ജനസംഖ്യയെ ഭയക്കുന്ന വിഡ്ഢിത്തം

ര്‍ധിച്ചുവരുന്ന ജനസംഖ്യാനിരക്കും വിഭവ വിനിയോഗവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഇന്നത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള "വിമന്‍സ് കോഡ്' സര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും ഇതിനോട് ചേര്‍ത്തു വായിക്കാം. വ്യാപക പ്രതിഷേധത്തിനിടയാക്കിയ ഈ റിപ്പോര്‍ട്ടും അടിവര ചാര്‍ത്തുന്നത് മാനവ വിഭവത്തിന്റെ എണ്ണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ന മിഥ്യക്കാണ്. ജനപ്പെരുപ്പം പ്രകൃതി വിഭവങ്ങളുടെ സന്തുലിതമായ വിതരണത്തിന് വിഘ്നം നില്‍ക്കുമെന്നും പട്ടിണിയും ക്ഷാമവും രോഗവും പടര്‍ന്നു പന്തലിക്കാന്‍ കാരണമാവുമെന്നും വാദിച്ച് രംഗപ്രവേശം ചെയ്യുന്ന ആദ്യ വ്യക്തിയാണ് തോമസ് ആല്‍ബര്‍ട്ട് മാല്‍ത്തൂസ്. 1798ല്‍ പ്രസിദ്ധീകരിച്ച "ഏന്‍ എസ്സെ ഔണ്‍ ദി പ്രിന്‍സിപ്പിള്‍സ് ഓഫ് പോപ്പുലേഷന്‍' എന്ന കൃതിയിലൂടെയാണ് മാല്‍ത്തൂസിന്റെ ആശയങ്ങള്‍

പുറംലോകം അറിയുന്നത്. 1968ല്‍ രചിച്ച "പോപ്പുലേഷന്‍ ബോംബ്' എന്ന കൃതിയുമായി പ്രത്യക്ഷപ്പെട്ട പോള്‍ എര്‍ലിച്ച്, മാര്‍ത്തൂസിന്റെ പിന്‍ഗാമികളില്‍ പ്രധാനിയാണ്. 1905 ആവുമ്പോഴേക്ക് ലോകം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലമരുമെന്നും സമുദ്രങ്ങള്‍ വറ്റിവരളുമെന്നും ഇവര്‍ പ്രവചിച്ചു. ഈ പ്രവചനത്തിന്റെ അബദ്ധജഢിലതയും മൗഢ്യവും പില്‍ക്കാലത്തെ അനുഭവസത്യങ്ങളാണ്. ജനസംഖ്യാ വര്‍ദ്ധനവിന്റെ തോതിനേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ ഭക്ഷ്യോല്‍പ്പാദനമാണ് ഈ കാലയളവില്‍ ലോകത്ത് നടന്നത്.
സമ്പന്നര്‍ അതിസമ്പന്നരാവുകയും ദരിദ്രര്‍ ദാരിദ്രyത്തിന്റെ അഗണ്യകോടിയിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യുന്ന വരട്ടുതത്വമാണ് ഇന്ന് ലോക ക്രയവിക്രയങ്ങളെ പരുവപ്പെടുത്തുന്നതും നടപടിക്രമങ്ങളില്‍ സ്വാധീനശക്തിയായി വര്‍ത്തിക്കുന്നതും. ലോകത്തെ 25 കോടി ദരിദ്രരുടെ കൈവശമുള്ള സമ്പത്തിനേക്കാള്‍ അധികം 225 സമ്പന്നന്‍മാരുടെ അധീനതയിലുണ്ടെന്നാണ് യു.എന്‍.ഒ.യുടെ "ഹ്യൂമന്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട്' വെളിപ്പെടുത്തുന്നത്. പല വന്‍കിട മുതലാളിത്ത രാഷ്ട്രങ്ങളും കമ്പോളത്തിലെ വിനിമയ നിലവാരം നിയന്ത്രിക്കുന്നതിനും അധീനത ഉറപ്പിക്കുന്നതിനും ടണ്‍കണക്കിന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നശിപ്പിക്കുന്ന പ്രവണത പുറത്തുവന്നത് ഈയടുത്താണ്. അമേരിക്ക കടലില്‍ തള്ളുന്ന ഗോതമ്പുണ്ടെങ്കില്‍ ലോകത്തെ പട്ടിണിയുടെ പ്രധാനഭാഗം പരിഹരിക്കാമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ലോക ജനസംഖ്യയുടെ ഇരുപത് ശതമാനത്തില്‍ താഴെയുള്ളവരാണ് ലോക സമ്പത്തിന്റെ എണ്‍പത് ശതമാനവും ഉപയോഗിക്കുന്നത്!
