വഖഫ് ചട്ടങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള വഖഫ് ബോര്‍ഡ് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് നടപ്പാക്കിയ വഖഫ് ചട്ടങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് സ്റ്റാഫ് അസോസിയേഷനുവേണ്ടി പ്രസിഡന്റ് പി.കെ. ജലീലും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്. സിരിജഗന്റെ ഉത്തരവ്. അര്‍ദ്ധ-ജുഡീഷ്യല്‍ സ്ഥാപനം എന്ന നിലക്ക്, സ്വതന്ത്രവും, നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കുവാന്‍ അധികാരമുള്ള വഖഫ് ബോര്‍ഡിനെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നുള്ള ദുരുദ്ദേശമാണ് സര്‍ക്കാര്‍ നടപടിക്ക് പിറകിലെന്നും 2003 ല്‍ കേരള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് ഗസറ്റില്‍ വിജ്ഞാപനം ചെയ്തതെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. വഖഫ് ചട്ടങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും, പുതുതായി ഇറക്കിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ലഭിച്ചിരുന്ന ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. 2003ല്‍ ഇറക്കിയ ചട്ടങ്ങള്‍ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം ക്യാബിനറ്റിന്റെയോ, ധനകാര്യ വകുപ്പിന്റെയോ അനുമതി വാങ്ങിയിട്ടില്ല എന്ന കാരണത്താല്‍ റദ്ദാക്കിയത് നിലനില്‍ക്കുന്നതല്ലെന്നും, ഇത്തരം കാര്യങ്ങള്‍ക്ക് നിയമവകുപ്പിന്റെ മാത്രം അനുമതി മതിയെന്നും അത് ലഭിച്ചിട്ടുള്ള സ്ഥിതിക്ക് 2003 ല്‍ ഇറക്കിയ ചട്ടങ്ങള്‍ റദ്ദാക്കല്‍ നടപടി യാതൊരു അപാകതയും കാണാതെയും അതുകൊണ്ടു തന്നെ ദുരുദ്ദേശപരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.