ഹജ്ജ് : 170 തീര്‍ഥാടകര്‍ യാത്രയായി

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ചൊവ്വാഴ്ച 170 തീര്‍ഥാടകര്‍ യാത്രയായി. സൗദി എയര്‍ലൈന്‍സിന്റെ ഒരുമണിയുടെ പതിവ് വിമാനത്തിലാണ് സംഘം യാത്രയായത്.
വെയിറ്റിങ്‌ലിസ്റ്റില്‍ നിന്നും അവസരം ലഭിച്ചവര്‍, കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗങ്ങളുടെ ക്വാട്ടയില്‍ അവസരം ലഭിച്ചവര്‍ തുടങ്ങിയവരാണ് ചൊവ്വാഴ്ച പുറപ്പെട്ടത്. സംഘത്തില്‍ 83 പുരുഷന്മാരും 87 സ്ത്രീകളും ഉള്‍പ്പെടും. കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ നടന്ന പ്രാര്‍ഥനയ്ക്ക് പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍, ഡോ. മുക്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഈ വര്‍ഷം ഇതുവരെയായി 8870 മുതിര്‍ന്നവരും അഞ്ച് കുട്ടികളും യാത്രയായി.
ചൊവ്വാഴ്ച പുറപ്പെട്ട 170ല്‍ 161 പേരുടെ പാസ്‌പോര്‍ട്ട് നേരത്തെ വിസ പതിപ്പിച്ച് ഹജ്ജ്കമ്മിറ്റി ഓഫീസിലെത്തിയിരുന്നു. എന്നാല്‍, വിമാനം സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. തുടര്‍ന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇടപെട്ടതോടെയാണ് യാത്ര സാധ്യമായത്.