സമത്വാധിഷ്ഠിത സാമ്പത്തിക വിതരണത്തെ (ഈക്വല്‍ഇക്കണോമിക് ഡിസ്ട്രിബ്യൂഷന്‍) കുറിച്ചുള്ള ചര്‍ച്ചയാണ് ആഗോളതലത്തില്‍ മുന്തിനില്‍ക്കേണ്ടത്. ജനസംഖ്യയിലുള്ള ക്രമാനുഗത വളര്‍ച്ച, സാമ്പത്തിക അഭിവൃദ്ധിയെയും ഉല്‍പ്പാദന പ്രക്രിയയെയും അനുകൂലമായ രീതിയിലാണ് സ്വാധീനിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 1830 മുതല്‍ നൂറുകോടിവീതം ജനപ്പെരുപ്പമുണ്ടാവാന്‍ വേണ്ടിവന്ന കാലയളവ് യു.എന്‍.ഒ.യുടെ പോപ്പുലേഷന്‍ പ്രോസ്പെക്ടില്‍നിന്ന് ഇങ്ങനെ ഗ്രഹിക്കാം: ജനസംഖ്യ നൂറുകോടിയില്‍നിന്ന് ഇരുന്നൂറ് കോടിയിലെത്താന്‍ ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ 300 കോടിയിലെത്താന്‍ മുപ്പത് വര്‍ഷമേ വേണ്ടിവന്നുള്ളൂ. മുന്നൂറില്‍നിന്ന് നാനൂറ് കോടിയിലേക്ക് പതിനഞ്ച് വര്‍ഷവും അഞ്ഞൂറ് കോടിയിലെത്താന്‍ പന്ത്രണ്ട് വര്‍ഷവുമെടുത്തു. തൊട്ടടുത്ത പന്ത്രണ്ട് വര്‍ഷക്കാലയളവിലാണ് ജനസംഖ്യയില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ച ഉണ്ടായത്. 600, 700 കോടിവരെ ജനസംഖ്യ വര്‍ദ്ധിച്ചു. ഇവിടെ ശ്രദ്ധേയമായ വസ്തുത, ജനസംഖ്യാ വര്‍ധനവിന്റെ മൂന്നിരട്ടി ആനുപാതികമായി ഭക്ഷ്യോല്‍പ്പാദനം നടന്നിട്ടുണ്ടെന്നതാണ്. 1950ല്‍ 252 കോടി ജനങ്ങളുണ്ടായിരുന്നപ്പോള്‍ ഭക്ഷ്യോല്‍പ്പാദന നിരക്ക് 62.4 കോടി ടണ്‍ മാത്രമായിരുന്നു. എന്നാല്‍ 1990ല്‍ ജനസംഖ്യ 520 കോടിയായി വര്‍ധിച്ചപ്പോള്‍ ഭക്ഷ്യോല്‍പ്പാദനം 180 കോടി ടണ്‍ ആയി വര്‍ധിച്ചു. ലോകത്ത് പട്ടിണിയും ക്ഷാമവും വര്‍ധിക്കുന്നതിനുള്ള കാരണം ജനപ്പെരുപ്പമല്ലെന്നും വികസിത മുതലാളിത്ത രാഷ്ട്രങ്ങളുടെ ചൂഷണാത്മക നിലപാടും മൂന്നാംലോക രാഷ്ട്രങ്ങളെ എക്കാലവും തങ്ങളുടെ വിപണിയും മൂലധന സംഭരണ ഉറവയുമായി കാണുന്ന രീതിശാസ്ത്രമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. വികസ്വര രാഷ്ട്രങ്ങളുടെ വിദേശ വ്യാപാരത്തില്‍, എഴുപത്തിയഞ്ച് ശതമാനത്തിന്റെയും ഗുണഭോക്താക്കള്‍ അമേരിക്കയും മറ്റ് യൂറോപ്യന്‍ മുതലാളിത്ത രാഷ്ട്രങ്ങളുമാണ്. പക്ഷെ, ഈ രാജ്യങ്ങളുടെ വിദേശ വാണിജ്യത്തിന്റെ ഇരുപത് ശതമാനം മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് മറ്റ് വികസ്വര രാഷ്ട്രങ്ങള്‍. രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമ്പത്തികാസമത്വങ്ങള്‍ ഭക്ഷ്യക്ഷാമവും ദാരിദ്രyവും വര്‍ധിക്കാനുള്ള പ്രധാന കാരണമാണെന്ന വസ്തുതയെ വികസിത രാഷ്ട്രങ്ങള്‍ മുഖവിലക്കെടുക്കാതെ അവഗണിക്കുകയാണ് പതിവ്.
