സി.എം. അബ്ദുല്ല മുസ്‍ലിയാരുടെ മരണത്തിന്‍റെ ദുരൂഹത പുറത്തുകൊണ്ടുവരണം - എസ്.വൈ.എസ്. ജിദ്ദ കമ്മിറ്റി

ജിദ്ദ : ശാന്ത പ്രകൃതനും വിവിധ ഭാഷകളിലും വിജ്ഞാന ശാഖകളിലും അഘാത പാണ്ഡിത്യവുമുണ്ടായിരുന്ന സി.എം. ഉസ്താദിന്‍റെ വിയോഗം സമസ്തക്ക് മാത്രമല്ല, സമുദായത്തിന് തന്നെ തീരാനഷ്ടമാണെന്ന് എസ്.വൈ.എസ്. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി അടിയന്തിര യോഗം അഭിപ്രായപ്പെട്ടു. സത്യസന്ധമായ അന്വേഷണങ്ങളിലൂടെ അദ്ദേഹത്തിന്‍റെ മരണത്തിന്‍റെ പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്തയില്‍ നിന്ന് എതിരാളികള്‍ വ്യാജരേഖയിലൂടെ പിടിച്ചെടുത്ത കാസര്‍കോട് ജാമിഅ സഅദിയ്യ കോളേജിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നിലനില്‍ക്കെ സാക്ഷി വിസ്താരം നടക്കുന്ന ദിവസം തന്നെ പ്രധാന സാക്ഷിയായ ഉസ്താദിന്‍റെ വിയോഗം ഒട്ടേറെ സംശയങ്ങള്‍ക്കിട നല്‍കുന്നതാണെന്നും സമസ്തയുടെ പ്രവര്‍ത്തന പാതയില്‍ എന്നും പ്രസിസന്ധികള്‍ തീര്‍ത്ത ഇരുട്ടിന്‍റെ ശക്തികളുടെ കറുത്ത കരങ്ങളിലേക്ക് തന്നെയാണ് ഇവിടെയും സംശയങ്ങള്‍ ഉയരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

ശറഫിയ്യ ദാറുല്‍ ഇഹ്‍സാനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് സയ്യിദ് ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഫൈസി കുളപ്പറന്പ്, മുസ്തഫ ഫൈസി ചേറൂര്‍ , അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍ , അബൂബക്കര്‍ ദാരിമി ആലംപാടി, ഇ.കെ. അലി ഹസന്‍ , സൈതലവി പൂന്താനം, ടി.കെ. മുഹമ്മദ് കുട്ടി, കുഞ്ഞിമുഹമ്മദ് കാരത്തോട്, ശിഹാബ് കുഴിഞ്ഞൊളം, പി.ടി. മുസ്തഫ, മുസ്തഫ അന്‍വരി, സി.എച്ച്. നാസര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും സെക്രട്ടറി ഷൌക്കത്ത് പോരൂര്‍ നന്ദിയും പറഞ്ഞു.