തിരൂരങ്ങാടി : വേള്‍ഡ് ഇസ്‌ലാമിക് പീപ്‌ള്‍സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്‌ട്ര തസ്വവ്വുഫ് സമ്മേളനത്തിന്റെ ഏഷ്യന്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ ഇന്ന് ആദരിക്കും. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഹാദിയ വേങ്ങര ചാപ്‌റ്റര്‍ സംഘടിപ്പിക്കുന്ന എജുവേഷന്‍'2011 ഏകദിന ക്യാമ്പിലാണ് തങ്ങളെ ആദരിക്കുന്നത്. ഉച്ചക്ക് നടക്കുന്ന ലീഡേഴ്‌സ് മീറ്റില്‍ കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉപഹാരം നല്‍കി ആദരിക്കും. മുസ്‌ലിം ലീഗ് ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും.
രാവിലെ നടക്കുന്ന മഹല്ല് സംഗമം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, സി.ടി അബ്‌ദുല്‍ഖാദിര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മൂന്ന് മണിക്ക് കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ അവകാശികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എ, സ്വലാഹുദ്ദീന്‍ അയ്യൂബി, ഹമീദ് ചേന്ദമംഗല്ലൂര്‍, അഡ്വ. കെ.കെ സമദ്, സുബൈര്‍ ഹുദവി ചേകനൂര്‍, ശിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഡോ. എന്‍.എ.എം അബ്‌ദുല്‍ ഖാദിര്‍ മോഡറേഷന്‍ നടത്തും.