തറാവീഹ് ഒരു വിശകലനം.

പരിശുദ്ധ റമളാനിനൊപ്പം അടുത്തകാലത്തായി ചില വിവാദങ്ങളും മുസ്ലിം സമുദായത്തിലേക്ക് കടന്നുവരുന്നു. ചിലര് കടത്തിക്കൂട്ടുന്നു! റമളാനിലെ ചന്ദ്രപ്പിറവി, സകാത്തിന്റെ ശേഖരണവും വിതരണവും, തറാവീഹ് നിസ്കാരം, അതിന്റെ റക്അത്തുകളുടെ എണ്ണം മുതലായവ അക്കൂട്ടത്തില്പ്പെടുന്നു. യാതൊരു തത്ത്വദീക്ഷയുമില്ലാതെ പരിശുദ്ധ ദീനില് തോന്നിയതു പോലെ ഓരോരുത്തരും പറയാന് തുടങ്ങിയതാണിതിന് അടിസ്ഥാന കാരണം.

മുന്കാല മുജാഹിദുകള്ക്ക് ചില മാദനണ്ഡങ്ങളുണ്ടായിരുന്നുവെങ്കില്, പുതിയ തലമുറക്ക് അത്തരം മാനദണ്ഡങ്ങളൊന്നും ബാധകമല്ലെന്ന മട്ടിലാണ് പോക്ക്. ഉദാഹരണത്തിന് നമുക്ക് തറാവീഹ് പരിശോധിക്കാം. എത്ര 'ഖൗലു'കളാണ് ഒരൊറ്റ വിഷയത്തില് ഇതിനകം ഇവര് പ്രകടിപ്പിച്ചതെന്നോ? അടുത്ത കാലത്തുണ്ടായ തെറ്റിപ്പിരിയലിന് പോലും മുഖ്യ ഹേതു മടവൂരിന്റെ തറാവീഹ് സംബന്ധമായ പുസ്തകമാണല്ലോ? ഇപ്പോഴും വിവാദം കെട്ടടങ്ങിയിട്ടുമില്ല.

നോമ്പും തറാവീഹുമൊക്കെ വിശ്വാസിയുടെ പാരത്രിക ജീവിതം സുഭദ്രമാക്കും. അതിനു വേണ്ടിയാണ് അല്ലാഹു അവ നിശ്ചയിച്ചു തന്നിട്ടുള്ളത്. പക്ഷേ, ഇവിടെയും മുസ്ലിം സമൂഹത്തെ കര്മനിരതരാക്കുന്നതിന് പകരം അവരെ പുറകോട്ടു പിടിച്ചുവലിക്കാനാണ് കേരളത്തിലെ ബിദഇകള് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇസ്ലാമിന്റെ പേരുപറഞ്ഞ് പ്രവര്ത്തിക്കുന്ന ഇവര് ഒരു പ്രവാചക ചര്യ നിലനിര്ത്തുന്നതിന് പകരം അത് തിരസ്കരിക്കാനാണ് ഊര്ജ്ജവും, വിഭവവുമെല്ലാം വിനിയോഗിക്കുന്നത്. മുജാഹിദുകളുടെ സാന്നിധ്യം കേരളത്തിലറിയിച്ചതിന് ശേഷം ഇക്കാലയളവില് ഒന്നിലധികം അഭിപ്രായങ്ങള് തറാവീഹ് നമസ്കാരത്തിന്റെ കര്യത്തില് മാത്രം ഇവര് പ്രകടിപ്പിച്ചുകഴിഞ്ഞു.

അവസാനം, ഇപ്പോള് എത്തിനില്ക്കുന്നത് നിഷേധത്തിലാണ്. ഒരു സുന്നത്തിനെ നിഷേധിക്കാന് ഒരു സംഘടനയുടെ ആവശ്യമുണേ്ടാ? രണ്ട് കാര്യമാണിവിടെ ചര്ച്ച ചെയ്യാനുദ്ദേശിക്കുന്നത്. തറാവീഹ് എന്നൊരു നമസ്കാരം പ്രത്യേകമായി റമളാനിലുണേ്ടാ എന്നതാണതിലൊന്ന്. അതിന്റെ റക്അത്തുകളെ കുറിച്ചാണ് മറ്റൊന്ന്.

