വിവാഹ ധൂര്‍ത്തിനെതിരെ മഹല്ല് കേന്ദ്രീകരിച്ച് കൂട്ടായ്മ വരുന്നു



കാസര്‍കോട്: വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ധൂര്‍ത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മഹല്ല് കമ്മിറ്റികള്‍ രംഗത്തുവരുന്നു. വരനെ അനുഗമിക്കുന്നവര്‍ ബൈക്ക് റേസ് നടത്തുന്നതും പടക്കം പൊട്ടിക്കുന്നതും കീഴൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി കര്‍ശനമായി നിരോധിച്ചു.
വരന് അറ കാണിക്കുമ്പോള്‍ വരന്റെ സുഹൃത്തുക്കള്‍ അറയില്‍ പ്രവേശിക്കരുത്.കല്യാണം കഴിഞ്ഞ് വരന്‍ രാത്രി വധുഗൃഹത്തില്‍ പോകുമ്പോഴും സുഹൃത്തുക്കളെ കൂടെ കൊണ്ടുപോകരുത്. കീഴൂര്‍ മഹല്ലില്‍നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്കും മറ്റു മഹല്ലുകളില്‍നിന്ന് കീഴൂര്‍ മഹല്ലിലേക്ക് വരുന്നവര്‍ക്കും ഈ തീരുമാനങ്ങള്‍ ബാധകമായിരിക്കും.മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ജനറല്‍ ബോഡി യോഗവും ബൈക്ക് റൈസിംഗ്, വെടി പൊട്ടിക്കല്‍, വരനെ കോമാളിവേഷം കെട്ടിക്കല്‍, അറ തകര്‍ക്കല്‍ എന്നിവ നിരോധിക്കാന്‍ തീരുമാനിച്ചു. വിവാഹ നിശ്ചയ സമയത്തുതന്നെ കമ്മിറ്റിയുടെ അറിയിപ്പ് വായിച്ച് കേള്‍പ്പിക്കും. ഓരോ വീട്ടിലും തീരുമാനങ്ങളടങ്ങുന്ന നോട്ടീസ് പതിക്കും.തളങ്കര ജദീദ് റോഡിലെ അന്നിഅ്മത്ത് മസ്ജിദ് കമ്മിറ്റി തീരുമാനിച്ചു. കാസര്‍കോട് സംയുക്ത ജമാഅത്ത് കമ്മിറ്റി, കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി, കാസര്‍കോട് സൗഹൃദ വേദി, കാസര്‍കോട് ടൗണ്‍ ഇമാം കൂട്ടായ്മ എന്നീ സംഘടനകള്‍ വിവാഹ ദുരാചാരങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തിവരികയാണ്. മറ്റു മഹല്ലുകള്‍ക്ക് മാതൃകയായ കീഴൂര്‍ മഹല്ല് കമ്മിറ്റി, മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി, തളങ്കര ജദീദ് റോഡ് അന്നിഅ്മത്ത് മസ്ജിദ് കമ്മിറ്റി എന്നിവയെ കാസര്‍കോട് ടൗണ്‍ ഇമാമുമാരുടെ കൂട്ടായ്മ അഭിനന്ദിച്ചു.