തൃശൂര്‍ : യൗവനം വിവേകത്തോടെ എന്ന പ്രമേയവുമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആക്ടീവ്‌ യൂത്ത്‌ കോണ്‍ഫറന്‍സ് ശനിയാഴ്‌ച (20-02-2010)
തൃശൂരില്‍ ആരംഭിക്കും. സംഘടനയുടെ 21-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഏപ്രില്‍ മാസത്തില്‍ കോഴിക്കോട്‌ സംഘടിപ്പിക്കുന്ന മജ്‌ലിസ്‌ ഇന്‍തിസ്വാബിന്റെ മുന്നോടിയായാണ്‌ ആക്ടീവ്‌ കോണ്‍റഫറന്‍സ്‌ നടത്തുന്നത്‌. സേവന സന്നദ്ധരും സമരസജ്ജരുമായ യുവതയെ പുനഃസൃഷ്ടിക്കുകയാണ്‌ സമ്മേളന ലക്ഷ്യം. സമൂഹത്തില്‍ പരസ്‌പര വിദ്വേഷവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കപ്പെടുന്ന വര്‍ത്തമാന സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ മതബോധവും സാമുദായിക മൈത്രിയും നിലനിര്‍ത്തി യൗവനത്തെ വിവേകപൂര്‍വം വളര്‍ത്താനാണ്‌ കോണ്‍ഫറന്‍സ്‌ പ്രാപ്‌തമാക്കുന്നത്‌.
ദക്ഷിണേന്ത്യയിലെ 25 ജില്ലകളിലെ 152 മേഖലകളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും. തൃശൂരില്‍ ശക്തന്‍ നഗറിലെ എം.ഐ.സി മസ്‌ജിദ്‌ കാമ്പസില്‍ സജ്ജമാക്കിയ വിശാലമായ പന്തലിലാണ്‌ സമ്മേളനത്തിന്‌ വേദിയൊരുക്കിയിരിക്കുന്നത്‌.

ശനിയാഴ്‌ച കാലത്ത്‌ പത്ത്‌ മണിക്ക്‌ എം.ഐ.സി പ്രസിഡണ്ട്‌ പി.എ സെയ്‌ത്‌ മുഹമ്മദ്‌ ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക്‌ തുടക്കമാവും. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ രണ്ടു ദിവസത്തെ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡല്‍ഹിയിലെ യുനൈറ്റഡ്‌ മാസ്‌ മീഡിയ അസോസിയേഷന്‍ ഡയരക്ടര്‍ മഖ്‌ബൂല്‍ അഹ്‌മദ്‌ സിറാജ്‌ (ബാംഗ്ലൂര്‍) മുഖ്യാതിഥിയായിരിക്കും. കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി മികച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ്‌ ദാനം നിര്‍വ്വഹിക്കും. സംസ്ഥാന ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. എം.എം. മുഹ്‌യിദ്ദീന്‍ മൗലവി, എസ്‌.എം.കെ തങ്ങള്‍, ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍, ഇസ്‌മാഈല്‍ കുഞ്ഞുഹാജി, എ.വി. അബൂബക്‌ര്‍ ഖാസിമി, സ്വാമി പ്രകാശാനന്ദ, ബിഷപ്‌ റാഫേല്‍ തട്ടില്‍, ടി.എന്‍ പ്രതാപന്‍ എം.എല്‍.എ, സ്വിദ്ദീഖ്‌ ഹാജി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, സ്വിദ്ദീഖ്‌ ഫൈസി വാളക്കുളം പ്രസംഗിക്കും.

