കേന്ദ്ര മദ്രസാ നവീകരണ പദ്ധതി സംസ്ഥാനത്ത് അവതാളത്തില്‍

തിരുവനന്തപുരം : ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസന പദ്ധതി പ്രതിസന്ധിയിലാക്കിയ അതേരീതിയിലുള്ള ഉദ്യോഗസ്ഥ അനാസ്ഥ മദ്രസാ നവീകരണ പദ്ധതിയിലും. മദ്രസകളില്‍ ആധുനിക വിദ്യാഭ്യാസവും അടിസ്ഥാനസൌകര്യ വികസനവും ലക്ഷ്യമിടുന്ന പദ്ധതിയിലെ അപേക്ഷകള്‍ പരിശോധിക്കാന്‍ ഡി.ഡിമാര്‍ തയാറായില്ല.

വ്യാപക തെറ്റുകള്‍ സഹിതം ഡി.പി.ഐ ഓഫിസിലെത്തിച്ച അപേക്ഷകള്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ജില്ലാ ഓഫിസുകളിലേക്ക് തിരിച്ചയച്ചു. എന്നാല്‍ കോഴിക്കോട്, കണ്ണൂര്‍ ഡി.ഡിമാര്‍ ഇതുവരെ ഇത്ഏറ്റെടുക്കാന്‍ പോലും തയാറായില്ല. പത്ത് ദിവസത്തിനകം ഇവ തിരുത്തി ഡി.പി.ഐ ഓഫിസില്‍ തിരിച്ചുകിട്ടിയില്ലെങ്കില്‍ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന് കോടികളുടെ കേന്ദ്ര സഹായം നഷ്ടമാകും. നാല് ലക്ഷം രൂപയാണ് ഇക്കൊല്ലം ഒരു മദ്രസക്ക് ലഭിക്കുക.

നാല് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 72,000 രൂപയായിരുന്നു കേന്ദ്രം ഒരു മദ്രസക്ക് നല്‍കിയിരുന്നത്. മദ്രസകളില്‍ മാത്സും സയന്‍സും പ്രത്യേകം പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനായാണ് തുക. പി.ജിയും ബി.എഡുമുള്ള ഒരു അധ്യാപകന് മാസം 6,000 രൂപ നല്‍കണം. എന്നാല്‍ ഇക്കൊല്ലം മുതല്‍ ഇതില്‍ അടിസ്ഥാന വികസനത്തിനുള്ള സഹായം കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചു.

അധ്യാപകരുടെ ശമ്പളം ഇരട്ടിയാക്കിയിട്ടുമുണ്ട്. മദ്രസയില്‍ ലാബ്, ലൈബ്രറി തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് തുക വര്‍ധിപ്പിച്ചത്. പഠിപ്പിക്കേണ്ട വിഷയങ്ങളില്‍ സോഷ്യല്‍ സയന്‍സ്, ഹിന്ദി, ഐ.ടി എന്നിവ കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എണ്ണം പോലുള്ള പ്രാഥമിക വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ അപേക്ഷയായിരുന്നു കഴിഞ്ഞവര്‍ഷം വരെ നല്‍കിയിരുന്നത്. ഇത്തവണ അടിസ്ഥാന സൌകര്യങ്ങളുടെ വിവരങ്ങളും പ്രത്യേക ഫോമില്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇതു ശ്രദ്ധിക്കാതെയാണ് ഇത്തവണ എല്ലാ അപേക്ഷകളും വന്നത്. ഇങ്ങനെ തിരിച്ചയച്ച അപേക്ഷകളാണ് ഡി.ഡിമാര്‍ അവഗണിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് 800 ഓളം അപേക്ഷകളുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് ശരാശരി 50 വീതവും. രണ്ട് ജില്ലകള്‍ ഇനിയും ഇത് കൈപ്പറ്റിയിട്ട് പോലുമില്ല. ഇതില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് കടുത്ത അനാസ്ഥയാണ് പദ്ധതിയുടെ കാര്യത്തിലുണ്ടാകുന്നത്. കഴിഞ്ഞവര്‍ഷം പദ്ധതിപ്രകാരം അനുവദിച്ച തുക പൂര്‍ണമായി മദ്രസകള്‍ക്ക് കൊടുത്തില്ല. ഇതില്‍ 14 ലക്ഷത്തോളം ഡി.പി.ഐ ഓഫിസില്‍ ഡി.ഡി തിരിച്ചടക്കുകയും ചെയ്തു.

പരിശോധിച്ച് തെറ്റുതിരുത്തേണ്ട ഡി.ഡിമാര്‍ അതില്‍ അനാസ്ഥ കാട്ടിയതാണ് സെപ്റ്റംബറില്‍ നടപടി തുടങ്ങിയ ഈ പദ്ധതിയും എങ്ങുമെത്താതിരിക്കാന്‍ കാരണം.