നന്തി ജാമിഅ ദാറുസ്സലാം സനദ്ദാന സമ്മേളനം തുടങ്ങി

കൊയിലാണ്ടി : നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ കോളജിന്റെ 34 ാം വാര്‍ഷിക സനദ്ദാന സമ്മേളനം സാദിഖ്അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സ്വന്തമായൊരു സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതില്‍ മത^ധാര്‍മിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദേഹം പറഞ്ഞു.

ഇസ്ലാമിക നവോത്ഥാനത്തിന്റെ പേരില്‍ പല പരീക്ഷണങ്ങളും നടന്നെങ്കിലും ഇസ്ലാമിന്റെ തനിമയാര്‍ന്ന സല്‍സ്വഭാവം മാറ്റാന്‍ കഴിയുന്നതല്ല. വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സാമ്പത്തിക ദര്‍ശനത്തിലൂടെ മാത്രമേ ലോക സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ കഴിയുകയുള്ളൂ^ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എം.പി. അബ്ദുസ്സമദ് സമദാനി പ്രമേയ പ്രഭാഷണം നടത്തി. വര്‍ഗീയതയുടെ അടിസ്ഥാനകാരണം അജ്ഞതയാണ്. വര്‍ഗീയത മനസ്സില്‍ നിന്നു തുടച്ചുനീക്കാന്‍ അറിവിന്റെ വെളിച്ചം പകരണം. എല്ലാ മതങ്ങളും മാനവരാശിയുടെ നന്മക്കു വേണ്ടിയാണ് നിലകൊള്ളുന്നത്^ സമദാനി പറഞ്ഞു.

കോഴിക്കോട് ഖാദി ജമലുല്ലൈലി മുഹമ്മദ്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ.കെ. ബാവ, പി.പി. അന്ത്രുഹാജി, ശുഐബ് വാരാമ്പറ്റ, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍, പൂവ്വത്തിക്കല്‍ മുഹമ്മദ് ഫൈസി, മഹമൂദ് സഅദി, മുസ്തഫ മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു. ടി.വി. അഹമ്മദ് ദാരിമി സ്വാഗതം പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് സുവനീര്‍ എം.പി. അബ്ദുസ്സമദ് സമദാനി അലിഹസ്സനു നല്‍കി പ്രകാശനം ചെയ്തു. ഡോക്യുമെന്ററി പി.കെ.കെ. ബാവ അന്ത്രുഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. കന്നട സുവനീറും പ്രകാശനം ചെയ്തു.