നോമ്പിലെ ആന്തരിക ഗുണങ്ങള്

ആത്മസംസ്കരണമാണ് നോമ്പിന്റെ സുപ്രധാന ധര്മം. സംസ്കരിക്കപ്പെട്ട മനസ്സിലേ ദൈവസാന്നിധ്യവും സ്വഭാവഗുണങ്ങളും തെളിയൂ. ഒട്ടുമിക്ക തികളുടെയും പ്രേരകമായ ദേഹേച്ഛക്കും അതിന്റെ പ്രയോക്താവായ പിശാചിനുമെതിരെയുള്ള ഏറ്റവും കനപ്പെട്ട ചെറുത്തുനില്പ്പാണ് വ്രതം.

രണ്ടുതരം സ്വഭാവ പ്രകൃതികളുടെ സമന്വയമാണ് മനുഷ്യന്. ജീവിതപശ്ചാത്തലമായ മൃഗങ്ങളുടെ ലോകത്ത് അവന് നിലനില്ക്കാനുപോല്ബലകമായ ഭക്ഷണം, ദാമ്പത്യം എന്നിവയാണൊന്നാമത്തേത്. രണ്ടാമത്തേത് അഭൗതിക ലോകവുമായി അവനെ ബന്ധിപ്പിക്കുന്ന ആത്മാവും. ആരാധന, ആദര്ശബോധം തുടങ്ങിയവ ഇതുമായി ബന്ധപ്പെടുന്നു. ആത്മാവിന്റെ അന്നമാണ് ആരാധനകള്. രണ്ട് ലോകങ്ങളെ പ്രതിനീധീകരിക്കുന്ന സ്വഭാവങ്ങളില് ആത്മാവിന്റെ പുരോഗതിയും നേട്ടവുമാണ് മനുഷ്യന്റെ ലക്ഷ്യം. ഭൗതിക പ്രചോദനങ്ങളായ ആഹാരവ്യവഹാരങ്ങളതിനുള്ള വഴികളോ വാഹനങ്ങളോ ആണ്. മാര്ഗവും ലക്ഷ്യവും ഒരുപോലെ പ്രധാനമാണ്. ഒന്നിനോടുള്ള ആഭിമുഖ്യം രണ്ടാമത്തേതിനെ അവഗണിക്കപ്പെടാനനുവദിക്കാതെ ആത്മനിയന്ത്രണം വഴി അവയുടെ പരസ്പര സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാന് കഴിയണം. നിശ്ചിത സമയം ഭക്ഷണ പാനീയങ്ങളുപേക്ഷിക്കുന്നതിലൂടെ ഭൗതിക ലോകത്ത് പാദമൂന്നിക്കൊണ്ട് തന്നെ സ്വയം ആത്മീയ ലോകത്തേക്കുയരാനും, അങ്ങനെ ംകൊണ്ട് മനുഷ്യനായ ഒരുത്തന് ഭക്ഷണം, സംഭോഗം തുടങ്ങിയ മാനുഷിക ദൗര്ബല്യങ്ങളൊന്നുമില്ലാത്ത മാലാഖമാരുടെ ലോകവുമായി സമാനത പുലര്ത്താനും തന്റെ ഇഛാശക്തികൊണ്ട് സാധ്യമാവുമെന്ന് തിരിച്ചറിയാന് കഴിയുന്നു.

