'മുത്ത് നബി സൗഹൃദത്തിന്റെ പ്രവാചകന്‍' കാംപയിന് തുടങ്ങി


കോഴിക്കോട്: മുത്ത് നബി സൗഹൃദത്തിന്റെ പ്രവാചകന്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന നബിദിന കാംപയിന്് ഉജ്വ തുടക്കം. കെട്ടാങ്ങലില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി. സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ഉദ്ഘാടനം ചെയ്തു. ധാര്‍മികതയുടെ പുനസൃഷ്ടിപ്പിലൂടെ മാനവികതയുടെ വീണെ്ടടുപ്പിനായിരുന്നു മുഹമ്മദ് നബി നിയുക്തനായതെന്നും മനുഷ്യരോടെന്നപോലെ മറ്റുള്ളവയോടും മനുഷ്യന്റെ സമീപനം എങ്ങനെയാവണമെന്നും പഠിപ്പിച്ച പ്രവാചകന്റെ ദര്‍ശനം സമകാലിക സാഹചര്യത്തില്‍ ഉദാത്തമാണെന്നും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പറഞ്ഞു. സഹജീവികളോടുള്ള സ്‌നേഹവും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കാന്‍ കല്‍പ്പിച്ച പ്രവാചകന്‍ വിട്ടുവീഴ്ചാമനോഭാവവും സഹനശീലവുമാണ് വിശ്വാസിയുടെ ആത്മബലമെന്നും പഠിപ്പിച്ചു സൈനുദ്ദീന്‍ മുസ്‌ല്യാര്‍ കൂട്ടിച്ചേര്‍ത്തു. കാംപയിന്റെ ഭാഗമായി നബിദിന റാലികള്‍, മീലാദ് കോണ്‍ഫറന്‍സുകള്‍, മൗലീദ് സദസ്സുകള്‍, സെമിനാര്‍, ചര്‍ച്ചാസമ്മേളനങ്ങള്‍, സൗഹൃദസംഗമങ്ങള്‍, കലാസാഹിത്യമല്‍സരങ്ങള്‍ നടക്കും.  അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. 
സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, അബൂബക്കര്‍ ഫൈസി മലയമ്മ, കുഞ്ഞാലന്‍കുട്ടി ഫൈസി, ഒ പി അഷ്‌റഫ്, ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വര്‍ക്കിങ് സെക്രട്ടറി അയ്യൂബ് കൂളിമാട് സംസാരിച്ചു.