സമസ്ത 85 ാം വാര്‍ഷികം : പ്രചരണോദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


പരിപാടി തത്സമയം സുന്നി ഓണ്‍ലൈനായ 'കേരള-ഇസ്ലാമിക്-ക്ലാസ്സ്‌-റൂമി'ലൂടെ ലോകത്ത്‌ എവിടെ നിന്നും ശ്രവിക്കാന്‍ സൗകര്യം!

കാസര്‍കോട് : പരിശുദ്ധമായ അഹ്‌ലു സുന്നത്തിവല്‍ജമാഅത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുവേണ്ടി അല്ലാഹുവിന്റെ ഔലിയാക്കളും ആരിഫീങ്ങളും ആലിമീങ്ങളും ചേര്‍ന്ന് 1926 ല്‍ രൂപം നല്‍കിയ സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ ഇന്ന് പടര്‍ന്ന് പന്തലിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീനി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. 2012 ഫെബ്രവരി 23,24,25,26 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് 'വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍' നഗറില്‍ വെച്ച് നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം ഒക്ടോബര്‍ 2ന് (ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റിന് സമീപത്തുളള ശഹീദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതം സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8 മണിക്ക് മാലിക്ദീനാര്‍ മഖാം സീയാറത്തിന് സയ്യിദ് എം.എസ്.തങ്ങള്‍ പൊവ്വല്‍ നേതൃത്വം നല്‍കും. 8.30ന് സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മൌലാനാ യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തും. പൊതുപരിപാടി സമസ്തജില്ലാപ്രസിഡണ്ട് ഖാസി ടി.കെ.എം.ബാവ മാസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്തജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും. അബ്ദുസമദ് പൂക്കോട്ടൂര്‍ സാഹിബ്‌  പ്രമേയപ്രഭാഷണവും നടത്തും. മൌലാന എം.എ.ഖാസിം മുസ്ലിയാര്‍ സ്വാഗതം പറയും. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ശൈഖുനാ പി.കെ.പി.അബ്ദുസലാം മുസ്ലിയാര്‍,  ശൈഖുനാ എം.ടി.അബ്ദുല്ല മുസ്ലിയാര്‍, മൌലാന പി.പി.മുഹമ്മദ് ഫൈസി,  ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിക്കും. ആനുകാലിക ചര്‍ച്ചാവിഷയമായ 'പ്രവാചക നിന്ദയും വിവാദകേശവും' എന്ന വിഷയത്തെക്കുറിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌വി  അല്‍ ഫൈസി കൂരിയാട്, മുജീബ് ഫൈസി പൂലോട് എന്നിവര്‍ എല്‍.സി.ഡി ക്ലിംപ്പിങ്ങോടുകൂടി പ്രസംഗിക്കും. 
കാസറഗോഡ് നടന്ന പത്ര സമ്മേളനത്തില്‍  സ്വാഗതസംഘം ചെയര്‍മാന്‍ യു.എം.അബ്ദുറഹ്മാന്‍ മൗലവി, ജനറല്‍ കണ്‍വീനര്‍ എം.എ.ഖാസിം മുസ്ലിയാര്‍, സംസ്ഥാന സ്വാഗതസംഘം ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍, പ്രചരണകമ്മിറ്റി ചെയര്‍മാന്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കണ്‍വീനര്‍ റഷീദ് ബെളിഞ്ചം, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് ഹാദി തങ്ങള്‍, ടി.വി.അഹമ്മദ് ദാരിമി, മൊയ്തു ചെര്‍ക്കള, സിറാജുദ്ദീന്‍ ഖാസിലൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.