റമളാനില് ഒരു പ്രത്യേക നിസ്കാരമില്ലെന്ന നിഷേധ നിലപാട് അപകടകരവും അതിലുപരി അജ്ഞതയും നിറഞ്ഞതാണ്. കാരണം, പ്രത്യേക നിസ്കാരമില്ലെന്ന വാദത്തിനെതിരാണ് അവരുടെ പ്രവര്ത്തനം. അങ്ങനെ ഒരു പ്രത്യേക നിസ്കാരമില്ലെങ്കില് പിന്നെയെന്തിന് ബിദഇകള് അവരുടെ പള്ളികളില് റമളാനില് മാത്രം ഇങ്ങനെ ജമാഅത്തായി നിസ്കരിക്കണം?

നിരവധി ഹദീസുകള് പ്രസ്തുത വാദത്തെ- റമളാനില് പ്രത്യേക നമസ്കാരമില്ലെന്ന വാദത്തെ- തകര്ക്കുന്നു.

) നബി () പറഞ്ഞു: ''ആരെങ്കിലും ഒരാള് വിശ്വസിച്ചവനായും പ്രതിഫലം പ്രതീക്ഷിച്ചവനായും റമളാനില് നിന് നിസ്കരിച്ചാല് അവന്റെ കഴിഞ്ഞുപോയ പാപങ്ങളും വരാനിരിക്കുന്ന പാപങ്ങളും പൊറുക്കപ്പെടും'' (ബുഖാരി).

ബി) ''നിശ്ചയം അല്ലാഹു നിങ്ങളുടെ മേല് റമളാനിലെ നോമ്പിനെ ഫര്ളാക്കിയിരിക്കുന്നു. ഞാന് നിങ്ങള്ക്ക് അതിന്റെ രാത്രിയിലെ നിസ്കാരത്തെയും സുന്നത്താക്കിയിരിക്കുന്നു'' (ഇബ്നുമാജ)

സി) ''..... പിന്നെ നബി() പറഞ്ഞു: നിശ്ചയം റമളാന് മാസം ഒരു പ്രത്യേക മാസമാണ്. അതിലെ നോമ്പിനെ അല്ലാഹു ഫര്ളാക്കിയിരിക്കുന്നു. അതിന്റെ രാത്രിയിലെ നിസ്കാരത്തെ ഞാന് നിങ്ങള്ക്ക് സുന്നത്താക്കുകയും ചെയ്തിരിക്കുന്നു'' (ഇബ്നു ഖുസൈമ).

ഡി) അബൂഹുറൈറ()യില് നിന്ന് -നബി() പറഞ്ഞു: ''നിശ്ചയം അല്ലാഹു(സു) നിങ്ങളുടെ മേല് റമദാന് നോമ്പിനെ ഫര്ളാക്കുകയും ഞാന് നിങ്ങള്ക്ക് അതിലെ രാത്രി നിസ്കാരത്തെ സുന്നത്താക്കുകയും ചെയ്തിരിക്കുന്നു'' (ദാറഖുത്വ്നി)

) സല്മാനുല് ഫാരിസി ()യില് നിന്ന്: നബി() ഞങ്ങളോടൊരു ദിനം പ്രസംഗിച്ചു. അത് ശഅ്ബാന്റെ അവസാനത്തെ പകലിലായിരുന്നു. പ്രസംഗത്തില് നബി() പറഞ്ഞു: , ജനങ്ങളേ, നിങ്ങള് ക്കൊരു മഹത്തായ മാസം തണലിട്ടിരിക്കുന്നു. അത് വളരെ അനുഗൃഹീതമായൊരു മാസമാണ്. അതില് ആയിരം മാസത്തേക്കാള് ഉത്തമമായൊരു രാത്രിയുണ്ട്. മാസത്തിലെ നോമ്പിനെ അല്ലാഹു ഫര്ളാക്കുകയും അതിന്റെ രാത്രിയിലെ നിസ്കാരത്തെ സുന്നത്താക്കുകയും ചെയ്തിരിക്കുന്നു... (ബൈഹഖി).

