ജാമിഅ മില്ലിയ്യ, അലിഗഡ്‌ ന്യൂനപക്ഷ പദവി: കേന്ദ്ര സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണം -ട്രെന്റ്‌ ദേശീയ സമിതി

കോഴിക്കോട്‌ : മുസ്‌ലിംകളാദി ന്യനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിച്ച രാജ്യത്തെ മികച്ച സര്‍വ്വകലാശാലകളായ ഡല്‍ഹി ജാമിഅ മില്ലിയ്യ, അലിഗഡ്‌ സര്‍വ്വകലാശാലകള്‍ക്ക്‌ ന്യൂനപക്ഷ പദവി നല്‍കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ട്രെന്റ്‌ ദേശീയ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ പിന്നാക്ക വിഭാഗമായ മുസ്‌ലിംകള്‍ തന്നെയാണ്‌ വിദ്യാഭ്യാസ വിദ്യാഭ്യസ പരമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നതെന്നാണ്‌ ജസ്റ്റിസ്‌ മിശ്ര കമ്മീഷന്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്‌. ജാമിഅ മില്ലിയ്യ, അലിഗഡ്‌ സര്‍വ്വകലാശാലകള്‍ക്ക്‌ നിയമപരമായി പ്രത്യേക ഉത്തരവാദിത്തം നല്‍കണമെന്ന്‌ മിശ്ര കമ്മീഷന്‍ ഊന്നിപ്പറഞ്ഞത്‌ ശ്രദ്ധേയമാണ്‌. ഈ സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ക്ക്‌ ന്യൂനപക്ഷ പദവി നല്‍കാന്‍ യു.പി.എ സര്‍ക്കാര്‍ ഇടപെടണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. കേരളാ കാമ്പസ്‌ വിംഗ്‌ ക്യാമ്പ്‌ ഫെബ്രുവരി 12,13,14 തിയ്യതികളില്‍ മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യയില്‍ നടക്കും.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ വര്‍.സെക്രട്ടറി ബശീര്‍ പനങ്ങാങ്ങരയുടെ അധ്യക്ഷതയില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ റഹ്‌മത്തുല്ലാഹ്‌ ഖാസിമി മൂത്തേടം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. റഹീം ചുഴലി സ്വാഗതവും ഖയ്യൂം കടമ്പോട്‌ നന്ദിയും പറഞ്ഞു.