നിര്‍ധന വൃക്കരോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഡയാലിസിസ് പദ്ധതി

പെരിന്തല്‍മണ്ണ : നിര്‍ധനരായ 10,000 വൃക്കരോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഡയാലിസിസ് പദ്ധതി നിര്‍ധനരും നിരാലംബരുമായവരുടെ ചികിത്സയും ക്ഷേമവും ലക്ഷ്യമാക്കി എസ്.കെ.എസ്.എസ്.എഫ്. റിലീഫ് സെല്‍ വിഭാഗമായ സഹചാരി റിലീഫ് സെല്‍ ആണ് ഈ ക്ഷേമ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇതുസംബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ഘടകവും അല്‍ശിഫാ ആശുപത്രിയും ചേര്‍ന്ന് ധാരണാപത്രം ഒപ്പുവെച്ചു.
എസ്.കെ.എസ്.എസ്.എഫിനു വേണ്ടി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ആശുപത്രി മാനേജിങ്ങ് ഡയറക്ടര്‍ പി. ഉണ്ണീനുമാണ് ധാരണാപത്രം ഒപ്പുവെച്ചത്. പദ്ധതി വഴി 10,000 നിര്‍ധനരായ വൃക്കരോഗികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഡയാലിസിസ് നടക്കാനാകും. ശിഫാ കിഡ്നി ഫൌണ്ടേഷനാണ് ആശുപത്രിയിലെ ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ ചുമതല. ചടങ്ങില്‍ നാസര്‍ ഫൈസി കൂടത്തായി, ഹബീബ് ഫൈസി കോട്ടോപ്പാടം, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, ആശുപത്രി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.