അനുസരണത്വം

ഇസ്ലാം എന്ന പദത്തിന്റെ അര്ത്ഥമായ അനുസരണ ഏറ്റവും കൂടുതല് സ്ഫുരിച്ചു നില്ക്കുന്നത് നോമ്പിലാണ്. ശരീരേഛകള്ക്ക് കീഴ്പ്പെടാന് സന്നദ്ധനാവുന്ന പക്ഷം അതിനുവേണ്ടി മൃഗങ്ങള്ക്കപ്പുറം, പിശാചിന്റെ പാതാളം വരെ അധ:പതിച്ച് ഏത് നെറികേടുകളും ചെയ്യാന് മനുഷ്യന് മുതിരുന്നു. ഒരുമിനുട്ട് നേരത്തെ ലൈംഗികാസ്വദനത്തിനോ ചുരുങ്ങിയ സംഖ്യ കൈക്കലാക്കാനോ നിയന്ത്രണം നഷ്ടപ്പെട്ട മനുഷ്യന് എന്തൊക്കെ വൃത്തികേടുകള് ചെയ്യുന്നു. അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചോ പരിണിതഫലങ്ങളെക്കുറിച്ചോ അറിയാത്തതുകൊണ്ടല്ല ഇതു സംഭവിക്കുന്നത്. മറിച്ച് ദുര്വികാരങ്ങളെ നിയന്ത്രിച്ചുനിര്ത്താനുള്ള ഇഛാശക്തി ഇല്ലാത്തതുകൊണ്ടാണ്. മനുഷ്യന് സ്വന്തത്തെ നിയന്ത്രക്കാനും, അങ്ങനെ ആത്മാവിനനുസരിച്ച് ശരീരത്തെ മെരുക്കിയെടുക്കാനുമുള്ള ഉള്ക്കരുത്താണ് വ്രതത്തിലൂടെ ലഭ്യമാവുന്നത്. അല്ലാഹുവിനോടുള്ള വിധേയത്വം തനിക്ക് പരമപ്രധാനമാണെന്നും അതിനു മുമ്പില് ശാരീരികാഭിലാഷങ്ങള് പോലും അപ്രസക്തമാണെന്നതാണല്ലോ തനിക്കേറ്റവും പ്രധാനമായ ഭക്ഷണം വര്ജ്ജിക്കുന്നതിന്റെ ധ്വനി.

ക്ഷമാശീലം വളര്ത്തുന്നു

സഹനവും ക്ഷമയും വളര്ത്തിയെടുക്കുകയെന്നതാണ് വ്രതാനുഷ്ഠാനത്തിലടങ്ങിയ മറ്റൊരാന്തരിക ഗുണം. ആസ്വാദനാത്മകമായ ഭൗതിക സുഖലോലുപതയില് മുഴുകി ദൈവസ്മരണയില് നിന്നകറ്റി നിര്ത്താനാണല്ലോ പിശാച് ഉദ്യമിക്കുന്നത്. ഭൗതിക സുഖലോലുപതക്കു മുമ്പില് തികഞ്ഞ ക്ഷമയും സംയമനവും ഇതിനാവശ്യമാണ്. ശരീരത്തിന്റെ അനിവാര്യ പ്രചോദകങ്ങളായ വിശപ്പും ദാഹവും സഹിക്കുന്നതിന് വലിയ തോതില് ക്ഷമ ആവശ്യമാണ്. അതാണല്ലോ പ്രവാചകര്(സ്വ) പറഞ്ഞത്: ''നോമ്പ് ക്ഷമയാണ്. ക്ഷമയുടെ പ്രതിഫലം സ്വര്ഗ്ഗവും''.

സുഖലോലുപതയുടെ മടിത്തട്ടില് വളരുന്ന ആധുനികന് കൈമോശം വരുന്ന സുപ്രധാന ഗുണം സഹനവും ക്ഷമയുമാണ്. അതുകൊണ്ടു തന്നെ തെല്ലൊരു അഭിമാനക്ഷതമോ സാമ്പത്തിക നഷ്ടമോ പിടിപെടുമ്പോഴേക്ക്, മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ശകാരമേല്ക്കുമ്പോഴേക്ക്, നൈരാശ്യം പൂണ്ട് സമനില തെറ്റാനും ഒരു തുണ്ടുകയറിലോ സിറിഞ്ചിലോ മരണം വരിക്കാനും വിവേകശൂന്യനായ മനുഷ്യന് ഒരുമ്പെടുന്നു. സഹനശേഷിയുടെ അഭാവമാണല്ലോ ഇതിനു കാരണം.

ആത്മവീര്യം പകരുന്നു

മനക്കരുത്തും സമചിത്തതയും പകരലാണ് നോമ്പിന്റെ മറ്റൊരു ഗുണം. ആഢംബരം അലസതക്കും അലസത ഭീരുത്വത്തിനും വഴിയൊരുക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ശേഷിയാണിവിടെ ചോര്ന്നു പോവുന്നത്. കൊട്ടാര മെത്തകളില് കഴിഞ്ഞു കൂടുന്നവര്ക്ക് മുള്നിറഞ്ഞ മലമ്പാതകളെ തരണം ചെയ്യാനാവില്ലല്ലോ.

