കോഴിക്കോട് : നൂറ്റാണ്ടുകളുടെ
പാരമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ ഉന്നത മതപഠനകേന്ദ്രം വെല്ലൂര്‍
ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ വിശുദ്ധ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും അതിനെതിരെ
ആസൂത്രിതമായി രംഗത്തുവരുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണെന്നും സമസ്‌ത കേരള
ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ചെറുശ്ശേര സൈനുദ്ദീന്‍ മുസ്‌ലിയാര്‍.
ബാഖിയാത്തിന്റെ അസ്‌തിത്വം തകര്‍ക്കാന്‍ വര്‍ഷങ്ങളായി ദുഃശക്തികള്‍ നടത്തിവരുന്ന
ഗൂഢശ്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നേകാല്‍ നൂറ്റാണ്ട്
മുമ്പ് 1884ല്‍ സ്ഥാപിതമായ ബാഖിയാത്തിന്റെ ശില്‍പി അഅ്‌ലാ ഹസ്രത്ത് എന്ന
പേരിലറിയപ്പെട്ടിരുന്ന മൗലാനാ അബ്‌ദുല്‍ വഹാബ് ഹസ്രത്ത് ആണ്. പ്രാരംഭഘട്ടം മുതലേ
സുന്നീ ആശയങ്ങള്‍ മാത്രമായിരുന്നു സ്ഥാപനത്തില്‍ പഠിപ്പിക്കപ്പെട്ടിരുന്നത്.
നിലവില്‍ സ്ഥാപനത്തിന്റെ അധികൃതര്‍ അധികാരം ദുരുപയോഗം ചെയ്‌ത് സ്ഥാപനത്തിന്റെ
പൂര്‍വ പാരമ്പര്യം കളഞ്ഞുകുളിക്കുന്നത് വളരെ പരിതാപകരമാണ്. ഈയിടെയായി സുന്നീ
ആശയങ്ങളെ തകര്‍ത്തെറിയുംവിധം ഒരു സര്‍ക്കുലര്‍ ഇറങ്ങിയതായി അറിയുന്നു. ബാഖിയാത്തിലെ
പൂര്‍വമഹത്തുക്കളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങളില്‍ നിന്നും
പിന്മാറാന്‍ അധികൃതര്‍ തയ്യാറാവണം. അദ്ദേഹം ആവശ്യപ്പെട്ടു.
ബാഖിയാത്ത്
കയ്യേറാന്‍ എതിരാളികള്‍ കാലങ്ങളായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. പക്ഷെ
വിദ്യാര്‍ത്ഥികളുടെയും പണ്ഡിതരുടെയും ശക്തമായ ചെറുത്തുനില്‍പ് മൂലം
സാധ്യമായിരുന്നില്ല. ഈയിടെയാണ് സ്ഥാപനത്തിന്റെ സ്റ്റാഫ് അംഗങ്ങളുടെ മേലില്‍ വരെ
ശക്തമായ നിയമങ്ങള്‍ അടിച്ചേല്‍പിച്ചത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഇതുമായി
ബന്ധപ്പെട്ട് സ്ഥാപനത്തിലെ മലയാളി അധ്യാപകരും വിദ്യാര്‍ത്ഥികളും
പുറത്താക്കപ്പെട്ടിരുന്നു. അധികൃതരുടെ ദുശ്‌ചെയ്‌തിയില്‍ പ്രതിഷേധിച്ച്
തമിഴ്‌നാട് ബാഖവീസ് അസോസിയേഷന്‍ വെല്ലൂരില്‍ വരുന്ന 11ന് (ചൊവ്വ) സമ്മേളനം
സംഘടിപ്പിക്കുന്നുണ്ട്. സമ്മേളനത്തില്‍ കേരളത്തിന്റെ പ്രതിനിധികളായി ഡോ.
ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, പി. ഇസ്‌ഹാഖ്
ബാഖവി ചെമ്മാട് പങ്കെടുക്കും.