ജനസാന്ദ്രതയേറിയ രാഷ്ട്രങ്ങളിലെ സാമ്പത്തിക വരുമാനം, എത്രയോ മടങ്ങ് ജനസാന്ദ്രത കുറഞ്ഞ രാഷ്ട്രങ്ങളുടേതിനേക്കാള്‍ പതിന്മടങ്ങാണ്. ഒരു ചതുരശ്ര കിലോമീറ്ററില്‍ 900 ജനസാന്ദ്രതയുള്ള ബംഗ്ലാദേശില്‍ പ്രതിശീര്‍ഷ ഭൂമിയുടെ ലഭ്യത കേവലം 27 സെന്റ് മാത്രമാണ്. ഒരു ചതുരശ്ര കിലോമീറ്ററിലെ ശരാശരി വരുമാനം 14,31,456ഉം. എന്നാല്‍ ജനസാന്ദ്രത മൂന്ന് മാത്രമുള്ള ആസ്ത്രേലിയയിലെ ഒരു ച.കി.മീറ്ററിലെ ശരാശരി വരുമാനം 64,031 മാത്രമാണ്. അത് ലഭ്യമാക്കുന്നതോ പ്രതിശീര്‍ഷ ഭൂമിയായ 82.5 ഏക്കറില്‍നിന്നും. പ്രതിശീര്‍ഷ ഭൂമിയായി 30.8 ഏക്കര്‍ ഭൂമിയുള്ള റഷ്യയുടെ ശരാശരി വരുമാനം 67,316. അതേസമയം പ്രതിശീര്‍ഷ ഭൂമിയായി 78 സെന്റ് മാത്രമുള്ള ഇന്ത്യയുടെ ശരാശരി വരുമാനം 83,746. ജനസാന്ദ്രത ഏറിയതും പ്രതിശീര്‍ഷ ഭൂമിയുടെ ലഭ്യത വളരെ കുറഞ്ഞതുമായ രാഷ്ട്രങ്ങളുടെ വരുമാനവും ജനസാന്ദ്രത കുറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് ഏക്കര്‍ കണക്കിനു ഭൂമിയില്‍നിന്നുള്ള വരുമാനവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ മനസ്സിലാവുന്ന ജനസാന്ദ്രതയിലും ജനസംഖ്യയിലുമുള്ള വര്‍ദ്ധന അനഗുണമായ സാമ്പത്തിക പുരോഗതിയാണ് ഉണ്ടാക്കുന്നതെന്നാണ്.
