പരിസ്ഥിതി സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യുക: ഹൈദരലി തങ്ങള്‍
കോഴിക്കോട്: യാതൊരു ധാര്‍മികതയുമില്ലാതെ പ്രകൃതിക്കു നേരെ മനുഷ്യന്‍ നടത്തുന്ന കടന്നാക്രമണവും ചൂഷണവുമാണ് ഇന്ന് മനുഷ്യനനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്നും ഇത്തരം ചൂഷണങ്ങള്‍ക്കെതിരായ പ്രതിജ്ഞയാണ് പാരിസ്ഥിതിക ദിനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആവശ്യമായതെല്ലാം പ്രകൃതി കനിഞ്ഞരുളിയിട്ടും മനുഷ്യന്റെ ഉപഭോഗ ഭ്രമം അവനെ ദയാരഹിതമായ പ്രകൃതി ചൂഷണത്തിന് പ്രേരിപ്പിക്കുകയാണ്. പരിസ്ഥിതി എല്ലാ ജീവജാലങ്ങള്‍ക്കും വസിക്കാനും ഉപയോഗിക്കാനുമുള്ളതാണ്. മനുഷ്യനെ പോലെ ഇവിടെ ജീവിക്കാന്‍ എല്ലാ ജീവികള്‍ക്കും അവകാശമുണ്ട്. പക്ഷേ മനുഷ്യന്‍ അതിനെ അമിതമായി ചൂഷണം ചെയ്യുന്നതുമൂലം പല ജീവികള്‍ക്കും വംശനാശം നേരിട്ടിട്ടും ഭാവി തലമുറയെ കുറിച്ചോ, പ്രപഞ്ചത്തിലെ ആവാസ വ്യവസ്ഥ നശിക്കുന്നതിനെ കുറിച്ചോ മനുഷ്യന്‍ ബോധവാനാകുന്നില്ല. ഇതു വന്‍ വിപത്തിലേക്കാണ് അവനെ കൊണ്ടെത്തിക്കുക. മരങ്ങള്‍ വെച്ച് പിടിപ്പിച്ചും പരിപാലിച്ചും മനുഷ്യന്‍ അവന്റെ സാമൂഹിക കടമ നിറവേറ്റണം. 'ഹരിതം മനോഹരം' എന്നതൊരു സന്ദേശമായി എല്ലാവരും ഏറ്റെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു.