മറഞ്ഞത് വടക്കിന്റെ ആത്മീയ തണല്‍

കാസര്‍കോട് : വടക്കന്‍ കേരളത്തിന്റെ ആത്മീയ തണലായിരുന്നു അന്തരിച്ച ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവി. ചെമ്പരിക്ക ഖാസിയാര്‍ച്ചയെന്നും മംഗലാപുരം ഖാസിയാര്‍ച്ചയെന്നും വിശ്വാസികള്‍ വിളിച്ച അബ്ദുല്ല മൗലവി 1973ലാണ് ഖാസിയായി ചുമതലയേറ്റത്. പിതാവ് ഖാസി മുഹമ്മദ്കുഞ്ഞി മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്നായിരുന്നു അത്.

മലയാളം, ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ ഖാസി അനായാസേന കൈകാര്യംചെയ്യുമായിരുന്നു. അറബിയില്‍ ധാരാളം പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം കഴിഞ്ഞവര്‍ഷം ഗോളശാസ്ത്രത്തെപ്പറ്റി ഇംഗ്ലീഷിലും പുസ്തകമെഴുതി.

വിശ്വാസികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഖാസിയുടെ കഴിവ് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. തീര്‍ത്താല്‍ തീരാത്ത ഏത് പ്രശ്‌നവും ഖാസിയുടെ മുമ്പില്‍ ഒറ്റയിരിപ്പില്‍ തീര്‍പ്പാവുമായിരുന്നു.

1933ല്‍ ജനിച്ച അബ്ദുല്ല മൗലവിയുടെ ആദ്യ ഗുരു പിതാവുതന്നെയായിരുന്നു. ബാഖവി ബിരുദം നേടിയശേഷം ഒറവങ്കര, എട്ടിക്കുളം, മാടായി, പുതിയങ്ങാടി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി.

1971ല്‍ സഅദിയ തുടങ്ങി. അവിടെ അധ്യാപകന്‍, പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പരവനടുക്കം ആലിയ അറബിക് കോളേജിലും അധ്യാപനം നടത്തി. 1993ല്‍ ആണ് ചട്ടഞ്ചാലില്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് തുടങ്ങിയത്. അവിടെ ദാറുല്‍ ഇര്‍ശാദ് അക്കാദമി, അര്‍ശദുല്‍ ഉലും കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനുമായി.

സ്ഥാപിച്ചതുമുതല്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ പ്രസിഡന്റായി തുടരുന്ന ഖാസി വഖഫ് ബോര്‍ഡ് അംഗവും ഹജ്ജ് കമ്മിറ്റി അംഗവുമായിരുന്നു. ഖാസിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മേല്‍പ്പറമ്പ് യൂണിറ്റ് ഹര്‍ത്താലാചരിച്ചു.