ്ടായിരുന്നില്ല. സൗഹൃദ വെബ്‌സൈറ്റുകളിലൂടെയും മറ്റുമുള്ള പ്രചാരണങ്ങളുടെയും ആഹ്വാനങ്ങളുടെയും അടിസ്ഥാനത്തിലാണ് അവിടങ്ങളില്‍ ജനം പതിനായിരക്കണക്കില്‍ തെരുവുകളില്‍ ഇരമ്പിയെത്തിയത്. എന്നാല്‍, ലിബിയയിലാവട്ടെ 'ദേശീയ പരിവര്‍ത്തന സമിതി' എന്ന നേതൃസംവിധാനത്തിനു കീഴിലുള്ള ഏകോപിത യുദ്ധമാണ് വിമതര്‍ നടത്തിയത്. വിമതപോരാളികളെ സഹായിക്കാന്‍ പാശ്ചാത്യസേന നടത്തിയ നഗ്‌നമായ ഇടപെടലാണ് ലിബിയന്‍ പ്രക്ഷോഭത്തിന്റെ ശോഭ കെടുത്തിയ പ്രധാന ഘടകം. അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ സഖ്യസേനയായ 'നാറ്റോ' (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) യുടെ സഹായത്തോടെയാണ് വിമതര്‍ സൈനികമുന്നേറ്റം കാഴ്ചവെച്ചത്. പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നടപടിയുടെ ഭാഗമായി ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ സൈന്യം സാധാരണ പൗരന്‍മാരെ കൊന്നൊടുക്കുന്നെന്ന് ആരോപിച്ചാണ് 'നാറ്റോ' സേന ലിബിയയിലെ ഇടപെടലിനു ന്യായം കണ്ടെത്തിയത്. എന്നാല്‍, 'നാറ്റോ' സേന നടത്തിയ അസംഖ്യം വ്യോമാക്രമണങ്ങളില്‍ അനേകായിരം സാധാരണ ലിബിയക്കാര്‍ കൊല്ലപ്പെടുന്നതാണ് പിന്നീട് കണ്ടത്. ഈ വ്യോമാക്രമണങ്ങളുടെ അകമ്പടിയോടെയാണ് വിമതസേന നഗരങ്ങളും പട്ടണങ്ങളും ഓരോന്നോരോന്നായി പിടിച്ചെടുത്തത്. സാധാരണക്കാരെ കൊന്നുതള്ളുന്നതില്‍ വിമതപോരാളികളും പിന്നിലായിരുന്നില്ലെന്ന് സ്വതന്ത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ നിര്‍ലോഭം നല്‍കിയ പടക്കോപ്പുകളുപയോഗിച്ചായിരുന്നു വിമതരുടെ സൈനിക വിജയങ്ങള്‍. 
സാമ്രാജ്യത്വ ഇംഗിതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കാത്ത രാഷ്ട്രീയ പാരമ്പര്യമുള്ള ഭരണാധികാരിയായിരുന്നു മുഅമര്‍ ഗദ്ദാഫി. അടുത്ത കാലത്തായി പടഞ്ഞാറന്‍ രാജ്യങ്ങളോടുള്ള സമീപനത്തില്‍ അദ്ദേഹം അയവു വരുത്തിയിരുന്നു എന്നതു നേര്. എന്നാല്‍, അദ്ദേഹത്തോടുള്ള അമേരിക്കയുടെയും കൂട്ടാളികളുടെയും പകയില്‍ ഒട്ടും കുറവു വന്നിരുന്നില്ലെന്നു തെളിയിക്കുന്നതാണ് ലിബിയയില്‍ ' നാറ്റോ ' നടത്തിയ കുത്സിതമായ സൈനിക ഇടപെടല്‍. ഇറാഖിലും അഫ്ഗാനിസ്താനിലുമൊക്കെ ചെയ്തതുപോലെ, ആജ്ഞാനുവര്‍ത്തികളെ ഭരണത്തില്‍ അവരോധിക്കുക തന്നെയായിരുന്നു അമേരിക്കയുടെ അജന്‍ഡ. എണ്ണസമ്പന്നമായ രാജ്യമാണ് ലിബിയ എന്നുകൂടി ഇവിടെ ഓര്‍മിക്കുക. 
 ടുണീഷ്യയിലും ഈജിപ്തിലും ജനകീയ സമരത്തിലൂടെ അധികാരഭ്രഷ്ടരാക്കപ്പെട്ട ഏകാധിപതികള്‍ അമേരിക്കയുടെ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടുതന്നെ ആ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളോട് പാശ്ചാത്യ ലോകം കരുതലോടെയുള്ള സമീപനമാണ് കൈക്കൊണ്ടിരുന്നത്. 
ലിബിയന്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ 'ദേശീയ പരിവര്‍ത്തന സമിതി' യിലെ പല പ്രമുഖരുടെയും മുന്‍കാല ചരിത്രം സംശയാസ്​പദമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗദ്ദാഫിക്കെതിരായ കുതന്ത്രങ്ങളുടെ ഭാഗമായി അമേരിക്കന്‍ ചാരസംഘടന പണ്ടു മുതലേ പ്രതിഫലം നല്‍കി ഉപയോഗപ്പെടുത്തിവന്നിരുന്ന ചില ലിബിയന്‍ നേതാക്കളാണ് പ്രക്ഷോഭത്തിനു ചരടു വലിച്ചതെന്നാണ് സൂചന. 
അറബ് രാജ്യങ്ങളിലെ ജനായത്തപ്രക്ഷോഭ വേലിയേറ്റത്തില്‍ ആദ്യമൊന്ന് അന്തിച്ചെങ്കിലും പിന്നീട് അതിനെ തങ്ങളുടെ അജന്‍ഡയ്ക്ക് അനുസൃതമാക്കിയെടുക്കുന്നതില്‍ അമേരിക്ക വിജയിച്ചുവെന്ന വിലയിരുത്തലുകളെ ശരിവെക്കുന്നു ലിബിയന്‍ സമരത്തിന്റെ സഞ്ചാരവഴി.
ലിബിയന്‍ സമരത്തിന്റെ പോര്‍വഴികള്‍
ട്രിപ്പോളി: മറ്റ് അറബ് രാജ്യങ്ങളായ ടുണീഷ്യയിലും ഈജിപ്തിലും ആഞ്ഞുവീശി വിജയം വരിച്ച ഏകാധിപത്യവിരുദ്ധ മുന്നേറ്റങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണു ലിബിയില്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിക്കെതിരെ വിമതര്‍ രംഗത്തിറങ്ങിയത്. പ്രക്ഷോഭത്തിന്റെ നാള്‍വഴി ഇങ്ങനെ:
2011 ഫിബ്രവരി 15-19: ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയില്‍ വിമതമുന്നേറ്റത്തിനു തുടക്കം
മാര്‍ച്ച് 19: വിമതരെ നേരിടാനിറങ്ങിയ സര്‍ക്കാര്‍ സേനയെ പിന്തിരിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്ത വ്യോമാക്രമണം തുടങ്ങി
മാര്‍ച്ച് 31: സൈനിക നടപടിയുടെ നേതൃത്വം പാശ്ചാത്യ സഖ്യസേനയായ നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) ഔപചാരികമായി ഏറ്റെടുക്കുന്നു

