നോമ്പിനെ കുറിച്ച് പ്രമാണങ്ങള്:

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില് മൂന്നാമത്തേതാണിത്. ഹിജ് രണ്ടാം വര്ഷത്തിലിത് നിര്ബന്ധമാക്കപ്പെട്ടു. റമളാന് എന്ന പദത്തിന്റെ ഉല്പത്തി റമള എന്നതില് നിന്നാണ് എന്നുപറയപ്പെടുന്നു. റമളാന് ദോഷങ്ങളെ കരിച്ചുകളയുമെന്നതാണിതിന്റെ കാരണം, ഖുര്ആനിറങ്ങിയതും നോമ്പ് നിര്ബന്ധമാക്കപ്പെട്ടതും ഇതേമാസം. റമളാന് വ്രതവും ഖുര്ആന് സാന്നിധ്യവും മനുഷ്യഹൃദയത്തെ വിശുദ്ധമാക്കുന്നു.

റമളാനില് വ്രതാചരണത്തിന് രണ്ട് മാര്ഗ്ഗമെന്ന് ഇസ്ലാമിക പ്രമാണം പഠിപ്പിക്കുന്നു.

1: ശഅ്ബാന് മുപ്പത് പൂര്ത്തിയാകുക.

2: ശഅ്ബാന് 29ന് രാത്രി ചന്ദ്രപ്പിറവി ദൃശ്യമാവുക.

പ്രസ്തുത രാത്രി മാസം കണ്ടെന്ന് ബുദ്ധിയും വിവേകവും നീതിയും വിശ്വസ്തതയുമുള്ള ഒരാള് സാക്ഷിനിന്നാലും മതി.

ഒരു നാട്ടില് കണ്ടാല് അടുത്ത ദേശക്കാര്ക്കും, ഉദയവും അസ്തമയവും ഒരേ സമയത്തെങ്കില്, നോമ്പ് ബാധകമാകും. ഉദയാസ്തമയ വ്യത്യാസത്തിനുള്ള ദൂരം 24ഫര്സഖ് (ഏകദേശം 198 കീലോമീറ്റര്) എന്ന് പണ്ഡിതര്.

കുട്ടികള്, സ്ത്രീകള്, ഫാസിഖുകള് എന്നിവര് മാസം കണ്െടന്ന് സാക്ഷിനിന്നാല് അവര്ക്കും (കുട്ടികള് ഒഴികെ) അവരെ വിശ്വസിക്കുന്നവര്ക്കും നോമ്പനുഷ്ടിക്കല് നിര്ബന്ധം.

വ്രതം:

ഭാഷാപരമായി 'സൗം'എന്നാല് പിടിച്ചുനില്ക്കല് എന്നാണ്. ചില പ്രത്യേക കാര്യങ്ങളില് നിന്നും വിട്ടുനില്ക്കല് എന്ന് സാങ്കേതികാര്ഥം.

പ്രമാണങ്ങള്:

ഖുര്ആന് സത്യവിശ്വാസികളെ, നിങ്ങളുടെ മുന്ഗാമികള്ക്ക് നിര്ബന്ധമാക്കപ്പെട്ടതുപോലെ, എണ്ണപ്പെട്ട ചില ദിവസങ്ങളില് നിങ്ങള്ക്കും നാം നോമ്പിനെ നിര്ബന്ധമാക്കിയിരിക്കുന്നു. (2183)

സൂക്തത്തെ നമുക്ക് അഞ്ചുകാര്യങ്ങളില് സംഗ്രഹിക്കാം.

1 അഭിസംബോധന വിശ്വാസികളോടായത് കാരണം വിശ്വാസം കൈമുതലുണ്െങ്കിലേ കര്മ്മങ്ങള് സ്വീകാര്യമാവൂ.

2 നോമ്പ് സത്യവിശ്വാസികള്ക്ക് നിര്ബന്ധമാണ്.

3 പൂര്വ്വികര്ക്കും നോമ്പ് നിര്ബന്ധകര്മ്മമായിരുന്നു.

4 തഖ്വ: ഒരു വിശ്വാസിയുടെ പരമമായ ലക്ഷ്യമാണു ദൈവഭക്തി.

5 നോമ്പിന്റെ ദിവസങ്ങള് എണ്ണപ്പെട്ടതാണ്. അത് ഒരുമാസക്കാലമാണെന്ന് 2185ാം സൂക്തത്തില് നിന്നും വ്യക്തം.