രണ്ട്‌ മണിക്ക്‌ യുവത്വം, കാരുണ്യം, സന്മാര്‍ഗം എന്ന സെഷനില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ റഹ്‌മത്തുല്ലാഹ്‌ ഖാസിമി മൂത്തേടം ക്ലാസ്സെടുക്കും. ഏഴ്‌ മണിക്ക്‌ പിന്‍ഗാമികളുടെ മഹനീയ മാതൃക എന്ന വിഷയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആശയസംവാദം നടത്തും. ശൈഖുനാ തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. രാത്രി ഒമ്പതു മണിക്ക്‌ മെഡിറ്റേഷന്‍ സെഷന്‌ ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, ചെറുവാളൂര്‍ ഹൈദ്രോസ്‌ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പത്ത്‌ മണിക്ക്‌ ബുര്‍ദാ ആസ്വാദനവും നടക്കും.

ഞായറാഴ്‌ച രാവിലെ ആറു മണിക്ക്‌ ഖുര്‍ആന്‍ ചിന്ത എന്ന വിഷയത്തില്‍ മുസ്‌ത്വഫ ഫൈസി വടക്കുംമുറി ഉദ്‌ബോധന പ്രസംഗം നടത്തും. ഒമ്പതു മണിക്ക്‌ സന്നദ്ധതയുടെ അനുഭവ സാക്ഷ്യങ്ങള്‍ എന്ന മേഖലയെ അധികരിച്ച്‌ ചര്‍ച്ച നടക്കും. എസ്‌.വി. മുഹമ്മദലി, ശറഫുദ്ദീന്‍ ഹുദവി, അഡ്വ. ടി.എസ്‌. മായാദാസ്‌ എന്നിവര്‍ നേതൃത്വം നല്‍കും. പന്ത്രണ്ട്‌ മണിക്ക്‌ കര്‍മം, വിവേകം, ധര്‍മബോധം എന്ന വിഷയത്തില്‍ അബ്ദുസ്സ്വമദ്‌ പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. ഡോ. കെ.എ. നാട്ടിക മുഹമ്മദലി അധ്യക്ഷനായിരിക്കും. ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ മനുഷ്യത്വം നഷ്ടപ്പെട്ടുകൂടാ എന്ന വിഷയത്തില്‍ സ്‌നേഹസംവാദം നടക്കും. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മുന്‍ സംസ്ഥാന ജന.സെക്രട്ടറി മുസ്‌ത്വഫ മുണ്ടുപാറയുടെ അധ്യക്ഷതയില്‍ മുന്‍ ഗുജറാത്ത്‌ ഡി.ജി.പി ജാതവേദന്‍ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യും. സ്വാമി അവ്യയാനന്ദ, ഡോ. ഫാദര്‍ പോള്‍ പുളിക്കന്‍, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, ഡോ. ഭവദാസ്‌ വെണ്മണി പ്രസംഗിക്കും.

നാലു മണിക്ക്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സന്നദ്ധ വിഭാഗമായ വിഖായയുടെ പ്രഖ്യാപനവും പ്രതിജ്ഞയും നടക്കും. സ്ഥാപക പ്രസിഡണ്ട്‌ അശ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌ നേതൃത്വം നല്‍കും. പഠനക്ലാസ്സുകളും പ്രായോഗിക പരിശീലനവും സന്നദ്ധ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ചുകൊണ്ടാണ്‌ പരിപാടികള്‍ സംവിധാനിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ കോണ്‍ഫറസില്‍ സംഘടിപ്പിക്കും. കോണ്‍ഫറന്‍സിന്റെ വിളംബരം അറിയിച്ചുകൊണ്ട്‌ തൃശൂരില്‍ നഗരത്തില്‍ കമാനങ്ങളും പതാകകളും കൊണ്ടലങ്കരിച്ചിട്ടുണ്ട്‌. വിവിധ ജില്ലകളില്‍ നിന്ന്‌ സമ്മേളനത്തിനൊത്തുന്ന പ്രതിനിധികള്‍ക്ക്‌ താമസത്തിനും മറ്റും എം.ഐ.സി കെട്ടിടത്തിലും പരിസരത്തെ വിവിധ കേന്ദ്രങ്ങളിലും സംഘാടകസമിതി സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്‌.