സര്‍ക്കാറിന്‌ കീഴില്‍ മദ്രസ ബോര്‍ഡ്‌ സ്ഥാപിക്കും : മന്ത്രി അബ്‌ദുറബ്ബ്‌

തിരൂരങ്ങാടി : കേരളത്തിലെ മദ്രസ സംവിധാനത്തെ ഏകീകരിക്കാനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഇതര സംസ്ഥാനങ്ങളിലേത്‌ പോലെ സര്‍ക്കാറിന്‌ കീഴില്‍ മദ്രസ ബോര്‍ഡ്‌ സ്ഥാപിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ പറഞ്ഞു. മദ്രസകള്‍ക്ക്‌ സര്‍ക്കാറിന്‍റെ പ്രത്യേക ഗ്രാന്‍റ്‌ അനുവദിക്കുകയും സമന്വയ വിദ്യാഭ്യാസത്തിന്‌ സര്‍ക്കാറിന്‍റെ ഭാഗത്ത്‌ നിന്നും എല്ലാ വിധ പ്രോത്സാഹനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍റ്‌സ്‌ യൂണിയന്‍ (ഡി.എസ്‌.യു) നടത്തിയ ഫാരിസി ഷോര്‍ട്ട്‌ ടേം കോഴ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ വിതരണ പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പര്യാപ്‌തമായ സൗകര്യങ്ങളില്ലാത്തതിനാല്‍ പ്രതിഭാധനരായ ഒരുപാട്‌ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനങ്ങള്‍ക്കായി കേരളം വിടുന്നുണ്ടെന്നും വൈകാതെ തന്നെ ഇതിന്‌ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ പല സര്‍ട്ടിഫിക്കറ്റുകളും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അംഗീകരിക്കാത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സംഘത്തെ ഏര്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡോ.യു.വി.കെ മുഹമ്മദ്‌ ആധ്യക്ഷം വഹിച്ചു. വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്‌, ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍, ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി, കുട്ടി മൗലവി ഇരിങ്ങല്ലൂര്‍, ഇല്ലത്ത്‌ മൊയ്‌തീന്‍ ഹാജി, പ്രൊഫ.അലി മൗലവി ഇരിങ്ങല്ലൂര്‍, ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി, ഖാദിര്‍ കുട്ടി ഫൈസി അരിപ്ര, ഇബ്രാഹീം ഹാജി തയ്യിലക്കടവ്‌, ചെറീത്‌ ഹാജി വേങ്ങര, .പി മുസ്ഥഫ ഹുദവി അരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൈസാം കക്കാട്ടിരി സ്വാഗതവും സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ നന്ദിയും പറഞ്ഞു.