സമ്പത്തിന്റെ അമിതോപയോഗവും ലോകമനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലഹേതുതന്നെ. ആയുധ സംഭരണത്തിനാണ് ഭൂരിഭാഗം രാഷ്ട്രങ്ങളും സമ്പത്തിന്റെ വലിയൊരളവും ചെലവഴിക്കുന്നത്. 1900 മുതല്‍ (രണ്ട് ലോക മഹായുദ്ധങ്ങള്‍ കൂടാതെ) 800 ബില്യണ്‍ ഡോളറാണ് ലോകം ആയുധങ്ങള്‍ക്കായി ചെലവഴിച്ചത്. അടിസ്ഥാന പ്രശ്ന പരിഹാരങ്ങള്‍ക്ക് ഉപയോഗിക്കേണ്ട മൂന്നാംലോക രാഷ്ട്രങ്ങളുടെ സമ്പത്തിനെ ചൂഷണം ചെയ്താണ് ഇത്രയുമധികം ആയുധങ്ങള്‍ വില്‍ക്കപ്പെടുന്നത്. സാമ്രാജ്യത്വ ശക്തികള്‍ ചെറുകിട രാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധഭീതി സൃഷ്ടിക്കുകയും അതുവഴി ആയുധ വിപണനം സുതാര്യമാക്കുകയുമാണ് ചെയ്യുന്നത്. 1980ല്‍ വികസ്വര രാഷ്ട്രങ്ങളുടെ കടം 5254 കോടി ഡോളറായിരുന്നെങ്കില്‍ 1990ല്‍ അത് 1,25,980 കോടി ഡോളറായും 2000ത്തില്‍ 2,14,060 കോടി ഡോളറായും വര്‍ദ്ധനവ് ഉണ്ടായെന്നാണ് എെ.എം.എഫ്. തരുന്ന കണക്ക്. മൂന്നാംലോക രാഷ്ട്രങ്ങള്‍ തിരിച്ചടക്കേണ്ട തുകയുണ്ടായിരുന്നുവെങ്കില്‍ ആഫ്രിക്കയിലെ 2.1 കോടി കുട്ടികളെ മരണത്തില്‍നിന്ന് രക്ഷിക്കാനും ഒമ്പത് കോടി പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനും കഴിയുമായിരുന്നുവെന്ന് യു.എന്‍.ഒ.യുടെ ഹ്യൂമന്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എെസ്ക്രീം കഴിക്കാന്‍ യൂറോപ്പ് ഉപയോഗിക്കുന്നത് 11 ബില്യണും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കുവേണ്ടി അമേരിക്ക ചെലവിടുന്നത് 18 ബില്യണും വിനോദോപാധികള്‍ക്ക് മാത്രം ജപ്പാന്‍ ചെലവിടുന്നത് 35 ബില്യണുമാണ്. കേവലം 13 ബില്യണ്‍ ഉണ്ടെങ്കില്‍ ബഹുഭൂരിപക്ഷം ആളുകളുടെയും വയറിന്റെ വരള്‍ച്ച മാറ്റാനും അണ്ണാക്കിന്റെ ഊഷരത പരിഹരിക്കാനും കഴിയുമെന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം.
ജനസംഖ്യാ നിരക്കില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും വികസന ഗ്രാഫ് ഏറെ മുന്നിലാണ്. എന്നാല്‍ ജനസംഖ്യ വളരെ കുറഞ്ഞ ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണ് അവികസിതമായി തുടരുന്നതും പട്ടിണി മരണവും ക്ഷാമവും കടുത്ത രീതിയില്‍ അനുഭവിക്കുന്നതും. ജനസാന്ദ്രത, രോഗ വ്യാപനത്തിന് കാരണമാവുമെന്നും ആയുര്‍ദൈര്‍ഘ്യം കുറക്കുമെന്നുമുള്ള വാദങ്ങള്‍ ബാലിശമാണ്. 1901 മുതല്‍ 2004 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. വര്‍ഷം, ജനസാന്ദ്രത, ആയുര്‍ദൈര്‍ഘ്യം 190177 24, 193190 27, 1951117 32, 1971171 55, 1991274 59, 2004324 62 എന്നിങ്ങനെയാണ്. ജനസംഖ്യയുടെയും ജനസാന്ദ്രതയുടെയും വര്‍ദ്ധനവിനനുസൃതമായി ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നുവെന്ന് സാരം.
1978ല്‍ "ജനസംഖ്യാ വിസ്ഫോടനം' തീര്‍ക്കുന്ന പ്രത്യാഘാതങ്ങളെ വിലയിരുത്തി മൗഢ്യവാദങ്ങള്‍ സമര്‍പ്പിച്ച മാല്‍ത്തൂസിനും എര്‍ലിച്ചിനും ഓശാനപാടുന്നവര്‍ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുകയും ലോകത്തെതന്നെ ഇരുട്ടിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.(അവ. ചന്ദ്രിക).