ഒരു പട്ടാളക്കാരന് കായികബലത്തെക്കാള് മാനസികാരോഗ്യമാണെപ്പോഴും പ്രധാനമെങ്കില് പിശാചിനെതിരെ പടപൊരുതാന് ബാധ്യസ്ഥനായ മനുഷ്യന് വലിയ തോതില് ആത്മവീര്യം അനിവാര്യമാണ്. പ്രവാചകര് (സ്വ) ശത്രുക്കള്ക്കെതിരെ പ്രധമയുദ്ധത്തിന് തെരഞ്ഞെടുത്തത് റമളാന് മാസത്തെ ആയിരുന്നു. മഹാനായ മൂസാ()ന്റെ, ആത്മവീര്യം ചോര്ന്നുപോയ സമൂഹത്തിന് നാപ്പത് വര്ഷത്തെ പ്രതിബന്ധങ്ങള് നിറഞ്ഞ മരുഭൂവാസത്തിലൂടെ നേടിയെടുത്ത മനക്കരുത്ത് കൊണ്ടാണ് ഫലസ്തീന് കീഴടക്കാനായത്. ലോക ചരിത്രത്തിന്റെ പൊതുവായ ഗതി പരിശോധിച്ചാല് ദാരിദ്ര്യവും കഷ്ടപ്പാടുകളും സഹിച്ചവര് ചരിത്രനായകാരായി സാമ്രാജ്യങ്ങള് കീഴടക്കിയ നിരവധി സംഭവങ്ങളുണ്ട്. എന്നാല് സുഖലോലുപതയും ആഢംബരപ്രിയവും പിടികൂടുന്നതോടെ അലസരും പരാജിതരുമായി മാറുന്നതാണ് മുറ.

സാമൂഹിക

സാമൂഹിക തലത്തിലും വ്രതത്തിന് വലിയ സ്വാധീനമുണ്ട്. സമ്പന്ന വിഭാഗത്തിന് പാവപ്പെട്ടവരനുഭവിക്കുന്ന വിശപ്പിന്റെ തീഷ്ണത അനുഭവിക്കാനും അതുള്ക്കൊണ്ട് പൂര്വ്വോപരി സഹായിക്കാനുള്ള പ്രചോദനമാവുന്നു. ഇതര വേദനകളെയും പ്രതിബന്ധങ്ങളെയുംപോലെ പണക്കൊഴുപ്പുകൊണ്ട് പരിഹരിക്കാവതല്ലല്ലോ നോമ്പ്. പ്രശസ്ത ചിന്തകനായ ആര്ജിന്റെ ഭാഷയില് ഇസ്ലാം നിര്ബന്ധമാക്കിയ വ്രതാനുഷ്ഠാനം കാരണം എന്നും വയറുനിറയെ ഭക്ഷിക്കുന്നവര്ക്ക് ഒട്ടിയ വയറുമായി നടക്കുന്നവന്റെ പട്ടിണിയുടെ രുചി ആസ്വദിച്ചറിയാന് അവസരം കിട്ടുന്നു

വ്രതാനുഷ്ഠാനവും ജീവിത വിശുദ്ധിയും

ഇസ്ലാമിലെ കര്മാനുഷ്ഠാനങ്ങളില് നാലാമത്തേതാണ് വ്രതാനുഷ്ഠാനം. പരിശുദ്ധ ഖുര്ആന് വ്രതാനുഷ്ഠാനത്തിനുപയോഗിച്ച 'സൗം' എന്നതിനെ വര്ജ്ജനം, സംയമനം ആത്മനിയന്ത്രണം എന്നിങ്ങനെയെല്ലാം ഭാഷാമാറ്റം ചെയ്യാം. വര്ഷത്തിലൊരു മാസം പകലന്തിയോളം നോമ്പ് മുറിയുന്ന കാര്യങ്ങള് വര്ജ്ജിക്കുക എന്നതാണ് നോമ്പിന്റെ സാങ്കേതികാര്ത്ഥം.

വിഷപ്പും വികാരവും മനുഷ്യന്റെ സഹജ സ്വഭാവങ്ങളാണ്. അവയോട് നിഷേധാത്മക നയം സ്വീകരിക്കുന്നത് മനുഷ്യത്വത്തോടുള്ള നിരാസമാണ്. എന്നാല് ഇവ രണ്ടിലും ആണ്ടുപോവുന്നത് മനുഷ്യനെ കേവലം വാലില്ലാത്ത ഒരു മൃഗം മാത്രമാക്കി അധ:പതിപ്പിക്കും. മാനുഷികമായ ഇത്തരം അനിവാര്യതകള്ക്ക് ആത്മിക പരിവേഷം നല്കുന്ന ഇസ്ലാം പൗരോഹിത്യത്തെയും സന്യാസത്തെയും നിരുത്സാഹപ്പെടുത്തുകയും സെക്സും ഫുഡ്ഡും ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി കാണുന്ന ഫ്രോയിഡിന്റെയും മാര്ക്സിന്റെയും വികല വീക്ഷണങ്ങളോട് കര്ശനമായി വിയോജിക്കുകയും ചെയ്യുന്നു. വിശക്കുമ്പോള് ആവശ്യത്തിന് ഭക്ഷിക്കുക വിവാഹ പ്രായമെത്തുമ്പോള് മാന്യമായ രീതിയില് അതു നിര്വഹിക്കുക. ''നിങ്ങള് തിന്നുക, കുടിക്കുക, പക്ഷെ അമിതമാവരുത്'' ഇതാണിസ്ലാമിന്റെ വീക്ഷണം.