മെയ് ഒന്ന്: ഗദ്ദാഫ് നാറ്റോ വ്യോമാക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ ഇളയ മകന്‍ സെയ്ഫ് അല്‍ അറബ് ആക്രമണത്തില്‍ മരിച്ചു

ജൂലായ് 15: ലിബിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കിയിലെ ഇസ്താംബുളില്‍ ചേര്‍ന്ന അന്താരാഷ്ട്ര യോഗം വിമതരുടെ 'ദേശീയ പരിവര്‍ത്തന സമിതി'ക്ക്്് അംഗീകാരം നല്‍കുന്നു 

ജൂലായ് 28: വിമത സേനയുടെ മേധാവി ജനറല്‍ അബ്ദുള്‍ ഫത്താ യൂനസ് കൊല്ലപ്പെട്ടു

ആഗസ്ത് 23: തലസ്ഥാനഗരമായ ട്രിപ്പോളിയിലുള്ള ഭരണകൂട ആസ്ഥാനം വിമതര്‍ പിടിച്ചെടുക്കുന്നു. ഗദ്ദാഫിയെയോ മക്കളെയോ അവിടെ കണ്ടെത്താനായില്ല

സപ്തംബര്‍ 12: മകന്‍ സാദിയുള്‍പ്പെടെ ഗദ്ദാഫിയുടെ 32 വിശ്വസ്തര്‍ അയല്‍രാജ്യമായ നൈജറില്‍ അഭയം തേടിയതായി സ്ഥിരീകരണം

സപ്തംബര്‍ 15: ഗദ്ദാഫിയുടെ ജന്‍മനാടായ സിര്‍ത്തില്‍ വിമതസേന ആക്രമണം തുടങ്ങി

സപ്തംബര്‍ 16: ഐക്യരാഷ്ട്രസഭയിലെ ലിബിയയുടെ സീറ്റ് വിമതര്‍ക്കു നല്‍കുന്നു

ഒക്ടോബര്‍ 17: ബാനി വാലിദ് പട്ടണം ഗദ്ദാഫി അനുകൂലികളില്‍നിന്നു വിമതര്‍ പിടിച്ചെടുക്കുന്നു

ഒക്ടോബര്‍ 20: സിര്‍ത്ത് വിമതനിയന്ത്രണത്തില്‍. ഗദ്ദാഫി ഗുരുതരപരിക്കുകളോടെ പിടിയില്‍; താമസിയാതെ മരണം