ജുമുഅ സമയത്ത്‌ പരീക്ഷ; ITI പരീക്ഷ കേന്ദ്രങ്ങളിലേക്ക്‌ SKSSF കാമ്പസ് വിംഗ് മാര്‍ച്ച്‌ ഇന്ന്

വെള്ളിയാഴ്ച്ച 12 മണി മുതല്‍ 2 മണി വരെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരീക്ഷയോ ക്ലാസ്സുകളോ നടക്കാതിരിക്കുന്നത് വരെ ഈ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍
കോഴിക്കോട്‌ : വെള്ളിയാഴ്ച ജുമുഅ സമയത്ത് ഐ.ടി.ഐ പരീക്ഷ നടത്തുവാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് സംസ്ഥാനത്തെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. നോഡല്‍ ഐ.ടി.ഐ സെന്‍ററുകളില്‍ പ്രമുഖ മത,സാംസ്കാരിക,രാഷ്ട്രീയ നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ജില്ല എസ്.കെ.എസ്.എസ്.എഫ് , കാമ്പസ് വിംഗ് നേതാക്കള്‍ ഐ.ടി.ഐ മേധാവികള്‍ക്ക് നിവേദനം നല്‍കും.വെള്ളിയാഴ്ച്ച 12 മണി മുതല്‍ 2 മണി വരെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരീക്ഷയോ ക്ലാസ്സുകളോ നടക്കാതിരിക്കുന്നത് വരെ ഈ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ഇത്തരം നടപടികള്‍ക്കെതിരെയുള്ള സമരത്തിന്റെ ആദ്യപടിയാണിതെന്നും കാമ്പസ് വിംഗ് നേതാക്കള്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടും പരീക്ഷ മാറ്റി വെക്കാത്തത് കേന്ദ്ര തൊഴില്‍ വകുപ്പിലെ ബൂറോക്രസി കാരണമാണെന്നും മുസ്ലിമിന്‍റെ ആരാധന സ്വാതന്ത്ര്യം ചില വ്യക്തികളുടെ മാത്രം ആവശ്യമായി ചിത്രീകരിച്ച് തീര്‍ത്തും വര്‍ഗീയമായ നിലപാടുകളാണ് കേന്ദ്ര വകുപ്പ് സ്വീകരിച്ചതെന്നും ഇതിനെതിരെ പ്രക്ഷോഭം ആര്‍ത്തിരമ്പുമെന്നും കാമ്പസ് വിംഗ് മുന്നറിയിപ്പ് നല്‍കി.