എഫ്) നബി() പറഞ്ഞു: നിശ്ചയം! അല്ലാഹു നിങ്ങളുടെ മേല് റമളാന്റെ നോമ്പ് ഫര്ളാക്കിയിരിക്കുന്നു. ഞാന് നിങ്ങള്ക്കതിലെ രാത്രിയിലെ നിസ്കാരത്തെ സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. അതിനാല് ആരെങ്കിലും വിശ്വാസമര്പ്പിച്ചും കൂലി ആഗ്രഹിച്ചും വ്രതമനുഷ്ഠിച്ചാല് അവന്റെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങള് പൊറുക്കപ്പെടും.'' (ഇബ്നു അബീശൈബ:)

ഹദീസുകളില്നിന്നെല്ലാം റമളാനില് പ്രത്യേക നിസ്കാരമുണെ്ടന്ന് സ്പഷ്ടമാണ്. ആദ്യ കാലത്ത് മുസ്ലിംകളെ പോലെ ഇവിടത്തെ ബിദഇകളും തറാവീഹ് എന്ന പ്രത്യേക നിസ്കാരമുണെ്ടന്ന് അംഗീകരിച്ചിരുന്നു. ആദ്യകാല പാഠപുസ്തകത്തില് ഇങ്ങനെ കാണാം.

''3) തറാവീഹ് നിസ്കാരം: ഇത് ഇശാഇന്റെ ശേഷമാണ്. പക്ഷേ, റമളാനില് മാത്രമേയുള്ളൂ'' (കിതാബുല് അവ്വല് ഫില്അമലിയ്യാത്ത്- പേജ് 29 ഒന്നാം പതിപ്പ്).

1923 മാര്ച്ച്13ന് 1929ല് അടിച്ച 4-ാം പതിപ്പിലും ഇത് കാണാം.

ആദ്യകാല പ്രസിദ്ധീകരണങ്ങളില് നിന്ന്:-

1) ''സഹോദരങ്ങളെ! റസൂലുല്ലാഹി() ശഅ്ബാന്റെ അവസാനത്തെ ദിവസത്തില് റമളാന് മാസത്തിലെ നോമ്പിനെയും, അതിന്റെ രാവുകളില് പ്രത്യേകമായുള്ള നിസ്കാരത്തെയും സംബന്ധിച്ചു പ്രസംഗിക്കുക പതിവായിരുന്നു.'' (അല്മുര്ശിദ്, പുസ്തകം 1 പേ: 373)

2) ''പകല് വ്രതവും രാത്രിയില് ഒരു പ്രത്യേക നിസ്കാരവും ഉള്ക്കൊള്ളുന്ന റമളാന് മാസം എത്ര അനുഗ്രഹപൂര്ണമാണ്'' (അല്മനാര്).

3) റമളാന്റെ രാത്രികളില് പ്രത്യേകതയുള്ള സുന്നത്ത് നിസ്കാരം എല്ലാവരും കഴിയും പോലെ നിര്വഹിക്കുകയും ചെയ്യുക'' (അല്മനാര്, പുസ്തകം 1, ലക്കം 6)

നാലു മദ്ഹബുകളിലെയും ഫുഖഹാക്കള് അവരുടെ ഗ്രന്ഥങ്ങളില് സുന്നത്ത് നിസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന കൂട്ടത്തില് തറാവീഹിനെ വേറെത്തന്നെ എണ്ണിപ്പറഞ്ഞു വിവരിക്കുന്നുണ്ട്.

ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ലാമിഉദ്ദിറാറി 2/86-ല് തറാവീഹ് റമളാനിന്റെ മാത്രം പ്രത്യേകതയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഇമാം നവവി() പറയുന്നു: 'ഖിയാമു റമളാന്' കൊണ്ടുള്ള വിവക്ഷ തറാവീഹ് നിസ്കാരമാണ്'' (ശറഹു മുസ്ലിം- 1/256)

''ഖിയാമു റമളാന് കൊണ്ടുള്ള വിവക്ഷ തറാവീഹ് നിസ്കാരമാണെന്ന കാര്യത്തില് പണ്ഡിതര്ക്ക് ഏകാഭിപ്രായമാണുള്ളത്'' (കിര്മാനി 9/151)

എന്നാല്, വളരെ വിചിത്രമായ ഒരു നിലപാടാണ് മുജാ-ജമകള് വെച്ചുപുലര്ത്തുന്നത്. അവരുടെ നിലപാട് അവര് വിവരിക്കുന്നതിങ്ങനെ.

''സംശയം: 1) ഖിയാമുല്ലൈല്, തഹജ്ജുദ്, വിത്ര്, തറാവീഹ്, ഖിയാമുറമളാന് എന്നീ പേരുകളില് അറിയപ്പെടുന്ന നിസ്കാരങ്ങള് അവയുടെ റക്അത്തുകളുടെ എണ്ണത്തിലുള്ള വ്യത്യാസങ്ങള് വിവരിക്കാമോ?

