ഓണ്‍ലൈന്‍ മുശാഅറ ഇന്ന് (10.02.2010)


കോഴിക്കോട്: ഇസ്‍ലാമിക് ക്ലാസ് റൂമിന്‍റെ (ഓണ്‍ലൈന്‍ ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മുശാഅറ ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം പത്ത് മണിക്ക് ക്ലാസ്റൂമില്‍ നടക്കും. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള അറബി ഭാഷാ പണ്ഡിതരാണ് കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഏറ്റുമുട്ടുന്നത്. മുഹമ്മദ് നൂര്‍ ഫൈസി (റാസല്‍ഖൈമ), എ. റഹ്‍മാന്‍ ഫൈസി (റാസല്‍ഖൈമ), അബ്ദുല്‍ കരീം ഫൈസി (ജിദ്ദ), ഖാസിം ദാരിമി (ദമാം), മുജീബ് റഹ്‍മാനി (ജിദ്ദ), യാസിര്‍ ഹുദവി (സബീലുല്‍ ഹിദായ), ജഅഫര്‍ വാഫി (ജിദ്ദ), ഫവാസ് ഹുദവി (റിയാള്), മജീദ് ദാരിമി (കുവൈത്ത്), സാദിഖ് ഫൈസി (മലേഷ്യ), റഷീദ് ഹുദവി വേങ്ങൂര്‍ (ജെ.എന്‍ . യു., ഡല്‍ഹി) തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മുസ്തഫ ഹുദവി മുംബൈ അറിയിച്ചു. കേരള ഇസ്‍ലാമിക് ക്ലാസ് റൂം ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍ (അല്‍ഐന്‍ ) മുശാഅറ നിയന്ത്രിക്കും.

ചരിത്രത്തിലാദ്യമായി നടക്കുന്ന ഓണ്‍ലൈന്‍ മുശാഅറ എന്ന പ്രത്യേകത ഈ പ്രോഗ്രാമിനുണ്ട്. ഈ പ്രോഗ്രാമിനു ഓണ്‍ലൈന്‍ വേദിയൊരുക്കുന്ന കേരള ഇസ്‍ലാമിക് ക്ലാസ് റൂം നേരത്തെ സുന്നി മുജാഹിദ് പണ്ഡിതരെ പങ്കെടുപ്പിച്ച് ഓണ്‍ലൈന്‍ സംവാദവും സംഘടിപ്പിച്ചു ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടെ അനന്ത സാധ്യതകള്‍ ഇസ്‍ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്ത് ഉപയോഗപ്പെടുത്തുവാനുള്ള ഒരു കൂട്ടം സുന്നി പ്രവര്‍ത്തകരുടെ ശ്രമഫലമായി രൂപപ്പെട്ട ആഗോള കൂട്ടായ്മയാണ് കേരള ഇസ്‍ലാമിക് ക്ലാസ് റൂം. വിവിധ ചര്‍ച്ചകളും പഠനങ്ങളും സംശയ നിവാരണങ്ങളും ഇസ്‍ലാമിക വിനോദങ്ങളുമായി ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും ഹൃദ്യമായ വിജ്ഞാന വിരുന്നൊരുക്കുന്ന കേരള ഇസ്‍ലാമിക് ക്ലാസ് റൂം ബൈലക്സ് മെസഞ്ചര്‍ ഉപയോഗിച്ചാണ് സംവിധാനിച്ചിരിക്കുന്നത്. ജോയിന്‍ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും റൂമിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് www.keralaislamicroom.com സന്ദര്‍ശിക്കുക.