
കുവൈത്ത് സിറ്റി : അഹ്‍ലുസ്സുന്ന വല്‍ജമാഅ യുടെ ആശയാദര്‍ശ വിശദീകരണത്തിനും ബോധന വീഥിയില്‍ നവോല്‍ക്കര്‍ഷം നല്‍കാനുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ആദര്‍ശ കാന്പയിന്‍റെ ഭാഗമായി ഇസ്‍ലാമിക് സെന്‍റര്‍ അബ്ബാസിയ്യ ഹസാവി ബ്രാഞ്ച് കമ്മിററികള്‍ സംയുക്തമായി വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധമായ വിശ്വാസവും തനിമയാര്‍ന്ന കര്‍മ്മനിഷ്ടയും തിരുനബിയില്‍ നിന്നും പകര്‍ത്തിയെടുത്ത പ്രവാചകാനുചരന്മാരില്‍ നിന്ന് ഇസ്‍ലാമിനെ അനുശീലിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് കേരള മുസ്‍ലിംകളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു. ഇക്കാലമത്രയും പാരന്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും കണ്ണികള്‍ അറ്റുപോകാതെ അഹ്‍ലുസ്സുന്ന വല്‍ജമാഅ യുടെ ആശയാദര്‍ശങ്ങള്‍ ബോധനം നടത്താനും വിശ്വാസ കര്‍മ്മാനുഷ്ടാനങ്ങളില്‍ വൈകല്യം വിതക്കുന്ന നവീനവാദക്കാരുടെ ശ്രമങ്ങളെ തകര്‍ക്കാനും ആഗോളതലത്തില്‍ ഇസ്‍ലാമിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് സമസ്തയും കീഴ്ഘടകങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മശ്ഹൂര്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഹസാവിയ്യ ബ്രാഞ്ച് പ്രസിഡന്‍റ് അശ്റഫ് ദാരിമി അധ്യക്ഷത വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ. ഖാസിമുല്‍ ഖാസമി, എസ്.കെ. ഹംസ ഹാജി, ഉസ്‍മാന്‍ ദാരിമി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അബ്ബാസിയ്യ ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും മുജീബ് റഹ്‍മാന്‍ ഹൈതമി നന്ദിയും പറഞ്ഞു.