നിവാരണം: സംശയം ഒരു തെറ്റിദ്ധാരണയില് നിന്ന് ഉത്ഭവിച്ചതാണ്. രാത്രികാലങ്ങളില് നിര്വഹിക്കപ്പെടുന്ന പ്രബലമായൊരു സുന്നത്ത് നിസ്കാരത്തിന്റെ തന്നെ പേരുകളാണ് പറഞ്ഞതെല്ലാം. അല്ലാതെ വ്യത്യസ്തമായ വെവ്വേറെ നിസ്കാരങ്ങളല്ല. തറാവീഹ് റമദാനില് മാത്രമുള്ള ഒരു നിസ്കാരമാണെന്ന ധാരണയും തെറ്റിദ്ധാരണയുടെ ഫലമാണ്. അതിനാല് അവയുടെ റക്അത്തിന്റെ എണ്ണത്തില് വ്യത്യാസമുണ്ടാവുന്ന പ്രശ്നമില്ല.

സംശയം (2)- എന്നാല് ഒരേ നിസ്കാരത്തിന് തന്നെ ഇങ്ങനെ പല പേരുകളും വരാന് കാരണമെന്ത്?

നിവാരണം: രാത്രി നമസ്കരിക്കുന്ന നമസ്കാരമായതിനാല് 'ഖിയാമുല്ലൈല്' എന്ന് പറയുന്നു. നിസ്കാരം ഉറങ്ങിയതിന് ശേഷം നിര്വഹിക്കുകയാണെങ്കില് തഹജ്ജുദ് എന്നും, അവസാനം ഒറ്റയായി നിസ്കരിക്കുന്നത് കൊണ്ട് 'വിത്ര് ' എന്നും, റമദാന് രാത്രികളില് നിര്വഹിക്കുന്നത് കൊണ്ട് 'ഖിയാമു റമദാന്' എന്നും വിശ്രമിക്കാനുള്ള ഇടവേളകളുള്ളത് കൊണ്ട് തറാവീഹ് എന്നും നിസ്കാരം പല പേരുകളില് വിളിക്കപ്പെടുന്നു.....

(അല്മനാര് 1984 ജൂണ്, പേജ് 49-50)

1923ലെയും 1929ലെയും പാഠപുസ്തകം, ആദ്യകാല മാസികയായിരുന്ന 'അല്മുര്ശിദ്', ഇപ്പോഴും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന 'അല്മനാറി'ന്റെ പഴയ ലക്കങ്ങള് എന്നിവയെല്ലാം തറാവീഹ് റമദാനിന്റെ മാത്രം സവിശേഷതയായുള്ള നിസ്കാരമാണെന്ന് എടുത്തു പറയുന്നു!

നബി()യുടെ കാലം മുതല് 1984 വരെയുള്ള അവസ്ഥയാണ് വിവരിച്ചത്. 1984ല് നാം കാണുന്നതും കേള്ക്കുന്നതും അടിമുടി വിചിത്രമായ ഒരു വാദഗതിയാണ്. തറാവീഹ് എന്ന പ്രത്യേകമായൊരു നിസ്കാരം തന്നെ ഇല്ലപോല്!

നിലവില് ഹദീസിന്റെ കിതാബുകളിലില്ലാത്ത പുതിയ ഹദീസുകള് ആരാണാവോ ഇവര്ക്ക് നൂലില് കെട്ടി മുജാഹിദ് സെന്ററിലേക്കും മര്കസുദ്ദഅ്വയിലേക്കും ഇറക്കിക്കൊടുത്തത്? അല്ലെങ്കില് നിലവിലുള്ള ഏത് ഹദീസിന്റെ അടിസ്ഥാനത്തിലാണിങ്ങനെ പറയുന്നതെന്ന് വ്യക്തമാക്കേണ്ട ബാധ്യത ഇവിടത്തെ ബിദഇകള്ക്കുണ്ട്. അവരത് വ്യക്തമാക്കട്ടെ, അപ്പോളതിനെ കുറിച്ച് നമുക്ക് ചിന്തിക്കാം.

ഇനി റക്അത്തിന്റെ എണ്ണത്തെക്കുറിച്ച ചര്ച്ചയാണെങ്കിലോ? അതേറെ രസാവഹവും അതിലേറെ വിചിത്രകരവുമാണ്