മാനുഷികം

വ്രതാനുഷഠാനത്തെ മനുഷ്യത്വത്തോടുള്ള നിരാകരണമായി വിലയിരുത്താന് നിര്വ്വാഹമില്ല. ഭൗതിക താല്പര്യങ്ങളില് നിമഗ്നനായി തനി മൃഗീയതയിലേക്ക് വഴിമാറിപ്പോവുന്ന മനുഷ്യന് അസ്തിത്വബോധം വീണെ്ടടുക്കാനുള്ള ഇടവേളയാണ് വ്രതവേള. ആത്മീയ സാഫല്യാര്ത്ഥം ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒരു നിലപാടും സ്വീകാര്യമല്ല. ശരീരേഛകളെ കീഴ്പ്പെടുത്താനെന്ന പേരില് അന്നപാനാദികള് വെടിഞ്ഞ് ശരീരത്തെ ശോഷിപ്പിച്ച് ശരീരപീഢക്കൊരുമ്പെട്ട ഒരനുയായിയെ ശാസിച്ച് പിന്തിരിപ്പിക്കുകയാണ് പ്രവാചകര്(സ്വ) ചെയ്തത്.

മനുഷ്യനെ സൃഷ്ടിച്ച്, ആഹാര വിഹാരങ്ങളെ അനുഭവവേദ്യമാക്കിക്കൊടുത്ത അല്ലാഹു അവന്റെ കല്പനയെ മാനിച്ച് അല് സമയത്തേക്ക് ഭക്ഷണം വര്ജ്ജിക്കാന് കല്പിക്കുമ്പോള് അതിന് വഴങ്ങുന്ന അനുസരണശീലന് ആരാണെന്ന് ബോധ്യപ്പെടുത്തുകയെന്നതാണ് നോമ്പുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. ആത്മികവും മാനസികവുമായ വളര്ച്ചയില് കവിഞ്ഞ് ശാരീരികവും സാമൂഹികവുമായ തലങ്ങളിലേക്ക് കൂടി വ്യാപിച്ചു കിടക്കുന്ന പാര്ശ്വഫലങ്ങള് നോമ്പിലുണ്ട്.

പിശാചിനോടുള്ള സമരം

മനുഷ്യന്റെ ആദ്യന്തിക ലക്ഷ്യം ആത്മിക മോക്ഷമാണ്. ഭൗതികാവശ്യങ്ങള് അതിനുള്ള ഉപാധിയും. ഭൗതിക താല്പര്യങ്ങളില് മുഴുകി അന്തിമലക്ഷ്യം വിസ്മരിക്കുന്നതും ലക്ഷ്യബോധം തലക്കു പിടിച്ച് വഴികളെ പാടെ അവഗണിക്കുന്നതും ഉചിതമല്ല. മനുഷ്യന് ദേഹേച്ഛകളില് മുഴുകുമ്പോള് പിശാചവനത് ഭംഗിയായി കാണിച്ചുകൊണ്ട് ദൈവസ്മരണയില് നിന്നടര്ത്തിയെടുക്കാന് ശ്രമിക്കുന്നു. അതിനാല് മനുഷ്യന് തന്റെ ഇച്ഛാശക്തികൊണ്ട്, ദൈവപ്രീതി മുന്നിര്ത്തി അല്പനേരം ആത്മ നിയന്ത്രണം കൈക്കൊള്ളുമ്പോള് ആജീവനാന്തം പിശാചിനും അവന്റെ മിഥ്യാവലയത്തിനുമെതിരെ സമരം ചെയ്യാനുള്ള ഊര്ജ്ജമാണവന് ആര്ജ്ജിക്കുന്നത്.