എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയെ ആക്രമിച്ചു
തളിപ്പറമ്പ്: എസ്.കെ.എസ്.എസ്.എഫ് സസ്ഥാന സെക്രട്ടറി കൊട്ടില അബ്ദുള്ള ദാരിമിക്ക്(27) നേരെ അക്രമം. അദ്ദേഹം സഞ്ചരിച്ച കാറും തകര്‍ത്തു. കൈയിലുണ്ടായിരുന്ന രണ്ടുലക്ഷം രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പരിയാരത്താണ് സംഭവം. പരിക്കേറ്റ അബ്ദുള്ള ദാരിമിയെ ലൂര്‍ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് പറയുന്നു.ഓണപ്പറമ്പിലെ വീട്ടില്‍നിന്ന് പരിയാരം വഴി പിലാത്തറയിലേക്ക് കാറില്‍ പോവുകയായിരുന്ന ദാരിമിയെ വഴിക്ക് ഒരുയുവാവ് കൈനീട്ടി കാര്‍ നിര്‍ത്തിച്ചു. സുഖമില്ലാത്ത പിതാവിനെ ആസ്പത്രിയിലെത്തിക്കാന്‍ സഹായമഭ്യര്‍ഥിച്ചു. ഓണപ്പറമ്പിനും പരിയാരത്തിനും ഇടയില്‍ വെച്ചാണ് ഇത്.ദാരിമി സഹായാഭ്യര്‍ഥന മാനിച്ച് യുവാവിനെ കാറില്‍കയറ്റി. യുവാവിന്റെ നിര്‍ദേശപ്രകാരം ഇടുങ്ങിയ റോഡിലൂടെ കാര്‍ അല്പം മുന്നോട്ട് നീങ്ങിയതോടെ വീട് എത്തി എന്നുപറഞ്ഞ് കാര്‍ നിര്‍ത്തിച്ചു. അതോടെ അവിടെ കാത്തുനിന്ന മറ്റ് മൂന്നുപേരും കൂടി ചേര്‍ന്ന് ആക്രമിച്ചു. ഓടി മറ്റൊരു വീട്ടില്‍ കയറി രക്ഷപ്പെട്ട ദാരിമിയെ പോലീസെത്തിയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.പരിയാരം, ഓണപ്പറമ്പ് അക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. സമാധാന ആഹ്വാനത്തിന് ശേഷം ജില്ലാതലത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നുകൊണ്ടിരിക്കെയാണ് പരിയാരത്ത് എസ്.കെ.എസ്.എസ്.എഫ്. നേതാവിനെ ആക്രമിച്ചത്. കേന്ദ്രമന്ത്രി ഇ.അഹമ്മദ്, കെ.സുധാകരന്‍ എം.പി, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി തുടങ്ങിയവര്‍ ദാരിമിയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചു.