നഷ്ടമായത് പ്രാര്‍ഥനാസദസ്സുകളിലെ സൂഫി സാന്നിധ്യം

കാളികാവ്: പ്രാര്‍ഥനാസദസ്സുകളിലെ സക്രിയ സാന്നിധ്യമാണ് പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ കെ.പി. കുഞ്ഞാപ്പ മുസ്‌ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായത്. ആത്മീയ വിഷയങ്ങളില്‍ അവഗാഹമുണ്ടായിരുന്ന കുഞ്ഞാപ്പ മുസ്‌ലിയാര്‍ സര്‍വമതസ്ഥര്‍ക്കിടയിലും അംഗീകരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു.

പള്ളിയിലെ ചെറിയ മുറിയില്‍ ഒതുങ്ങിയ ജീവിതമായിരുന്നു മുസ്‌ലിയാരുടേത്. ലളിത ജീവിതം, ലഘുഭക്ഷണം, മിതഭാഷണശൈലി ... കുഞ്ഞാപ്പ മുസ്‌ലിയാരെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തിയതിവയൊക്കെയായിരുന്നു. സ്ഥാനാമാനങ്ങളില്‍ നിന്നും ധനസമ്പാദനത്തില്‍ നിന്നും അകന്നു നില്‍ക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഖാസി സ്ഥാനത്തിന് പുറമെ കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്മാലിക് സെന്റര്‍ വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമാണ് വഹിച്ചിരുന്നത്. ജീവിത മാര്‍ഗത്തിനായി പള്ളിയില്‍ നിന്ന് ലഭിച്ചിരുന്നത് തുച്ഛമായ ശമ്പളവും. ഒരാളില്‍ നിന്നും പാരിതോഷികമോ മറ്റു പ്രതിഫലങ്ങളോ സ്വീകരിച്ചിരുന്നില്ല.

1971 മുതല്‍ 40 വര്‍ഷമായി നീലാഞ്ചേരി ഖാസിയായി തുടരുന്ന കുഞ്ഞാപ്പ മുസ്‌ലിയാര്‍ക്ക് ഒരിക്കലും സ്ഥാനചലനം ഉണ്ടായിട്ടില്ല. കുടുംബങ്ങള്‍ക്കും അയല്‍ക്കാര്‍ക്കുമിടയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളിലെ അന്തിമവാക്ക് കുഞ്ഞാപ്പ മുസ്‌ലിയാരുടേതായിരുന്നു.

ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ഇസ്‌ലാമിക വേദികളില്‍ പ്രാര്‍ഥന നിര്‍വഹിക്കുന്നത് കുഞ്ഞാപ്പ മുസ്‌ലിയാരായിരുന്നു.

സൂഫിവര്യനായ കുഞ്ഞാപ്പ മുസ്‌ലിയാര്‍ നേതൃത്വം നല്‍കിയിരുന്ന പ്രാര്‍ഥനാസദസ്സുകളില്‍ വന്‍ജനക്കൂട്ടം പങ്കെടുത്തിരുന്നു. പുണ്യഭൂമിയായ മക്കയില്‍ വെച്ച് മരണം വരിക്കണമെന്ന ആഗ്രഹം മാത്രമാണ് മുസ്‌ലിയാര്‍ക്ക് ജീവിതത്തില്‍ ആകെയുണ്ടായിരുന്നത്. മക്കയില്‍ പോയ അദ്ദേഹം പൂര്‍ണമായും മസ്ജിദുല്‍ ഹറമില്‍ പ്രാര്‍ഥനയില്‍ കഴിച്ച്കൂട്ടി. പ്രമേഹ സംബന്ധമായ രോഗംമൂര്‍ഛിച്ചതിനെത്തുടര്‍ന്നാണ് നാട്ടിലേക്ക് തന്നെ മടങ്ങിയത്.

മുസ്‌ലിയാരുടെ മരണവാര്‍ത്തയറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെയാളുകളാണ് എത്തുന്നത്. 40 വര്‍ഷം സേവനം അനുഷ്ഠിച്ച നീലാഞ്ചേരിപള്ളിയുടെ ഖബര്‍സ്ഥാനില്‍ തന്നെയാണ് അന്ത്യവിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളത്.